ന്യൂഡൽഹി/ ബ്രസ്സൽസ്: ഇന്ത്യയും യൂറോപ്യൻ യൂണിയനും ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്വതന്ത്ര വ്യാപാര കരാർ യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് അനുകൂലമല്ലെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ട്രംപ് പലതവണ വിമർശിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്ത യൂറോപ്യൻ യൂണിയനെയും, കർശനമായ തീരുവകളിലൂടെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ച ഇന്ത്യയെയും ഒരുമിപ്പിക്കുന്നതാണ് ഈ കരാർ.
യൂറോപ്പിനെ പരിഹസിക്കുകയും പ്രതിരോധ ചെലവ് മുതൽ ഗ്രീൻലാൻഡ് സംബന്ധിച്ച വിവാദ ആഗ്രഹങ്ങൾ വരെ വിവിധ വിഷയങ്ങളിൽ യൂറോപ്യൻ യൂണിയനുമായി ഏറ്റുമുട്ടുകയും ചെയ്ത ട്രംപ്, ഇന്ത്യയുമായും കടുത്ത വ്യാപാര സംഘർഷത്തിലാണ്. ഈ സാഹചര്യത്തിൽ, യു എസുമായുള്ള സ്വന്തം വ്യാപാര കരാറിലെ ചർച്ചകൾ യൂറോപ്യൻ യൂണിയൻ താൽക്കാലികമായി നിർത്തിവെച്ചതും ട്രംപിന്റെ അസ്വസ്ഥത വർധിപ്പിക്കുന്നു. ട്രംപിന്റെ തീരുവ ഭീഷണികളുടെ ലക്ഷ്യങ്ങളായ യൂറോപ്പും ഇന്ത്യയും പരസ്പരം ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പ്രതീകാത്മകത വ്യക്തമാണ്.
വാഷിങ്ടണിലെ അസ്വസ്ഥതയുടെ സൂചന തിങ്കളാഴ്ച തന്നെ പുറത്തുവന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യ വഴിയുള്ള ഊർജ്ജ ഇറക്കുമതിയിലൂടെ യൂറോപ്പ് പരോക്ഷമായി ധനസഹായം നൽകുകയാണെന്ന് യു എസ് ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസന്റ് ആരോപിച്ചത്. എ ബി സി ന്യൂസിനോട് സംസാരിക്കവെ റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യയ്‌ക്കെതിരെ യു എസ് 25 ശതമാനം തീരുവ ചുമത്തിയതിനു ദിവസങ്ങൾക്കകം യൂറോപ്പ് ഇന്ത്യയുമായി വ്യാപാര കരാർ അന്തിമമാക്കിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ട്രംപിന്റെ സ്വന്തം വ്യാപാര നയങ്ങളാണ് ഈ കരാർ വേഗത്തിലാക്കാൻ കാരണമായതെന്ന് ബെസന്റ് അംഗീകരിച്ചില്ല. ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകൾ ഏകദേശം രണ്ട് ദശാബ്ദമായി നീണ്ടുനിൽക്കുകയായിരുന്നു. യു എസ് തീരുവകൾ, കയറ്റുമതി നിയന്ത്രണങ്ങൾ, നയതന്ത്ര സംഘർഷങ്ങൾ എന്നിവ സൃഷ്ടിച്ച അനിശ്ചിതത്വമാണ് ഇരു പക്ഷങ്ങളെയും കരാർ പൂർത്തിയാക്കാൻ പ്രേരിപ്പിച്ചത്. കരാർ പ്രഖ്യാപിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗോള ക്രമം അസ്ഥിരമാണെന്നും ഇന്ത്യ- യൂറോപ്യൻ യൂണിയൻ കരാർ സ്ഥിരത കൊണ്ടുവരാൻ സഹായിക്കുമെന്നും പരാമർശിച്ചു. ട്രംപിന്റെ പേര് അദ്ദേഹം പറഞ്ഞില്ല.
നിലവിൽ ഇന്ത്യയ്‌ക്കെതിരെ യു എസ് മൊത്തം 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. പരസ്പര നടപടികളുടെ ഭാഗമായി 25 ശതമാനവും റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മറ്റൊരു 25 ശതമാനവും. കഴിഞ്ഞ ഒരു വർഷമായി ട്രംപും അദ്ദേഹത്തിന്റെ അനുയായികളും ഇന്ത്യയെ മോസ്കോയുടെ വഴികാട്ടിയായി ചിത്രീകരിക്കുകയും യുക്രെയ്ൻ യുദ്ധത്തെ ‘മോഡിയുടെ യുദ്ധം’ എന്നുവരെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയെ അമേരിക്കയ്ക്ക് അനുകൂലമായ ഒരു വ്യാപാര കരാറിലേക്ക് നിർബന്ധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
എന്നാൽ, ന്യൂഡൽഹി തിരിച്ചടിക്കുപകരം സംയമനം തെരഞ്ഞെടുത്തു. യു എസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങാതിരുന്ന ഇന്ത്യ, ട്രംപിനെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. യൂറോപ്പിന്റെയും അനുഭവം സമാനമാണ്. അധിക തീരുവ ഭീഷണികളും ഗ്രീൻലാൻഡ് വിഷയത്തിലെ കോപവും ട്രാൻസ്‌അറ്റ്ലാന്റിക് ബന്ധങ്ങളെ വഷളാക്കിയതിനെ തുടർന്ന്, ബ്രസ്സൽസ് വാഷിങ്ടണുമായുള്ള വ്യാപാര ചർച്ചകൾ മാറ്റിവെച്ചു. പടിഞ്ഞാറൻ ഏഷ്യയിലെ ട്രംപ് പിന്തുണച്ച നയതന്ത്ര ശ്രമങ്ങളിൽ പങ്കെടുക്കാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തയ്യാറായില്ല.
ഇന്ത്യയ്ക്കായി, ഈ കരാർ വ്യക്തമായ സന്ദേശമാണ് നൽകുന്നത്: സമ്മർദ്ദത്തിലൂടെ ഇന്ത്യ ചർച്ച ചെയ്യില്ല. സമീപകാലത്ത് യു കെ, ന്യൂസിലാൻഡ്, ഒമാൻ എന്നിവരുമായി വ്യാപാര കരാറുകൾ ഒപ്പുവെച്ച ഇന്ത്യ, പങ്കാളിത്തങ്ങൾ വൈവിധ്യമാക്കാനുള്ള നിലപാട് ശക്തിപ്പെടുത്തുകയാണ്. കീഴടങ്ങലിനേക്കാൾ ശക്തമായ നിലപാടുകളെയാണ് ട്രംപ് മാനിക്കുന്നതെന്ന തിരിച്ചറിവാണ് ഇന്ത്യയുടെ ചർച്ചാ തന്ത്രത്തിന് പിന്നിൽ. 100 ശതമാനം തീരുവ ഭീഷണിക്ക് പിന്നാലെ കാനഡ- ചൈന വ്യാപാര ചർച്ചകൾ നിർത്തിവെച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയും പാത വിട്ടുമാറിയില്ല.
യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ദീർഘകാല ആശങ്കകൾ കണക്കിലെടുത്ത് കൃഷിയും ക്ഷീരോൽപ്പന്നങ്ങളും കരാറിൽ നിന്ന് ഒഴിവാക്കി, ഇന്ത്യൻ കർഷകരെ സംരക്ഷിച്ചു. ഇത് രാഷ്ട്രീയമായി അതീവ സൂക്ഷ്മമായ മേഖലകളിൽ അമേരിക്ക ആവശ്യപ്പെട്ട പ്രവേശനത്തിന് വിപരീതമാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ യൂറോപ്യൻ നേതാക്കൾക്ക് ആശങ്കയുണ്ടെങ്കിലും പരസ്യ പ്രതികരണങ്ങളോ ഉപരോധ ഭീഷണികളോ അവർ ഒഴിവാക്കി. അതാണ് ചർച്ചകൾ പാളാതെ മുന്നോട്ട് പോകാൻ സഹായിച്ചത്.
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, യൂറോപ്യൻ യൂണിയനു വേണ്ടി വൻ വിപണിയാണ്. ഇടയ്ക്കിടെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടും, ബ്രസ്സൽസിനെ പരസ്യമായി സമ്മർദ്ദത്തിലാക്കുകയോ അപമാനിക്കുകയോ ഇന്ത്യ ചെയ്തിട്ടില്ല. അതിന്റെ നേട്ടമാണ് ഇപ്പോഴത്തെ കരാർ. അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന കരാർ ഇരു പക്ഷങ്ങൾക്കും വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. യു എസ് തീരുവകളാൽ ബാധിക്കപ്പെട്ട വസ്ത്രം, രാസവസ്തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിൽ ആശ്രിത മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് യൂറോപ്യൻ വിപണികളിലേക്ക് തീരുവരഹിതമോ മുൻഗണനയോടെയോ പ്രവേശനം ലഭിക്കും.
ഇതിനകം തന്നെ യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ഈ സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ 90 ശതമാനത്തിലധികം വ്യാപാര വസ്തുക്കളിലെ തീരുവകൾ ഒഴിവാക്കും. ടെലികോം, അക്കൗണ്ടിംഗ് തുടങ്ങിയ സേവന മേഖലകളിലെ തടസ്സങ്ങളും കുറയും. യൂറോപ്യൻ കാറുകളുടെ ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം യൂറോപ്പിന് അധിക നേട്ടമാണ്. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയിൽ വോൾക്‌സ്‌വാഗൺ, മെഴ്‌സിഡസ്-ബെൻസ്, ബി എം ഡബ്ല്യു തുടങ്ങിയ കമ്പനികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കും.
