സൗദിയിൽ സൈനിക പ്രോജക്ടൈൽ പതിച്ചു; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

സൗദിയിൽ സൈനിക പ്രോജക്ടൈൽ പതിച്ചു; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു


റിയാദ്:  സൗദി അറേബ്യയിലെ അൽഖർജ് നഗരത്തിലെ താമസ സമുച്ചയത്തിൽ സൈനിക പ്രോജക്ടൈൽ പതിച്ചതിനെ തുടർന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റതായി സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.

അൽഖർജ് ഗവർണറേറ്റിലെ ഒരു മെയിന്റനൻസ ്-  ക്ലീനിംഗ് കമ്പനിയുടെ താമസസ്ഥലത്താണ് പ്രോജക്ടൈൽ പതിച്ചത്. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തന സംഘം ഉടൻ സ്ഥലത്തെത്തി.

മരിച്ചവരിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റൊരാൾ ബംഗ്ലാദേശ് സ്വദേശിയുമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് സ്വദേശികളാണ്. ഇവർക്കെല്ലാം ചികിത്സ നൽകുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

പ്രോജക്ടൈൽ പതിച്ചതിനെ തുടർന്ന് താമസകെട്ടിടങ്ങൾക്കും പരിസര അടിസ്ഥാനസൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരിച്ചവരുടെ പേരുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.

സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനവിക നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം. അടുത്തിടെ അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണങ്ങൾക്ക് പിന്നാലെ പ്രദേശത്ത് സൈനിക സംഘർഷം വർധിച്ചിരിക്കുകയാണ്.

ഇതിനിടെ, സൗദിയിലെ ഇന്ത്യൻ സമൂഹ പ്രതിനിധികളുമായി ഇന്ത്യയുടെ സൗദി അംബാസഡർ സുഹൈൽ അജാസ് ഖാൻ ഓൺലൈൻ ആശയവിനിമയം നടത്തി. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.