ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയും അപൂര്‍വ ഭൂഖനിജങ്ങള്, ഡിജിറ്റല്‍ പങ്കാളിത്തം, ഖനന സഹകരണം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ കരാറുകള്‍ ഒപ്പുവച്ചു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളുടെയും വ്യാപാരം 20 ബില്യണ്‍ ഡോളര്‍ കവിയാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങള്‍. ഇതോടെ ഇന്ത്യയും ബ്രസീലും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഇരുരാജ്യങ്ങളുടേയും വ്യാപാരം വെറും കണക്ക് മാത്രമല്ലെന്നും അത് പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും നരേന്ദ്ര മോഡി പറഞ്ഞു.
ലാറ്റിന്‍ അമേരിക്കയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീലെന്നും ഇന്ത്യവ്യാപാര കരാറിന്റെ വിപുലീകരണം സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റല്‍ സഹകരണം, നിര്‍ണായക ഖനിജങ്ങള്‍, ഖനന വിതരണ ശൃംഖലകള്‍ എന്നിവ ഉള്‍പ്പെടുത്തി ഇന്ത്യയും ബ്രസീലും മൂന്ന് കരാറുകളാണ് ഒപ്പുവെച്ചത്. ആഗോള വിതരണ ശൃംഖലകളെ ചുറ്റിപ്പറ്റിയ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക ഖനിജങ്ങളുമായി ബന്ധപ്പെട്ട കരാര്‍ വളരെ പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്ഥിരതയുള്ള വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനുള്ള വലിയ മുന്നേറ്റമാണ് ഈ കരാറെന്ന് മോഡി പറഞ്ഞു. ഉയര്‍ന്നുവരുന്ന സാങ്കേതിക മേഖലകളില്‍ സഹകരണം വികസിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ബ്രസീലില്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിനായുള്ള ഒരു സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൃത്രിമ ബുദ്ധി, സൂപ്പര്‍ കമ്പ്യൂട്ടറുകള്‍, സെമികണ്ടക്ടറുകള്‍, ബ്ലോക്ക്ചെയിന്‍ തുടങ്ങിയ മേഖലകളിലും സഹകരണം മുന്‍ഗണന നല്‍കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പുനരുപയോഗ ഊര്‍ജവും സുസ്ഥിര ഇന്ധനങ്ങളും ഉള്‍പ്പെടെ ഊര്‍ജ സഹകരണം ചര്‍ച്ചകളിലെ പ്രധാന കേന്ദ്രമായി മാറി. ഹൈഡ്രോകാര്‍ബണുകള്‍ക്ക് പുറമേ ഊര്‍ജം, എതനോള്‍ മിശ്രണം, സുസ്ഥിര വ്യോമയാന ഇന്ധനം തുടങ്ങിയ മേഖലകളിലും സഹകരണം വേഗത്തിലാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സ് പോലുള്ള ആഗോള കാലാവസ്ഥാ നീക്കങ്ങളില്‍ ബ്രസീലിന്റെ പങ്കാളിത്തത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രസിഡന്റ് ലുല ഈ കൂടിക്കാഴ്ചയെ ഗ്ലോബല്‍ സൗത്തിലെ രണ്ട് പ്രധാന ശക്തികളുടെ കൂട്ടായ്മയായി വിശേഷിപ്പിച്ചു. ഇന്ത്യയും ബ്രസീലും തമ്മിലുള്ള കൂടിക്കാഴ്ച അതുല്യമാണെന്നും ഗ്ലോബല്‍ സൗത്തിലെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാഷ്ട്രങ്ങള്‍ മാത്രമല്ല ഡിജിറ്റല്‍ സൂപ്പര്‍പവറും പുതുക്കിയ ഊര്‍ജ സൂപ്പര്‍പവറും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇതെന്നും ലുല പറഞ്ഞു.
ആഗോള ഭരണസംവിധാനങ്ങളിലും ബഹുപക്ഷ സഹകരണത്തിലും ഇരുരാജ്യങ്ങള്‍ക്കും സമാന നിലപാടുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസ്ഥിരമായ ആഗോള സാഹചര്യത്തില്‍ രാജ്യങ്ങള്‍ തന്ത്രപരമായ സംവാദം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഇന്ത്യയും ബ്രസീലും യു എന്‍, ലോക വ്യാപാര സംഘടന, ജി20 എന്നിവിടങ്ങളില്‍ നിര്‍ണായക ശബ്ദങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
