ഇന്ത്യന്‍ വംശജന്‍ ആര്‍വിദ് ലിന്‍ഡ്ബ്ലാഡ് എഫ്1ലേക്ക്

ഇന്ത്യന്‍ വംശജന്‍ ആര്‍വിദ് ലിന്‍ഡ്ബ്ലാഡ് എഫ്1ലേക്ക്


ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ആര്‍വിദ് ലിന്‍ഡ്ബ്ലാഡ് റെഡ് ബുള്‍ 2026 ലൈനപ്പില്‍ ഇടം നേടി. ബ്രിട്ടീഷ്- സ്വീഡിഷ്- ഇന്ത്യക്കാരനാണ് 18കാരനായ ആര്‍വിദിന്റെ അരങ്ങേറ്റമായിരിക്കും എഫ് 1.

തന്റെ പേര് 'അരവിന്ദ്' എന്ന ഇന്ത്യന്‍ പേരിനോട് സാമ്യമുള്ളത് സന്തോഷകരമായ യാദൃശ്ചികമെന്ന് ആര്‍വിദ് ലിന്‍ഡ്ബ്ലാഡ് പറഞ്ഞു. ഇന്ത്യന്‍ മാതാപിതാക്കളുടെ മകളാണ് ആര്‍വിദിന്റെ അമ്മ അനിത അഹുജ.

2021-ല്‍ കാര്‍ട്ടിംഗില്‍ നിന്ന് റെഡ് ബുള്‍ ജൂനിയര്‍ ടീം ഡ്രൈവറായി മാറിയ ആര്‍വിദ് 2022-ല്‍ ഇറ്റാലിയന്‍ ഫോര്‍മുല 4 ചാമ്പ്യന്‍ഷിപ്പിലും മത്സരിച്ചു.

2015-ല്‍ കാര്‍ട്ടിംഗില്‍ തന്റെ റേസിംഗ് യാത്ര ആരംഭിച്ച ആര്‍വിദ് ലിന്‍ഡ്ബ്ലാഡ് വേഗത്തിലാണ് ജൂനിയര്‍ വിഭാഗങ്ങളെ കീഴടക്കിയത്. ഡബ്ല്യു എസ് കെ സൂപ്പര്‍ മാസ്റ്റര്‍ സീരീസ് ഒ കെ ജെ കിരീടം നേടിയ അദ്ദേഹം മുതിര്‍ന്ന ഒ കെ വിഭാഗത്തില്‍ ഡബ്ല്യുഎസ്‌കെ യൂറോ സീരീസും ഡബ്ല്യു എസ് കെ ഫൈനല്‍ കപ്പും സ്വന്തമാക്കിയാണ് ് സിംഗിള്‍ സീറ്ററുകളിലേക്ക് കടന്നത്. 

ലിന്‍ഡ്ബ്ലാഡ് 2022-ലാണ് ഇറ്റാലിയന്‍ എഫ്4ലേക്ക് ഉയര്‍ന്നത്. 2023-ല്‍ അദ്ദേഹം ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും ആദ്യ യൂറോ 4 സീരീസില്‍ നാലാം സ്ഥാനവും നേടി. വര്‍ഷാവസാനം പ്രശസ്തമായ മക്കാവു എഫ്4 വേള്‍ഡ് കപ്പില്‍ മികച്ച വിജയം നേടി.

മികച്ച FIA ഫോര്‍മുല 3 സീസണ്‍ നാല് വിജയങ്ങളോടെ നാലാം സ്ഥാനം നേടിയ ശേഷം, ആര്‍വിദ് ലിന്‍ഡ്ബ്ലാഡ് 2025-ല്‍ കമ്പോസ് റേസിംഗ് ടീമിനൊപ്പം എഫ്‌ഐഎ ഫോര്‍മുല 2-ലേക്ക് ഉയര്‍ന്നു.

ഇപ്പോള്‍ എഫ് ഐ എ എഫ് 2 നിലയില്‍ കമ്പോസ് റേസിങ്ങിനൊപ്പം ആറാം സ്ഥാനത്തുള്ള ആര്‍വിദ് ലിന്‍ഡ്ബ്ലാഡ്, ലിയാം ലോസണിനൊപ്പം റേസിംഗ് ബുള്‍സില്‍ ചേരും. റെഡ് ബുളിന്റെ ഓസ്ട്രിയന്‍ എനര്‍ജി- ഡ്രിങ്ക് പിന്തുണയുള്ള ഈ എഫ്1 ടീമില്‍ അദ്ദേഹത്തിന് 41 എന്ന കാര്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ട്.