ന്യൂഡൽഹി: മധ്യപൂർവദേശത്തെ സംഘർഷം കുറയ്ക്കുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ അഭിപ്രായപ്പെട്ടു. ഇറാന്റെ ഇന്ത്യൻ അംബാസഡർ മൊഹമ്മദ് ഫതാലിയാണ് ഈ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യക്ക് അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങളുമായി ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സംഘർഷം കുറയ്ക്കാനും ചർച്ചകൾക്ക് വഴിയൊരുക്കാനും ഇന്ത്യക്ക് 'വിശ്വസനീയ പങ്കാളിയായി' പ്രവർത്തിക്കാനാകുമെന്ന് വിലയിരുത്തി.
അതേസമയം, സംഘർഷം താത്കാലികമായി നിർത്തി ചർച്ചകൾക്ക് ഇറാൻ മുന്നോട്ടുവരണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങളുടെ ഭാഗമായി വെടിനിർത്തലിന് 15 പോയിന്റ് പദ്ധതി വാഷിംഗ്ടൺ മുന്നോട്ടുവച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഈ നീക്കങ്ങളെ ഇറാൻ സൈന്യം തള്ളിക്കളഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തമുണ്ടാക്കിയ ആക്രമണം ഉൾപ്പെടെ ഇസ്രയേലിനും ഗൾഫ് മേഖലക്കും നേരെ ഇറാൻ ആക്രമണം ശക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
അതേസമയം, അമേരിക്കൻ നീക്കങ്ങളിൽ ഇറാൻ അവിശ്വാസം തുടരുകയാണ്. ചർച്ചകളൊന്നും നടക്കുന്നതില്ലെന്ന് ഇറാൻ സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്നതിനാൽ പ്രദേശത്ത് അനിശ്ചിതത്വം ശക്തമാകുകയാണ്.
മിഡിൽ ഈസ്റ്റ് സംഘർഷം കുറയ്ക്കാൻ ഇന്ത്യക്ക് കഴിയും: ഇറാൻ
