ബ്രിട്ടനില്‍ കുടിയേറ്റ- മതവിരുദ്ധ ആക്രമണങ്ങള്‍ പുതിയ ആശങ്കകളിലേക്ക്

ബ്രിട്ടനില്‍ കുടിയേറ്റ- മതവിരുദ്ധ ആക്രമണങ്ങള്‍ പുതിയ ആശങ്കകളിലേക്ക്


ലണ്ടന്‍: ബ്രിട്ടനില്‍ വര്‍ധിച്ചുവരുന്ന കുടിയേറ്റവിരുദ്ധ- മതവിരുദ്ധ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍, സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ മുസ്ലിംകളെ ലക്ഷ്യമിട്ടെന്ന് സംശയിക്കുന്ന ആക്രമണം പുതിയ ആശങ്കകള്‍ക്ക് വഴിവെക്കുന്നു. ജൂണ്‍ 19ന് 36 വയസ്സുള്ള ഒരു വെളുത്ത വംശജനായ സ്‌കോട്ടിഷ് സ്വദേശി നടത്തിയ ആക്രമണത്തില്‍ 22നും 39നും ഇടയില്‍ പ്രായമുള്ള അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങിയ രണ്ട് മുസ്ലിംകളും ഉള്‍പ്പെടുന്നു.

ആക്രമണത്തിനിടെ പ്രതി മുസ്ലിം വിരുദ്ധ അധിക്ഷേപങ്ങള്‍ നടത്തിയതായും കൈയില്‍ വാളോ കോടാലിയോ പോലുള്ള ആയുധമുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. 'നമ്മുടെ പെണ്‍മക്കളെ മുസ്ലിംകള്‍ പീഡിപ്പിക്കുന്നു' എന്ന തരത്തില്‍ ഇയാള്‍ ആക്രോശിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭീകരവിരുദ്ധ വിഭാഗം സംഭവത്തെ മുസ്ലിം വിരുദ്ധ വിദ്വേഷത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിക്കുകയാണ്.

സ്‌കോട്ട്‌ലന്‍ഡിലെ സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് വടക്കന്‍ ബെല്‍ഫാസ്റ്റില്‍ ഒരു യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഡാന്‍ സ്വദേശിക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന് കുടിയേറ്റവിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുഖംമൂടി ധരിച്ച സംഘങ്ങള്‍ വീടുകളും വാഹനങ്ങളും ആക്രമിക്കുകയും വംശീയ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വീടുതോറും കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ക്ക് പ്രദേശം വിട്ടുപോകേണ്ടിവന്നു.

അതേസമയം, സിഖ് മതവിശ്വാസിയായ വിക്രം ദിഗ്വയ്ക്ക് സൗത്ത്ഹാംപ്ടണില്‍ 18കാരനായ ഹെന്റി നൊവാക്കിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് വിധിച്ചതും രാജ്യവ്യാപകമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുടിയേറ്റ അനുകൂല- വിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ശക്തമായി.

റിഫോം യു കെയില്‍ നിന്ന് വേര്‍പിരിഞ്ഞ് രൂപീകരിച്ച റിസ്റ്റോര്‍ ബ്രിട്ടന്‍ പാര്‍ട്ടിയുടെ നേതാവും ഗ്രേറ്റ് യാര്‍മൗത്ത് എം പിയുമായ റൂപര്‍ട്ട് ലോവ് കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. 'ലക്ഷക്കണക്കിന് ആളുകള്‍ രാജ്യം വിടണം' എന്ന നിലപാടുമായി രംഗത്തെത്തിയ അദ്ദേഹം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ബ്രിട്ടന്‍ 'കടുത്ത നിലപാടും അന്തരീക്ഷവും' സൃഷ്ടിക്കണമെന്നും ആവശ്യപ്പെടുന്നു.

ഇന്ത്യക്കാരെയും പാകിസ്താന്‍ സ്വദേശികളെയും ലക്ഷ്യമിട്ടും ലോവ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. തൊഴിലില്ലാത്ത ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ജോലികള്‍ക്കായി ഇന്ത്യക്കാരെയും പാകിസ്താനികളേയും 'ഇറക്കുമതി' ചെയ്യരുതെന്ന് സമൂഹമാധ്യമ പോസ്റ്റില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 'അത് വംശീയതയാണെങ്കില്‍ അങ്ങനെ തന്നെ' എന്നും അദ്ദേഹം കുറിച്ചിരുന്നു.

2023ല്‍ ബ്രിട്ടനിലെ കുടിയേറ്റം 9.44 ലക്ഷം വരെ ഉയര്‍ന്നിരുന്നു. കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സമൂഹവുമായി ഇഴുകിച്ചേരുന്നില്ലെന്ന വിമര്‍ശനങ്ങളും ചില ഹൈപ്രൊഫൈല്‍ കുറ്റകൃത്യങ്ങളും പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. രാജ്യത്തെ വിലക്കയറ്റം, ഭവനക്ഷാമം, ജീവിതച്ചെലവിലെ വര്‍ധന എന്നിവയ്ക്ക് കുടിയേറ്റക്കാരെയാണ് കുറ്റപ്പെടുത്തുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായ ആക്രമണങ്ങളെ ബ്രിട്ടീഷ് സമൂഹത്തിന്റെ വലിയൊരു വിഭാഗം ശക്തമായി അപലപിക്കുന്നുണ്ട്. ദീര്‍ഘകാലമായി രാഷ്ട്രീയപരമായി നിലനില്‍ക്കാവുന്ന സമഗ്ര കുടിയേറ്റനയം രൂപീകരിക്കുന്നതിലും ബ്രിട്ടന്‍ വെല്ലുവിളി നേരിടുകയാണ്.

1919 മുതല്‍ തന്നെ ബ്രിട്ടനില്‍ വര്‍ണ- വംശീയ സംഘര്‍ഷങ്ങളുടെ ചരിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള തൊഴില്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ തുറമുഖ നഗരങ്ങളിലെ കറുത്ത വര്‍ഗക്കാരെയും ഏഷ്യന്‍ വംശജരെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടന്നിരുന്നു.

1958ലെ നോട്ടിങ് ഹില്‍ കലാപം, 1970കളില്‍ ദക്ഷിണേഷ്യക്കാരെതിരായ ആക്രമണങ്ങള്‍, 1980കളിലെ ബ്രിക്സ്റ്റണ്‍, ടോക്സ്തത്ത് കലാപങ്ങള്‍ എന്നിവയും ബ്രിട്ടന്റെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. 1993ല്‍ കറുത്ത വര്‍ഗക്കാരനായ സ്റ്റീഫന്‍ ലോറന്‍സിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസിലെ സ്ഥാപനപരമായ വംശീയതയെ തുറന്നുകാട്ടിയിരുന്നു.

ബ്രെക്‌സിറ്റിന് ശേഷമുള്ള കാലഘട്ടത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. 2024ലെ സൗത്ത്പോര്‍ട്ട് കുത്തിക്കൊലക്കേസിന് പിന്നാലെ മുസ്ലിം അഭയാര്‍ഥിയാണെന്ന വ്യാജപ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളും അഭയാര്‍ഥി താമസകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. 1,800ലധികം പേരെ അറസ്റ്റ് ചെയ്യുകയും നൂറുകണക്കിന് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1968ല്‍ കണ്‍സര്‍വേറ്റീവ് നേതാവ് ഇനോക്ക് പവല്‍ നടത്തിയ വിവാദമായ 'റിവേഴ്‌സ് ഓഫ് ബ്ലഡ്' പ്രസംഗവുമായി ഇപ്പോഴത്തെ രാഷ്ട്രീയ ഭാഷയെ പലരും താരതമ്യം ചെയ്യുന്നുണ്ട്. കുടിയേറ്റം രാജ്യത്തെ രക്തപുഴകളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പായിരുന്നു അന്ന് പവല്‍ ഉയര്‍ത്തിയത്.

പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ രാജിയോടെ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും രാജ്യത്തിന് സ്ഥിരതയുള്ള നേതൃത്വം നല്‍കാന്‍ കഴിയുന്നില്ലെന്ന ധാരണ ശക്തമാകുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ രാഷ്ട്രീയ ശൂന്യത റിഫോം യു കെയോ റിസ്റ്റോര്‍ ബ്രിട്ടന്‍ പോലുള്ള കുടിയേറ്റവിരുദ്ധ ശക്തികള്‍ നികത്തുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.