വാഷിങ്ടൺ: ഇറാനെതിരായ വ്യോമാക്രമണം അമേരിക്ക പത്താം ദിവസവും തുടർന്നു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് (അമേരിക്കൻ സമയം) പ്രസിഡന്റ് നൽകിയ നിർദേശപ്രകാരമാണ് പുതിയ ഘട്ട ആക്രമണം ആരംഭിച്ചതെന്ന് സെന്റ്‌കോം എക്‌സിലൂടെ വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്കെതിരായ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതായി ആരോപിക്കുന്ന ഇറാന്റെ സൈനിക സംവിധാനങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും യു.എസ്. സൈന്യം അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് പുതിയ ആക്രമണം. ധാരണാപത്രം (എംഒയു) ഇറാൻ ലംഘിച്ചെന്നും ഹോർമുസ് കടലിടുക്കിലെ സമുദ്രസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയെന്നും അമേരിക്ക ആരോപിക്കുന്നു. അമേരിക്കൻ സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണങ്ങൾക്കും ഇറാനെയാണ് വാഷിങ്ടൺ കുറ്റപ്പെടുത്തുന്നത്.
എന്നാൽ സൈനിക നടപടികൾ തുടരുന്നതിനിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ആക്രമണങ്ങൾ തുടരുന്നതിനൊപ്പം വാഷിങ്ടണും ടെഹ്രാനും തമ്മിലുള്ള ചർച്ചകളും തുടരുകയാണ്.
'പ്രസിഡന്റ് നിർദേശിക്കുന്നതുവരെ ഈ ശക്തമായ ആക്രമണങ്ങൾ തുടരും. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളും മുന്നോട്ടുപോകുന്നുണ്ട്,' എന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്.
സൈനിക സമ്മർദം നിലനിർത്തുന്നതിനൊപ്പം ചർച്ചകൾക്കുള്ള വാതിൽ തുറന്നുവെക്കുന്ന അമേരിക്കയുടെ സമീപനമാണ് നിലവിലെ സാഹചര്യത്തിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ തുടരുന്ന ചർച്ചകളുടെ ഉള്ളടക്കമോ പുരോഗതിയോ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇറാനെതിരെ യുഎസിന്റെ ആക്രമണം പത്താം ദിവസവും; സൈനിക ശേഷി തകർക്കാനെന്ന് സെൻട്രൽ കമാൻഡ്
