ന്യൂഡല്‍ഹി: ഗാസയില്‍ സമാധാനവും പുനര്‍നിര്‍മാണവും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്'ലേക്ക് ഇന്ത്യയെയും ക്ഷണിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രൂപീകരിച്ച ഈ ബോര്‍ഡ്, ഗാസയിലെ ഭരണസംവിധാനം ശക്തിപ്പെടുത്തല്‍, പുനര്‍നിര്‍മാണം, നിക്ഷേപങ്ങള്‍, മൂലധന സമാഹരണം എന്നിവക്ക് മേല്‍നോട്ടം വഹിക്കുമെന്നാണ് സൂചന.
ട്രംപ് ഇന്ത്യയെ ബോര്‍ഡില്‍ അംഗമാകാന്‍ ക്ഷണിച്ചതായി പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിനും ബോര്‍ഡില്‍ അംഗമാകാന്‍ ട്രംപ് ക്ഷണം നല്‍കിയതായി പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ടര്‍ക്കി പ്രസിഡന്റ് റെജപ്പ് തയ്യിപ് എര്ദോഗന്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസി, യൂറോപ്യന്‍ കമ്മീഷന് അധ്യക്ഷ ഉഴ്സുല വോണ്‍ ഡെര്‍ ലെയന്, ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുടെ നേതാക്കളും ബോര്‍ഡിലേക്കുള്ള ക്ഷണപ്പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെയ്, പാരഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന എന്നിവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ട്രംപിന്റെ കത്തുകളിലൂടെയാണ് ബോര്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉറപ്പാക്കുകയും ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ പുതിയ സമീപനം സ്വീകരിക്കുകയുമാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്ന് കത്തില്‍ പറയുന്നു.
റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ബോര്‍ഡിലെ അംഗത്വം മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ 1 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കണമെന്ന് ആവശ്യപ്പെടുന്ന കരട് ചാര്‍ട്ടറും ചില രാജ്യങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് പ്രകാരം, സംഘര്‍ഷബാധിത മേഖലകളില്‍ സ്ഥിരതയും നിയമപരമായ ഭരണവും ദീര്‍ഘകാല സമാധാനവും ഉറപ്പാക്കുകയാണ് ബോര്‍ഡിന്റെ ദൗത്യം.
അതേസമയം, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മരുമകന് ജാരെഡ് കുഷ്നര്‍, യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, മിഡില്‍ ഈസ്റ്റ് പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ്, വേള്‍ഡ് ബാങ്ക് പ്രസിഡന്റ് അജയ് ബംഗ തുടങ്ങിയവര്‍ ബോര്‍ഡിന്റെ സ്ഥാപക എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസയുടെ ഭരണത്തിനായി രൂപീകരിക്കുന്ന 'നാഷണല്‍ കമ്മിറ്റി ഫോര്‍ ദ അഡ്മിനിസ്ട്രേഷന് ഓഫ് ഗാസ' എന്ന സമിതിയുടെ മേല്‍നോട്ടവും ഈ എക്സിക്യൂട്ടീവ് ബോര്‍ഡിനായിരിക്കും.
ഗാസ 'ബോര്‍ഡ് ഓഫ് പീസ്'ലേക്ക് ഇന്ത്യക്കും ക്ഷണം; പാക്കിസ്ഥാനും പട്ടികയില്‍
