റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന് ഇന്ത്യയുടെ ഉറപ്പ്; യു എസിൽ 500 ബില്യൺ ഡോളർ നിക്ഷേപമെന്നും വൈറ്റ് ഹൗസ്

റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന് ഇന്ത്യയുടെ ഉറപ്പ്; യു എസിൽ 500 ബില്യൺ ഡോളർ നിക്ഷേപമെന്നും വൈറ്റ് ഹൗസ്


വാഷിംഗ്ടൺ: പുതിയ വ്യാപാര കരാർ വലിയ വിജയമായി വിശേഷിപ്പിച്ച വൈറ്റ് ഹൗസ് ഇന്ത്യ ഇനി റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന് ഉറപ്പുനൽകിയതായും പറഞ്ഞു. ഇന്ത്യൻ  പ്രധാനമന്ത്രി നരേന്ദ്ര മോഡി  അമേരിക്കയിലെ പ്രധാന മേഖലകളിൽ 500 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനും സമ്മതം അറിയിച്ചതായാണ് 
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ്  മാധ്യമങ്ങളോട്  വ്യക്തമാക്കിയത്.
അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങുമെന്നും  ആവശ്യമെങ്കിൽ വെനസ്വേലയിൽ നിന്നുമുള്ള ഇറക്കുമതിയും പരിഗണിക്കും. ഇതിലൂടെ അമേരിക്കക്കും അമേരിക്കൻ ജനതക്കും നേരിട്ടുള്ള നേട്ടമുണ്ടാകുമെന്നും ലിവിറ്റ്  പറഞ്ഞു.
കൂടാതെ ഗതാഗതം, ഊർജം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ അമേരിക്കയിൽ 500 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് മോഡി സമ്മതിച്ചിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ ഉണ്ടായ മറ്റൊരു വലിയ വ്യാപാരവിജയമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
വെനസ്വേലയുടെ എണ്ണ വ്യാപാരവും ഇപ്പോൾ ട്രംപ് ഭരണകൂടത്തിന്റെയും ദേശീയ സുരക്ഷാ സംഘത്തിന്റെയും നിയന്ത്രണത്തിലാണെന്നും ഇതും അമേരിക്കൻ ജനതയ്ക്ക് നേട്ടമാകുമെന്നും ലീവിറ്റ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതികൾക്ക് ഇനി പൂജ്യം ശതമാനം തീരുവ മാത്രമായിരിക്കുമെന്നും, ഇന്ത്യയ്‌ക്കെതിരായ അമേരിക്കൻ തീരുവ 18 ശതമാനമായി നിശ്ചയിച്ചതായും അവർ അറിയിച്ചു. ഇത് അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കും വലിയ വിജയമാണെന്നും ലീവിറ്റ് വിലയിരുത്തി.
മുന്‍പ് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വരെ തീരുവ ചുമത്തിയിരുന്നു; റഷ്യൻ എണ്ണ വാങ്ങലിനായി 25 ശതമാനം പ്രത്യേക തീരുവയും ഉൾപ്പെട്ടിരുന്നു.
യു എസ് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞത് സന്തോഷകരമായിരുന്നുവെന്ന് പ്രധാനമന്ത്രി മോഡിയും പ്രതികരിച്ചു.
മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾക്ക് 18 ശതമാനമായി തീരുവ കുറച്ചത് സന്തോഷകരമാണെന്നും 140 കോടി ഇന്ത്യക്കാരുടെ പേരിൽ പ്രസിഡന്റ് ട്രംപിന് ഹൃദയപൂർവം നന്ദിയെന്നും മോഡി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യങ്ങളായ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾ കൈകോർത്ത് പ്രവർത്തിക്കുമ്പോൾ ജനങ്ങൾക്ക് വലിയ നേട്ടങ്ങളുണ്ടാകുമെന്നും ആഗോള സമാധാനത്തിനും സമൃദ്ധിക്കും ട്രംപിന്റെ നേതൃപാടവ് നിർണായകമാണെന്നും മോഡി കൂട്ടിച്ചേർത്തു.