ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്


ഡാവോസ്: ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി സൂചന. ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിച്ച യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉഴ്‌സുല വോണ്‍ ഡെര്‍ ലെയന്‍ ആഗോള വ്യാപാരബന്ധങ്ങള്‍ പുനഃസമതുലിതമാക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് എത്തിയതായി വ്യക്തമാക്കി.

ഇരുവശങ്ങളും ഇതുവരെ പിന്തുടര്‍ന്നതില്‍ ഏറ്റവും വ്യാപകമായ വ്യാപാര കരാറുകളിലൊന്നായി ഇത് മാറാന്‍ സാധ്യതയുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു. രണ്ട് ബില്യണ്‍ ഉപഭോക്താക്കളടങ്ങുന്ന വിപണിയെ ബന്ധിപ്പിക്കുകയും ആഗോള സാമ്പത്തിക ഉത്പാദനത്തിന്റെ ഏകദേശം നാലിലൊന്ന് പ്രതിനിധീകരിക്കുകയും ചെയ്യുന്ന കരാറായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.

കരാര്‍ അന്തിമരൂപത്തിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയും ഏറ്റവും സ്വാധീനമുള്ള വ്യാപാര കൂട്ടായ്മകളിലൊന്നായ യൂറോപ്യന്‍ യൂണിയനും തമ്മില്‍ ശക്തമായ ബന്ധം സ്ഥാപിക്കപ്പെടും. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള സപ്ലൈ ചെയിനുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ഇതിന്റെ പ്രതിഫലനം തീരുവ കുറവുകള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കും. നിക്ഷേപ പ്രവാഹങ്ങള്‍, നിര്‍മ്മാണ തന്ത്രങ്ങള്‍, സാങ്കേതിക സഹകരണം എന്നിവയിലും ഇത് സ്വാധീനം ചെലുത്തും.

ചൈനയെ ആശ്രയിക്കുന്നതില്‍ നിന്ന് ക്രമേണ മാറാനും വിശ്വസനീയ പങ്കാളികളുമായി സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും യൂറോപ്യന്‍ യൂണിയന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാര്‍ ബ്രസ്സല്‍സ് കാണുന്നത്. മറുവശത്ത്, ഇതിനകം തന്നെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ 27 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്കുള്ള കൂടുതല്‍ പ്രവേശനം, ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാനും ആഗോള നിര്‍മ്മാണ ശൃംഖലയില്‍ ഉയര്‍ന്ന നിലയിലെത്താനുള്ള ശ്രമങ്ങള്‍ക്കുമുള്ള പിന്തുണയാകുമെന്നും ന്യൂഡല്‍ഹി വിലയിരുത്തുന്നു.

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ 2007ലാണ് ആരംഭിച്ചതെങ്കിലും പിന്നീട് മന്ദഗതിയിലായി. 2022ല്‍ ചര്‍ച്ചകള്‍ പുന:രാരംഭിച്ചതിനു ശേഷം ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലുമായി ചേര്‍ന്നാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഡിജിറ്റല്‍ ചട്ടങ്ങള്‍, സപ്ലൈ ചെയിനുകള്‍, സാങ്കേതികവിദ്യകള്‍ തുടങ്ങിയ സങ്കീര്‍ണ വിഷയങ്ങളില്‍ വ്യക്തത കൈവരിക്കാന്‍ ഇത് സഹായിച്ചതായി അധികൃതര്‍ പറയുന്നു.

ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വേഗത നല്‍കി. സപ്ലൈ ഉറവിടങ്ങള്‍ വൈവിധ്യമാക്കാനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വേഗത്തിലാക്കുമ്പോള്‍ ആഗോള ഉത്പാദന ശൃംഖലകളിലെ പ്രധാന ബദല്‍ കേന്ദ്രമായി ഇന്ത്യ സ്വയം ഉയര്‍ത്തിക്കാട്ടുകയാണ്. 2023ല്‍ ചരക്ക് വ്യാപാരം 124 ബില്യണ്‍ യൂറോയിലേക്കെത്തിയപ്പോള്‍ ഐ ടി, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ മുന്‍നിരയിലുള്ള സേവനവ്യാപാരം ഏകദേശം 60 ബില്യണ്‍ യൂറോയെന്ന നിലയിലാണ്. സമഗ്രമായ ഒരു കരാര്‍ നിലവില്‍ വന്നാല്‍ ശുദ്ധ ഊര്‍ജം, ഫാര്‍മസ്യൂട്ടിക്കല്‍സ്, അഡ്വാന്‍സ്ഡ് നിര്‍മ്മാണം, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഈ കണക്കുകള്‍ ഗണ്യമായി ഉയരുമെന്നാണ് ഇരുവശവും പ്രതീക്ഷിക്കുന്നത്.

എങ്കിലും ചില നിര്‍ണായക വിഷയങ്ങള്‍ ഇപ്പോഴും തീര്‍പ്പാക്കാനുണ്ട്. കാറുകള്‍, വൈന്‍, മദ്യവര്‍ഗങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളിലെ തീരുവ കുറയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നു. എന്നാല്‍ ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് ഈ മേഖലകള്‍ ഇന്ത്യ ഇതുവരെ ശക്തമായി കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതേസമയം, വിദഗ്ധ തൊഴിലാളികള്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവയ്ക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ വ്യത്യസ്ത കുടിയേറ്റ ചട്ടങ്ങള്‍ ഇതിനെ സങ്കീര്‍ണമാക്കുന്നുണ്ട്. സുസ്ഥിരത മാനദണ്ഡങ്ങള്‍, പൊതു വാങ്ങല്‍ വിപണികളിലേക്കുള്ള പ്രവേശനം, ചട്ടങ്ങളിലെ ഏകീകരണം എന്നിവയും ആഭ്യന്തര രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളായി തുടരുന്നു. ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് ഉഴ്‌സുല വോണ്‍ ഡെര്‍ ലെയന്‍ വ്യക്തമാക്കി. 

ഉഴ്‌സുല വോണ്‍ ഡെര്‍ ലെയന്റെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായക വഴിത്തിരിവായിരിക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തല്‍. രാഷ്ട്രീയ തലത്തില്‍ നിലനില്‍ക്കുന്ന തടസ്സങ്ങള്‍ മറികടക്കാനും ചര്‍ച്ചകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ നേതൃസമ്മേളനത്തിന് മുന്നോടിയായാണ് സന്ദര്‍ശനം.

കരാര്‍ യാഥാര്‍ഥ്യമായാല്‍ സമീപകാലത്ത് യൂറോപ്യന്‍ യൂണിയന്‍ ഒപ്പുവെക്കുന്ന ഏറ്റവും പ്രാധാന്യമേറിയ വ്യാപാര കരാറുകളിലൊന്നായി ഇത് മാറുകയും ഇന്ത്യയുടെ ആഗോള സപ്ലൈ ചെയിനുകളിലേക്കുള്ള നിര്‍ണായക ചുവടുവെയ്പ്പാകുകയും ചെയ്യും. വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനു പുറമെ, സാങ്കേതികവിദ്യയും മാനദണ്ഡങ്ങളും സംബന്ധിച്ച സഹകരണം വികസിപ്പിക്കുമെന്നും ആഗോള വ്യാപാര സംവിധാനം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ തന്ത്രപരമായ ഐക്യം പ്രകടമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.