മസ്‌ക്കത്ത്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തിന്റെ തുടക്കഘട്ടത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഇറാനുമായി സുരക്ഷിത യാത്രക്കായുള്ള കരാറുകള്‍ ഉറപ്പാക്കുന്നതാണ് ഈ വര്‍ധനവിന് കാരണമായി പറയുന്നത്.
വാരാന്ത്യത്തില്‍ 21 കപ്പലുകള്‍ കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് കപ്പലുകള്‍, ചരക്കുകള്‍, തൊഴിലാളികള്‍ എന്നിവ സുരക്ഷിതമായി പുറത്തുകൊണ്ടുപോകാന്‍ വിവിധ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നതോടെ കടലിടുക്കില്‍ തെഹ്‌റാന്റെ നിയന്ത്രണം ശക്തമാകുന്നതായാണ് വിലയിരുത്തലുകള്‍. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം വളരെ കുറഞ്ഞിരുന്നു. സംഘര്‍ഷം വ്യാപകമായതോടെ കഴിഞ്ഞ രണ്ട് ദിവസമാണ് ഏറ്റവും കൂടുതല്‍ കപ്പലുകള്‍ കടന്നുപോയത്.
ഇറാനിയന്‍ കപ്പലുകളാണ് ഇപ്പോഴും കൂടുതല്‍ കടന്നു പോകുന്നത്. ഞായറാഴ്ച ഇറാഖിന്റെ ക്രൂഡ് ഓയില്‍ വഹിച്ച ഒരു ടാങ്കര്‍ കടലിടുക്ക് കടന്നുപോയിരുന്നു. സഹോദര രാഷ്ട്രമായ ഇറാഖിന് ഇളവ് നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇത് സാധ്യമായത്. ഇന്ത്യയും ചില കപ്പലുകളുടെ യാത്ര ഉറപ്പാക്കിയതോടൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി ഇറാനില്‍ നിന്നുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍ പി ജി) സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ എട്ട് എല്‍ പി ജി ടാങ്കറുകള്‍ ഇതിനകം കടന്നുപോയിട്ടുണ്ട്.
യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 135 കപ്പലുകള്‍ കടന്നുപോയിരുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ എണ്ണം കുറവാണെങ്കിലും കൂടുതല്‍ രാജ്യങ്ങള്‍ കടന്നുപോകാന്‍ അനുമതി നേടുന്നുണ്ട്. കഴിഞ്ഞ ആഴ്ച ചൈനയുമായി ബന്ധമുള്ള രണ്ട് കണ്ടെയ്നര്‍ കപ്പലുകള്‍ രണ്ടാം ശ്രമത്തില്‍ കടന്നുപോയിരുന്നു. ജപ്പാനുമായി ബന്ധമുള്ള രണ്ട് കപ്പലുകളും കടന്നുപോയിട്ടുണ്ട്.
യുദ്ധം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പേര്‍ഷ്യന്‍ ഗള്‍ഫിനെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. തങ്ങളുടെ യുദ്ധനഷ്ടങ്ങള്‍ നികത്താന്‍ ഹോര്‍മുസില്‍ ടോള്‍ ഈടാക്കുമെന്ന് നേരത്തെ ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഇറാന്‍ തങ്ങളുടെ പങ്കാളികളില്‍ നിന്നുള്ള അഭ്യര്‍ഥനകളോട് പ്രതികരിക്കുന്നതിനൊപ്പം ഹോര്‍മുസ് കടലിടുക്കിലെ സ്വാധീനം ശക്തമാക്കുകയാണെന്ന് സിംഗപ്പൂരിലെ കെപ്ലെര്‍ ലിമിറ്റഡിലെ സീനിയര്‍ ക്രൂഡ് ഓയില്‍ അനലിസ്റ്റ് മ്യൂയു ഷു പറഞ്ഞു. ഹോര്‍മുസിലൂടെയുള്ള യാത്ര ഇപ്പോഴും ഇറാന്റെ നിയന്ത്രണത്തിലാണെന്നും സംഘര്‍ഷം ശക്തമായാല്‍ സ്ഥിതി ഏത് സമയത്തും മാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗഹൃദ രാജ്യങ്ങളുമായി ഇറാന്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴും കരാറുകളുടെ നിബന്ധനകള്‍ വ്യക്തമായിട്ടില്ല. ഇറാഖുമായി നടത്തിയ കരാറുകള്‍ പൊതുവായി അംഗീകരിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങള്‍ വ്യക്തമല്ല. ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയുമായി ബന്ധമുള്ള കപ്പലുകളുടെ കാര്യത്തില്‍ കരാറുകള്‍ ആരാണ് ഉറപ്പാക്കിയതെന്നതും വ്യക്തമല്ല.
കഴിഞ്ഞ ആഴ്ച പാകിസ്താന് ഗള്‍ഫില്‍ നിന്ന് കപ്പലുകള്‍ പുറത്തെടുക്കാന്‍ 20 സ്ലോട്ടുകള്‍ ഓഫര്‍ ചെയ്തിരുന്നു. നിലവില്‍ ഹോര്‍മുസ് കടലിടുക്കിന് സമീപം കുടുങ്ങിയ കപ്പലുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇത്. വളം, എണ്ണ തുടങ്ങിയ വിതരണങ്ങള്‍ ഉറപ്പാക്കാന്‍ മറ്റ് ടാങ്കറുകള്‍ ഉപയോഗിക്കുന്നതും അവയ്ക്ക് പുതിയ രജിസ്‌ട്രേഷന്‍ നല്‍കുന്നതും ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ രാജ്യം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
ചൈന, തുര്‍ക്കി, ഗ്രീക്ക്, തായ് ബന്ധമുള്ള കപ്പലുകളും കടന്നുപോയിട്ടുണ്ട്.
ഇതുവരെ അനുമതി ലഭിച്ച കൂടുതല്‍ കപ്പലുകളും ഇറാന്‍ നിര്‍ദ്ദേശിച്ച പാതയിലൂടെ അതിന്റെ തീരത്തോട് ചേര്‍ന്നാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില കപ്പലുകള്‍ മറുവശത്തെ തീരരേഖയിലൂടെ പോകാന്‍ തുടങ്ങിയിട്ടുണ്ട്. ഈ കടലിടുക്കിന്റെ ജലപരിധി പങ്കിടുന്ന ഒമാന്‍ ഗതാഗതം സുഗമമാക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തിയതായി ഞായറാഴ്ച സ്ഥിരീകരിച്ചു.
