കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ വധിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ വധിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്


ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഗാസിയാബാദ് സ്വദേശിയായ കാർത്തിക വാസുദേവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റിച്ചാർഡ് എഡ്വിന് ടൊറന്റോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി പ്രസ്താവിച്ചത്.

പ്രതിക്ക് സ്‌കീസോഫ്രീനിയ എന്ന മാനസിക വൈകല്യമുണ്ടെന്ന വാദം കോടതി പരിഗണിച്ചെങ്കിലും, കുറ്റകൃത്യം നടത്തുമ്പോൾ ശരിയും തെറ്റും തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നുവെന്ന് കോടതി വിലയിരുത്തി. അതിനാൽ ഉത്തരവാദിത്തമില്ലെന്ന പ്രതിഭാഗ വാദം കോടതി തള്ളി.

ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം തെളിഞ്ഞതിനാലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2022 ഏപ്രിൽ 7നാണ് സെനെക്ക കോളേജിലെ വിദ്യാർത്ഥിയായിരുന്ന കാർത്തിക വാസുദേവ് കൊല്ലപ്പെട്ടത്. പഠനത്തിനായി കാനഡയിലെത്തി മാസങ്ങൾക്കുള്ളിലാണ് ഈ ദാരുണ സംഭവം നടന്നത്.

ടൊറന്റോയിലെ ഷെർബോൺ സ്റ്റേഷൻ സമീപം നടന്നുപോവുകയായിരുന്ന കാർത്തികയെ പ്രതി പുറകിൽ നിന്ന് വെടിവെക്കുകയായിരുന്നു. ഇതേ രീതിയിൽ മറ്റൊരാളെയും പ്രതി കൊലപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.