ഷാങ്ഹായ് സഹകരണ സംഘടനയുടെ അതിര്‍ത്തി സുരക്ഷാ മേധാവിമാരുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു

ഷാങ്ഹായ് സഹകരണ സംഘടനയുടെ അതിര്‍ത്തി സുരക്ഷാ മേധാവിമാരുടെ യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു


ഇസ്ലാമാബാദ്: പാകിസ്ഥാന്റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) അതിര്‍ത്തി സുരക്ഷാ മേധാവിമാരുടെ 12-ാമത് യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു.

ഇന്ത്യയ്‌ക്കൊപ്പം ബെലാറസ്, ഇറാന്‍, കസാക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നീ അംഗരാജ്യങ്ങളുടെയും എസ്സിഒയുടെ റീജണല്‍ ആന്റി ടെററിസ്റ്റ് സ്ട്രക്ചര്‍ (റാറ്റ്‌സ്) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അംഗരാജ്യങ്ങളുടെ അന്താരാഷ്ട്ര അതിര്‍ത്തികളിലെ നിലവിലെ സുരക്ഷാ സാഹചര്യം, അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ പ്രവണതകള്‍, ഭാവി വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച് പ്രതിനിധികള്‍ വിവരങ്ങളും വിലയിരുത്തലുകളും കൈമാറി.

യോഗത്തില്‍ എസ്സിഒ അംഗരാജ്യങ്ങളുടെ അതിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ 'സോളിഡാരിറ്റി-2025' അതിര്‍ത്തി സുരക്ഷാ ഓപ്പറേഷന്റെ ഫലങ്ങള്‍ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തു.

കൂടാതെ, അടുത്ത വര്‍ഷം നടത്താനിരിക്കുന്ന 'സോളിഡാരിറ്റി-2026' സംയുക്ത അതിര്‍ത്തി സുരക്ഷാ ഓപ്പറേഷന്റെ തയ്യാറെടുപ്പുകളും നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പദ്ധതിക്കും യോഗം അംഗീകാരം നല്‍കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം സംഘര്‍ഷാവസ്ഥയിലാണെങ്കിലും ഷാങ്ഹായ് സഹകരണ സംഘടനയുടെ കീഴില്‍ നടക്കുന്ന ഔദ്യോഗിക യോഗങ്ങളില്‍ ഇന്ത്യ തുടര്‍ച്ചയായി പങ്കെടുക്കുന്നുണ്ട്.

2024-ല്‍ പാകിസ്ഥാനില്‍ നടന്ന എസ്സിഒ സര്‍ക്കാരുതല മേധാവിമാരുടെ യോഗത്തിലും ഇന്ത്യ പങ്കെടുത്തിരുന്നു. അന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.