വാഷിംഗ്ടണ്‍: സിറിയയില്‍ യുഎസ് സൈന്യം നടത്തിയ മൂന്നാം പ്രതികാരാക്രമണത്തില്‍ അല്‍ഖായിദയുമായി ബന്ധമുള്ള ഒരു നേതാവിനെ വധിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കഴിഞ്ഞ മാസം ഐഎസ് തോക്കുധാരിയുടെ ആക്രമണത്തില്‍ മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട സംഭവവുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ ബിലാല്‍ ഹസന് അല്‍ജാസിം എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സെന്‍കോം ഇക്കാര്യം അറിയിച്ചത്. 'മൂന്ന് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഭീകരനെ വധിച്ചതിലൂടെ ഞങ്ങളുടെ സൈന്യത്തെ ആക്രമിക്കുന്നവരെ പിന്തുടരാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വ്യക്തമാകുന്നു. അമേരിക്കന്‍ പൗരന്മാരെയോ സൈനികരെയോ ലക്ഷ്യമിടുന്നവര്‍ക്ക് എവിടെയും സുരക്ഷിതമല്ല,' സെന്‍കോം കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.
ഡിസംബര്‍ 13ന് സിറിയയിലെ പാല്‍മിറയില്‍ നടന്ന ഐഎസ് ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കന്‍ സിവിലിയന്‍ വിവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ 'ഹോക്കൈ സ്ട്രൈക്ക്' എന്ന പേരില്‍ യുഎസ് സൈന്യം സിറിയയില്‍ വലിയതോതിലുള്ള വ്യോമാക്രമണങ്ങള്‍ നടത്തി. പങ്കാളി സേനകളുമായി ചേര്‍ന്ന് 100ലധികം ഐഎസ് അടിസ്ഥാനസൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ലക്ഷ്യമിട്ടതായി സെന്‍കോം വ്യക്തമാക്കി.
കൊല്ലപ്പെട്ട യുഎസ് സൈനികര്‍ ഐവ നാഷണല്‍ ഗാര്‍ഡിലെ അംഗങ്ങളാണെന്ന് സംസ്ഥാന അധികൃതര്‍ അറിയിച്ചു. ഡെസ് മോയിന്‍സിലെ സര്‍ജന്റ് എഡ്ഗര്‍ ബ്രയന്‍ ടോറസ് ടോവര്‍ (25), മാര്ഷല്ടൗണിലെ സര്‍ജന്റ് വില്യം നാഥാനിയല്‍ ഹോവാര്‍ഡ് (29) എന്നിവരാണ് മരിച്ചത്.
സിറിയയില്‍ മൂന്നാം പ്രതികാരാക്രമണം: ഐഎസുമായി ബന്ധമുള്ള അല്‍ഖായിദ നേതാവിനെ വധിച്ചു- സെന്‍ട്രല്‍ കമാന്‍ഡ്
