ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ ക്രൂസ് മിസൈൽ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
മൊംബാസ, അൽ ബഹിയ എന്നീ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒമാൻ പ്രാദേശിക സമുദ്രാതിർത്തിയിലെ കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലുകൾ ലക്ഷ്യമിട്ട് മിസൈലുകൾ പതിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഇതിൽ മൊംബാസ എന്ന കപ്പലിൽ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യൻ പൗരനാണ് ജീവൻ നഷ്ടമായത്.
പരിക്കേറ്റ എട്ട് പേരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും ബാക്കി രണ്ട് പേർ ഉക്രൈൻ സ്വദേശികളുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
