ടോക്കിയോ: യുദ്ധാനന്തര സാഹചര്യത്തിൽ ഇറാൻ ആണവായുധ വികസനത്തിലേക്ക് നീങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ അന്താരാഷ്ട്ര പരിശോധനാ സംവിധാനം അനിവാര്യമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതു മാത്രം മതിയാകില്ലെന്ന് ഗ്രോസി പറഞ്ഞു. 'ഉദ്ദേശ്യം മാത്രമല്ല, അത് ഉറപ്പാക്കുന്ന ശക്തമായ പരിശോധനാ സംവിധാനവും വേണം. കഴിയുന്നത്ര വേഗത്തിൽ അത് നടപ്പാക്കണം,' അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ഇടക്കാല ധാരണയുടെ അടിസ്ഥാനത്തിൽ ഐഎഇഎ പരിശോധനാ സംഘത്തിന് ഇറാനിലേക്ക് പ്രവേശനം ലഭിക്കുമെന്ന് ഗ്രോസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ മാത്രമാണ് ഇതുവരെ നടന്നതെന്നും സാങ്കേതിക വിഷയങ്ങളിൽ ഉടൻ കൂടുതൽ ചർച്ചകൾ ആരംഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങൾ അന്തിമ കരാർ നിലവിൽ വരുകയും ഉപരോധങ്ങൾ പിൻവലിക്കപ്പെടുകയും ചെയ്യുന്നതുവരെ പരിശോധനയ്ക്ക് തുറന്നുകൊടുക്കില്ലെന്ന നിലപാടാണ് ഇറാൻ നേരത്തെ സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇസ്രയേലുമായുണ്ടായ 12 ദിവസത്തെ യുദ്ധത്തെ തുടർന്ന് ഇറാൻ ഐഎഇഎയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഐഎഇഎയുടെ പരിശോധനകൾ നിർബന്ധമായും നടക്കേണ്ടതുണ്ടെന്ന് ഗ്രോസി ആവർത്തിച്ചു. ആദ്യം നിലവിലുള്ള ആണവ വസ്തുക്കളിൽ ഐഎഇഎ സ്ഥാപിച്ച സീലുകൾ സുരക്ഷിതമാണോ, ഏതെങ്കിലും വസ്തുക്കൾ മാറ്റിയിട്ടുണ്ടോ എന്നിവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് ശേഷം 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ എത്ര അളവ് ഇറാനിൽ ശേഷിക്കുന്നുവെന്നോ അത് എവിടെയാണെന്നോ ഇറാൻ ഇതുവരെ ഐഎഇഎയെ അറിയിച്ചിട്ടില്ല. യുദ്ധത്തിന് മുമ്പ് ഇറാനിൽ 440.9 കിലോഗ്രാം ഉയർന്ന തോതിൽ സമ്പുഷ്ടമാക്കിയ യുറേനിയം ഉണ്ടായിരുന്നുവെന്നാണ് ഐഎഇഎയുടെ കണക്ക്. ഇത് കൂടുതൽ സമ്പുഷ്ടമാക്കിയാൽ പത്ത് ആണവായുധങ്ങൾ നിർമിക്കാൻ മതിയാകുമെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
ഇറാന്റെ വാക്ക് മാത്രം പോര; ആണവ പരിശോധന ശക്തമാക്കണം: ഐഎഇഎ മേധാവി ഗ്രോസി
