പശ്ചിമേഷ്യന്‍ യുദ്ധം ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്ന് ഐ എം എഫ്

പശ്ചിമേഷ്യന്‍ യുദ്ധം ഊര്‍ജ്ജ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്ന് ഐ എം എഫ്


ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം 'ആധുനിക കാലത്തെ ഏറ്റവും വലിയ ഊര്‍ജ്ജ പ്രതിസന്ധി'യിലേക്ക് നയിച്ചേക്കാമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) മുന്നറിയിപ്പ് നല്‍കി. 2026ലെ ആഗോള വളര്‍ച്ചാ പ്രവചനം 20 ബേസിസ് പോയിന്റ് കുറച്ചു 3.1 ശതമാനം ആയി. ഇന്ത്യയ്ക്ക് നേരിയ ഉയര്‍ച്ച ലഭിച്ചിട്ടും വികസ്വര സമ്പദ്വ്യവസ്ഥകള്‍ മാന്ദ്യത്തിന്റെ ആഘാതം വഹിക്കുമെന്ന് ഐ എം എഫ് പറഞ്ഞു.

2026- 27ലെ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാ പ്രവചനം 10 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.5 ശതമാനമായി ദുര്‍ബലമായ ആഗോളതലത്തില്‍ അപൂര്‍വമായ മികവ് നല്‍കുന്നു.

യു എസും ഇസ്രായേലുമായി ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തടസ്സം സൃഷ്ടിച്ചതാണ് ഊര്‍ജ്ജ വില കുതിച്ചുയരുന്നതിനെ പ്രധാന അപകടസാധ്യതയായി ഐ എം എഫ് വിശേഷിപ്പിച്ചത്. ഇറാനിയന്‍ നേതൃത്വത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങള്‍ക്ക് ശേഷം രൂക്ഷമായ സംഘര്‍ഷം എണ്ണ ശുദ്ധീകരണശാലകള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ സൗകര്യങ്ങള്‍ക്കെതിരായ പ്രതികാര ആക്രമണങ്ങള്‍ക്ക് കാരണമായി. ഇത് വിതരണ ആശങ്കകള്‍ വളര്‍ത്തി.

സംഘര്‍ഷം ചരക്ക് വിപണികളെ പിടിച്ചുലയ്ക്കുകയും വില ഉയര്‍ത്തുകയും ചെയ്യുന്നതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കാമെന്ന് ഐ എം എഫ് മുന്നറിയിപ്പ് നല്‍കി. ഏറ്റവും പുതിയ ലോക സാമ്പത്തിക വീക്ഷണം ജനുവരിയില്‍ പ്രവചിച്ച 3.3 ശതമാനത്തില്‍ നിന്ന് വളര്‍ച്ചാ പ്രതീക്ഷകളെ 3.1 ശതമാനമായി കുറച്ചു.

പ്രധാന സമ്പദ്വ്യവസ്ഥകളില്‍, അമേരിക്ക ഇപ്പോഴും ഈ വര്‍ഷം 2.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ വലിയ ഇന്ധനച്ചെലവ് നേരിടുമ്പോഴും ഉയര്‍ന്ന ഊര്‍ജ്ജ വിലയില്‍ നിന്ന് യു എസിന് നേരിയ നേട്ടമുണ്ടെന്ന് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയര്‍ ഗൗറിഞ്ചാസ് അഭിപ്രായപ്പെട്ടു.

ചൈനയുടെ വളര്‍ച്ച 4.4 ശതമാനമായി കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇത് മുന്‍കാല കണക്കുകളേക്കാള്‍ താഴെയാണ്. യൂറോപ്പില്‍ യുദ്ധത്തിന്റെ പ്രത്യാഘാതം പ്രതിഫലിപ്പിക്കുന്ന യൂറോസോണ്‍ വളര്‍ച്ചാ പ്രവചനം 1.1 ശതമാനമായി  കുറച്ചു. ജര്‍മ്മനി 0.8 ശതമാനം, ഫ്രാന്‍സ് 0.9 ശതമാനം, സ്‌പെയിന്‍ 2.1 ശതമാനം, ഇറ്റലി 0.5 ശതമാനം എന്നിങ്ങനെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.

യൂറോസോണിന് പുറത്ത്, യുണൈറ്റഡ് കിംഗ്ഡത്തിന്റെ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ 0.8% ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ വര്‍ഷം ആദ്യം പ്രവചിച്ച 1.3 ശതമാനത്തേക്കാള്‍ വളരെ കുറവാണ് ഇത്.

വളര്‍ന്നുവരുന്നതും വികസ്വരവുമായ ഏഷ്യയുടെ വളര്‍ച്ചാ പ്രവചനങ്ങളും ഐ എം എഫ് പരിഷ്‌കരിച്ചു, അതേസമയം മിഡില്‍ ഈസ്റ്റിലേയും മധ്യേഷ്യയലേയും വളര്‍ച്ച 1.9 ശതമാനമായി കുറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ സൗദി അറേബ്യ ഇപ്പോള്‍ 3.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ കണക്കുകളേക്കാള്‍ 1.4 ശതമാനം പോയിന്റ് കുറവാണിത്. 

അടിസ്ഥാന സൗകര്യ നാശനഷ്ടങ്ങളും ഹോര്‍മുസ് കടലിടുക്കിന്റെ ദീര്‍ഘകാല തടസ്സവും കാരണം ഖത്തര്‍, ഇറാഖ് തുടങ്ങിയ സമ്പദ്വ്യവസ്ഥകള്‍ യഥാക്രമം 8.6 ശതമാനവും 6.8 ശതമാനവും ചുരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്നു.

മിക്ക അയല്‍ രാജ്യങ്ങളും കടുത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ 6.5 ശതമാനം എന്ന മെച്ചപ്പെടുത്തിയ വളര്‍ച്ചാ പ്രവചനമാണ് ഇന്ത്യയുടേത്.