ബെംഗളൂരു: 2026-ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയില്‍ (എന്‍വയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ്- ഇ പി ഐ) ഇന്ത്യ 176-ാം സ്ഥാനത്ത്. പട്ടികയില്‍ 177 രാജ്യങ്ങളാണ് ഉള്‍പ്പെടുന്നത്. ലാവോസാണ് ഇന്ത്യക്ക് പിന്നിലുള്ള ഒരേയൊരു രാജ്യം. ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളില്‍ ഏറ്റവും താഴ്ന്ന സ്ഥാനവും ഇന്ത്യയാണ് സ്വന്തമാക്കിയത്.
പരിസ്ഥിതി ആരോഗ്യം, ആവാസവ്യവസ്ഥയുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന നിയന്ത്രണം എന്നീ മൂന്ന് പ്രധാന മേഖലകളിലെ 47 സൂചകങ്ങള്‍ വിലയിരുത്തിയാണ് യേല്‍ സര്‍വകലാശാലയും കൊളംബിയ സര്‍വകലാശാലയും ഉള്‍പ്പെടെയുള്ള ഗവേഷകരുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇ പി ഐ തയ്യാറാക്കുന്നത്.
2026-ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ആകെ സ്‌കോര്‍ 100ല്‍ 22.46 ആണ്. 74.79 പോയിന്റുമായി എസ്റ്റോണിയ തുടര്‍ച്ചയായ രണ്ടാം തവണയും പട്ടികയില്‍ ഒന്നാമതെത്തി. ലക്‌സംബര്‍ഗ്, യുണൈറ്റഡ് കിംഗ്ഡം, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങള്‍. 21.78 പോയിന്റുമായി ലാവോസാണ് പട്ടികയില്‍ ഏറ്റവും അവസാനത്തുള്ളത്.
പരിസ്ഥിതി ആരോഗ്യ മേഖലയില്‍ ഇന്ത്യ 174-ാം സ്ഥാനത്തും ആവാസവ്യവസ്ഥയുടെ സംരക്ഷണത്തില്‍ 171-ാം സ്ഥാനത്തും കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തില്‍ 130-ാം സ്ഥാനത്തുമാണ്.
വേഗത്തില്‍ ഉയരുന്ന വായു മലിനീകരണം, കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉത്പാദനത്തെ ആശ്രയിക്കുന്നത്, ജൈവവൈവിധ്യ സംരക്ഷണത്തിലെ പോരായ്മകള്‍ എന്നിവയാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സൂക്ഷ്മ പൊടിക്കണങ്ങള്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച സൂചകങ്ങളിലും ഇന്ത്യയ്ക്ക് പ്രതികൂലമായ വിലയിരുത്തലാണ് ലഭിച്ചത്. സമുദ്ര സംരക്ഷിത മേഖലകളുടെ കാര്യക്ഷമതയും വളരെ താഴ്ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യയ്ക്ക് 7.47 പോയിന്റിന്റെ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ചില വായു മലിനീകരണ വാതകങ്ങളുടെ വര്‍ധനവേഗം കുറഞ്ഞതും ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം മുന്‍കാലങ്ങളെ അപേക്ഷിച്ച് താരതമ്യേന മന്ദഗതിയിലായതുമാണ് ഈ പുരോഗതിക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടിന്റെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
2024-ലെ ഇ പി ഐയിലും ഇന്ത്യ 180 രാജ്യങ്ങളില്‍ 176-ാം സ്ഥാനത്തായിരുന്നു. 2022-ല്‍ ഇന്ത്യ അവസാന സ്ഥാനമായ 180-ലെത്തിയതിനെ തുടര്‍ന്ന്, സൂചിക 'ശാസ്ത്രീയമല്ലാത്ത രീതികളെയും അനുമാനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്' എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രതികരിച്ചിരുന്നു. രാജ്യങ്ങളുടെ നിലവിലെ പരിസ്ഥിതി അവസ്ഥയാണ് ഇ പി ഐ വിലയിരുത്തുന്നതെന്നും ചരിത്രപരമായ കാര്‍ബണ്‍ ഉദ്വമനമോ നയപരമായ പ്രഖ്യാപനങ്ങളോ അടിസ്ഥാനമാക്കുന്നില്ലെന്നും സൂചികയുടെ ഗവേഷകര്‍ അന്ന് വിശദീകരിച്ചിരുന്നു.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, ശ്രീലങ്ക, ചൈന, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവയെല്ലാം മികച്ച സ്ഥാനങ്ങളാണ് നേടിയത്.
