'ഇന്ത്യയും ബംഗ്ലാദേശും അനിവാര്യ പങ്കാളികൾ'; നിലപാട് മൃദുവാക്കി ജമാഅത്ത്, ഹിന്ദുക്കൾക്കെതിരായി അക്രമമുണ്ടെന്ന് തുറന്നു പറച്ചിലും

'ഇന്ത്യയും ബംഗ്ലാദേശും അനിവാര്യ പങ്കാളികൾ'; നിലപാട് മൃദുവാക്കി ജമാഅത്ത്, ഹിന്ദുക്കൾക്കെതിരായി അക്രമമുണ്ടെന്ന് തുറന്നു പറച്ചിലും


ധാക്ക: ഫെബ്രുവരി 12ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമാഅത്തെ ഇസ്‌ലാമി നിലപാട് മൃദുവാക്കുന്നതിന്റെ സൂചനകളുമായി രംഗത്തെത്തി.  ഹിന്ദു ന്യൂനപക്ഷങ്ങൾ ചരിത്രപരമായി പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് സമ്മതിച്ച ധാക്ക-14 മണ്ഡലത്തിലെ ജമാഅത്ത് സ്ഥാനാർഥി ബാരിസ്റ്റർ മിർ അഹമ്മദ് ബിൻ ഖാസിം അർമാൻ, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തെക്കുറിച്ചും സൗഹൃദ നിലപാട് വ്യക്തമാക്കി.

'ഇന്ത്യയും ബംഗ്ലാദേശും പരസ്പരം അനിവാര്യരാണ്. ഇരുരാജ്യങ്ങളും ചേർന്ന് മുന്നോട്ട് പോകണം,' എന്ന് അർമാൻ എൻഡിടിവിയോട് പറഞ്ഞു. പാകിസ്താൻ പക്ഷ വാദികളായി ചരിത്രപരമായി അറിയപ്പെട്ടിരുന്ന ജമാഅത്തിന്റെ വലിയ നിലപാട് മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഹിന്ദു വോട്ടർമാരുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, 'മാറ്റമാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ജാതി, മതം, ലിംഗഭേദമില്ലാതെ മാറ്റം ആഗ്രഹിക്കുന്നവർ ഞങ്ങളോടൊപ്പം നിൽക്കും. ഹിന്ദുക്കൾ പീഡനങ്ങൾ നേരിട്ടിട്ടുണ്ട്; അവരും മാറ്റം ആഗ്രഹിക്കുന്നു. അതിനാലാണ് അവരുടെ പിന്തുണ ഞങ്ങൾക്ക് ലഭിക്കുമെന്ന് വിശ്വസിക്കുന്നത്,' എന്നും അർമാൻ പറഞ്ഞു.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ അധികാരത്തിൽനിന്ന് നീക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. വർഷങ്ങളായുള്ള നിരോധനത്തിനു ശേഷം ജമാഅത്ത് ഇത്തവണ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സർവേകൾ പ്രകാരം ജമാഅത്തിന് 30-40 ശതമാനം വരെ വോട്ട് ലഭിക്കാമെന്നും 100ലേറെ സീറ്റുകൾ നേടാമെന്നും കണക്കാക്കുന്നു.

11 കക്ഷികളടങ്ങുന്ന സഖ്യത്തിലൂടെയാണ് ജമാഅത്ത് മത്സരിക്കുന്നത്. യുവജന വിഭാഗത്തിൽ, പ്രത്യേകിച്ച് 'ജെൻ ഇസഡ്' വോട്ടർമാരിൽ സഖ്യത്തിന് സ്വാധീനം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 'മാറ്റത്തിന്റെ രാഷ്ട്രീയം' മുന്നോട്ട് വെച്ചുള്ള പുനർബ്രാൻഡിംഗിന്റെ ഭാഗമായി ആദ്യമായി ഒരു ഹിന്ദു സ്ഥാനാർഥിയെ ജമാഅത്ത് നാമനിർദേശിച്ചിട്ടുണ്ട്. എന്നാൽ 300 സീറ്റുകളിലേക്കുള്ള മത്സരത്തിൽ ഒരു വനിതാ സ്ഥാനാർഥിയെയും നിർത്താത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

ഫെബ്രുവരി 12ലെ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)-ജമാഅത്ത് സഖ്യവും ബിഎൻപിയും തമ്മിലാണ് പ്രധാന മത്സരം. ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ നയിക്കുന്ന ബിഎൻപിയാണ് നിലവിൽ സർവേകളിൽ മുൻപന്തിയിൽ.