യു എസിന്റെ വെനിസ്വേല ആക്രമണത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

യു എസിന്റെ വെനിസ്വേല ആക്രമണത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ


ന്യൂഡല്‍ഹി: വെനിസ്വേലയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിലും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ നടപടിയിലും ആശങ്ക അറിയിച്ച് ഇന്ത്യ. പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടിടുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.

വെനിസ്വേലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പിന്തുണ നല്‍കുന്നുവെന്നും കാരക്കാസിലെ ഇന്ത്യന്‍ എംബസി വെനിസ്വേലയിലുള്ള ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ ചെയ്യുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വെനിസ്വേലയുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്‌ഫോടനങ്ങളാണ് കാരക്കാസില്‍ അടക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

നിക്കോളാസ് മഡൂറോയെ വീഴ്ത്താന്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാരക്കാസിലും മിറാന്‍ഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമേരിക്കന്‍ ആക്രമണം നടന്നതായാണ് വെനിസ്വേലയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനിസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.