ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കാഴ്ചശക്തിയുടെ ഭൂരിഭാഗവും നഷ്ടമായതായി അദ്ദേഹത്തിന്റെ മകന്‍ കാസിം ഖാന്‍ ആരോപിച്ചു. ദീര്‍ഘകാല ഏകാന്ത തടങ്കലും ആവശ്യമായ വൈദ്യസഹായം ലഭിക്കാത്തതുമാണ് ഇതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ഇമ്രാന്‍ ഖാന്റെ വലത് കണ്ണിലെ കാഴ്ചയുടെ ഏകദേശം 85 ശതമാനം നഷ്ടപ്പെട്ടതായി കാസിം പറഞ്ഞു. 922 ദിവസമായി തുടരുന്ന ഏകാന്ത തടങ്കലും ആവശ്യമായ പരിശോധനകളും ചികിത്സയും നിഷേധിച്ചതുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് അദ്ദേഹം ആരോപിച്ചത്.
2023 സെപ്റ്റംബര്‍ മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്നത്. നിലവിലെ ഭരണകൂടത്തെയും സൈനിക മേധാവിയെയും ഉള്‍പ്പെടെ അധികാരികളെയാണ് കാസിം ഖാന്‍ തന്റെ പിതാവിന്റെ ആരോഗ്യനില മോശമാകാന്‍ ഉത്തരവാദികളാക്കി ആരോപിച്ചത്. നീതിന്യായ സംവിധാനത്തെ ദുരുപയോഗം ചെയ്ത് തടങ്കല്‍ നീട്ടിയെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം.
തനിക്കും സഹോദരനും പിതാവിനെ സന്ദര്‍ശിക്കാനുള്ള വിസ നിഷേധിക്കപ്പെട്ടതായി കാസിം വ്യക്തമാക്കി. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ സര്‍ക്കാരുകളും വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
സുപ്രിം കോടതിയില്‍ അമിക്കസ് ക്യൂറിയായി പ്രവര്‍ത്തിക്കുന്ന അഡ്വ. സല്‍മാന്‍ സഫ്ദര്‍ അടുത്തിടെ അഡിയാല ജയിലില്‍ ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കുകയും തുടര്‍ന്ന് ജയിലിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
സഫ്ദറിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2025 ഒക്ടോബര്‍ വരെ ഇമ്രാന്‍ ഖാന്റെ ഇരുകണ്ണുകളിലും സാധാരണ 6/6 കാഴ്ചശക്തിയുണ്ടായിരുന്നു. പിന്നീട് സ്ഥിരമായി മങ്ങിയ കാഴ്ച അനുഭവപ്പെട്ടതിനെക്കുറിച്ച് ജയിലധികാരികളെ അറിയിച്ചെങ്കിലും സമയബന്ധിത ഇടപെടല്‍ ഉണ്ടായില്ലെന്ന് ഖാന്‍ ആരോപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് വലത് കണ്ണില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതും അതുവഴി കാഴ്ചശക്തി ഗണ്യമായി കുറഞ്ഞതുമാണ് ഖാന്‍ സഫ്ദറോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയും ഇന്‍ജക്ഷനും ലഭിച്ചെങ്കിലും ഇപ്പോള്‍ വലത് കണ്ണില്‍ ഏകദേശം 15 ശതമാനം കാഴ്ചശക്തി മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും സഫ്ദര്‍ രേഖപ്പെടുത്തി. വൈകിയ വിദഗ്ധ ചികിത്സയെക്കുറിച്ച് ഖാന്‍ വ്യക്തമായി വിഷമം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രി അത്താഉല്ലാഹ് തരാര്‍ ഇമ്രാന്‍ ഖാന്റെ സമഗ്ര മെഡിക്കല്‍ രേഖകള്‍ കുടുംബത്തിന് കൈമാറിയതായി വ്യക്തമാക്കി. ഇമ്രാന്‍ ഖാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാനും അദ്ദേഹത്തെ വ്യക്തിഗത ഡോക്ടര്‍മാരും ബന്ധുക്കളും സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
ഇതിനുമുമ്പ് ഇസ്ലാമാബാദിലെ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഇമ്രാന്‍ ഖാന്റെ കണ്ണുമായി ബന്ധപ്പെട്ട മെഡിക്കല്‍ നടപടിക്രമം നടത്തിയതായി തരാര്‍ സ്ഥിരീകരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ആരോഗ്യവാനാണെന്നും ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
73 വയസുള്ള ഇമ്രാന്‍ ഖാന്‍ അല്‍-ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില രാഷ്ട്രീയ വിവാദമായി തുടരുന്നു. ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് പി ടി ഐയുടെ ആരോപണം. എന്നാല്‍ ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.
