ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ കാഴ്ചശക്തിയില്‍ പുരോഗതി ഉണ്ടായതായി സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ബോര്‍ഡ് ശിപാര്‍ശ ചെയ്തു.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഇംറാന്‍ ഖാന്റെ വലതുകണ്ണിലെ കാഴ്ച 6/36ല്‍ നിന്ന് 6/9 ആയി മെച്ചപ്പെട്ടു. ഇടത് കണ്ണില്‍ കണ്ണട ഉപയോഗിച്ചാല്‍ 6/6 കാഴ്ചശക്തിയുണ്ടെന്നും വ്യക്തമാക്കി. ഡോ. നദീം ഖുറേഷിയും ഡോ. ആരിഫും ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം റാവല്‍പിണ്ഡിയിലെ അദിയാല ജയിലില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഇംറാന്‍ ഖാന്റെ അഭിഭാഷകന്‍ സഫ്ദര്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് നായകന്റെ വലതുകണ്ണിലെ ഭൂരിഭാഗം കാഴ്ചശക്തിയും നഷ്ടപ്പെട്ടതായി ആരോപിച്ചിരുന്നു. ജയിലില്‍ സന്ദര്‍ശിച്ചതിനു പിന്നാലെ അദ്ദേഹം പാകിസ്ഥാന്‍ സുപ്രിം കോടതിയിലും ചീഫ് ജസ്റ്റിസിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ചികിത്സ ആവശ്യപ്പെട്ടിരുന്നു.
ഇംറാന്റെ ഒരു കണ്ണില്‍ വെറും 15 ശതമാനം മാത്രമാണ് കാഴ്ച ശേഷിക്കുന്നതെന്ന് സഫ്ദര്‍ ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാകിസ്ഥാന്‍ സുപ്രിം കോടതി ഖാന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ഫെബ്രുവരി 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മുന്‍പ് സമാന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചിരുന്നുവെങ്കിലും ഇത്തവണ പൊതുജനപ്രതികരണത്തെ തുടര്‍ന്ന് നടപടി സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിപ്പോര്‍ട്ടില്‍ ഖാന്റെ വലതുകണ്ണിലെ വീക്കം കുറഞ്ഞതായി ചൂണ്ടിക്കാട്ടുന്നു. കണ്ണിന്റെ കനം 550ല്‍ നിന്ന് 350 ആയി കുറഞ്ഞതും പുരോഗതിയുടെ ലക്ഷണമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തഹ്രീകെ ഇന്‍സാഫ് മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. ഖാന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ടുവെന്ന അവകാശവാദം അവര്‍ ആവര്‍ത്തിച്ചു. വ്യക്തിഗത ഡോക്ടര്‍മാരെ പരിശോധനയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നും സര്‍ക്കാര്‍ നിയോഗിച്ച പരിശോധന ദുരുദ്ദേശപരമാണെന്നും പാര്‍ട്ടി ആരോപിച്ചു.
റാവല്‍പിണ്ഡിയിലെ അതിശക്തമായ സുരക്ഷാ സംവിധാനമുള്ള അദിയാല ജയിലിലാണ് ഖാന്‍ തടവില്‍ കഴിയുന്നത്. മാസങ്ങളായി ഏകാന്ത തടങ്കലില്‍ പുറത്തുള്ള ബന്ധങ്ങളില്ലാതെ തുടരുകയാണെന്ന് അഭിഭാഷകനും ബന്ധുക്കളും ആരോപിക്കുന്നു.
2023 ഓഗസ്റ്റ് 5 മുതല്‍ കസ്റ്റഡിയിലുള്ള ഖാനെതിരെ നിരവധി കേസുകളുണ്ട്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങളുമായി ബന്ധപ്പെട്ട തോശഖാന അഴിമതി കേസില്‍ 17 വര്‍ഷം തടവുശിക്ഷ ഉള്‍പ്പെടെ നിരവധി ശിക്ഷകള്‍ അദ്ദേഹത്തിന് വിധിച്ചിട്ടുണ്ട്.
