ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനരാരംഭിക്കാൻ ഇറാനുമായി നടത്തുന്ന നേരിട്ടുള്ള നയതന്ത്ര ചർച്ചകൾ ഫലം കാണുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് പ്രത്യേകമായി സമഗ്രമായ ('ബ്ലാങ്കറ്റ്') സുരക്ഷാ ക്രമീകരണം ഉണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു.
ഫിനാൽഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. പ്രശ്‌നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തുന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 'സംവാദവും സഹകരണവും വഴി പരിഹാരം കണ്ടെത്തുന്നത് ഇന്ത്യയുടെ നിലപാടാണ്. ഇതുവരെ നടത്തിയ ചർച്ചകൾ ചില ഫലങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ സംഭാഷണം തുടരും,' എന്നാണ് ജയശങ്കർ പറഞ്ഞത്.
മാർച്ച് 12ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി മുംബൈ തുറമുഖത്ത് എത്തി. മാർച്ച് 15ന് രണ്ട് എൽപിജി ടാങ്കറുകളും ഈ തന്ത്രപ്രധാന കടലിടുക്ക് കടന്ന് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിയതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയിലേക്കുള്ള വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന ഗൾഫ് ഓഫ് ഒമാൻ മേഖലയിൽ കുറഞ്ഞത് മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ചതായും റിപ്പോർട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളുമായി കൂടിയാലോചന
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെക്കുറിച്ച് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായും ഇന്ത്യ ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തതായി ജയശങ്കർ അറിയിച്ചു.
അതുപോലെ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയേദ് അൽ നഹ്യാനുമായും മേഖലാ സാഹചര്യം സംബന്ധിച്ച് അഭിപ്രായങ്ങൾ കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ഇതിനുമുമ്പ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ച്ചിയുമായും ജയശങ്കർ സംസാരിച്ചു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ച സമയത്താണ് ഇരുവരും ആദ്യമായി സംസാരിച്ചത്. മാർച്ച് 5ന് വീണ്ടും നടത്തിയ സംഭാഷണത്തിലും നിലവിലെ സാഹചര്യം ചർച്ചയായി.
സാങ്കേതിക തകരാറിനെ തുടർന്ന് ഇറാന്റെ ഐറിസ് ലാവൻ എന്ന കപ്പലിന് കൊച്ചി തുറമുഖത്ത് നങ്കൂരമിടാൻ ഇന്ത്യ അനുവദിച്ചതിനെ ഇറാൻ നന്ദിയോടെ പരാമർശിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി പശ്ചിമേഷ്യയിലെ പല രാജ്യങ്ങളുടെയും നേതാക്കളുമായി സംസാരിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെഷ്‌സ്‌കിയൻ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: ഇറാനുമായി നേരിട്ടുള്ള ചർച്ച ഫലപ്രദം -എസ്. ജയശങ്കർ
