ബാങ്കോക്ക്: 2027-ഓടെ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്)യുടെ പ്രവചനം. ഏഷ്യന് രാജ്യങ്ങളുടെ സാമ്പത്തിക വളര്ച്ചയില് പ്രകടമാകുന്ന വ്യത്യസ്ത പ്രവണതകളാണ് ഐ എം എഫിന്റെ പുതിയ വിലയിരുത്തലില് വ്യക്തമാകുന്നത്.
നടപ്പുവര്ഷം നാമമാത്ര മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (നോമിനല് ജി ഡി പി) അടിസ്ഥാനത്തില് ജപ്പാന് ലോകത്ത് നാലാം സ്ഥാനത്ത് തുടരുമെന്നാണ് ഐ എം എഫിന്റെ കണക്കുകൂട്ടല്. എന്നാല്, 2027-ല് 4.52 ലക്ഷം കോടി ഡോളര് ജി ഡി പിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് നാലാം സ്ഥാനത്തെത്തും. അതേസമയം, ഇന്ത്യയ്ക്കും ബ്രിട്ടനും പിന്നിലാകുന്നതോടെ ജപ്പാന് ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രവചനം വ്യക്തമാക്കുന്നു.
ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്ക്കിടയിലും ഇന്ത്യ സമീപവര്ഷങ്ങളില് മികച്ച സാമ്പത്തിക വളര്ച്ചയാണ് കൈവരിച്ചത്. 2026-ലെ ഇന്ത്യയുടെ വളര്ച്ചാനിരക്ക് ഏഴ് ശതമാനമായി ഉയരുമെന്നാണ് ഐ എം എഫ് ഈയാഴ്ച പുതുക്കിയ പ്രവചനത്തില് വ്യക്തമാക്കിയത്.
ഇന്ത്യയില്നിന്ന് വ്യത്യസ്തമായി, പ്രായമേറുന്ന ജനസംഖ്യയും ഘടനാപരമായ സാമ്പത്തിക പ്രശ്നങ്ങളും ജപ്പാന്റെ വളര്ച്ചയെ പ്രതികൂലമായി ബാധിക്കുകയാണ്. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ച ദീര്ഘകാലമായി മന്ദഗതിയിലാണ്.
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ അമേരിക്കയാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ജര്മനി മൂന്നാം സ്ഥാനത്തും തുടരുന്നു.
ഏഷ്യ- പസഫിക് മേഖലയെക്കുറിച്ചുള്ള സാമ്പത്തിക അവലോകനം വ്യാഴാഴ്ച പുറത്തിറക്കവെ ഇറാനെതിരായ യു എസ്- ഇസ്രായേല് യുദ്ധത്തെത്തുടര്ന്നുണ്ടായ ഊര്ജവില വര്ധനയുടെ ആഘാതം നേരിടാന് ഇന്ത്യയ്ക്ക് ശക്തമായ സാമ്പത്തിക അടിത്തറ സഹായകമായെന്ന് ഐ എം എഫിന്റെ ഏഷ്യാ വിഭാഗം ഡയറക്ടര് കൃഷ്ണ ശ്രീനിവാസന് പറഞ്ഞു.
ശക്തമായ വളര്ച്ച, ധനകാര്യ അച്ചടക്കം, മതിയായ വിദേശനാണയ ശേഖരം എന്നിവ ഇന്ത്യയുടെ സാമ്പത്തിക അടിത്തറയെ കരുത്തുറ്റതാക്കിയിട്ടുണ്ടെന്നും അതിനാല് ആഗോള ഊര്ജവില വര്ധന സൃഷ്ടിച്ച ആഘാതത്തെ ഫലപ്രദമായി നേരിടാന് രാജ്യത്തിന് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2026-ല് ജപ്പാന്റെ സാമ്പത്തിക വളര്ച്ച 0.7 ശതമാനമായി കുറയുമെന്നാണ് ഐ എ ംഎഫിന്റെ പ്രവചനം. ഊര്ജവിലയിലുണ്ടായ വര്ധനയും പൊതുവിലക്കയറ്റവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല് സമ്മര്ദം സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില് ജപ്പാന് ബാങ്ക് പലിശനിരക്ക് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്ന്ന നിലയിലേക്ക് ഉയര്ത്തിയിട്ടുണ്ട്.
ദീര്ഘകാലം വിലയിടിവ് നേരിട്ടിരുന്ന ജപ്പാനില് 2022-ലെ വസന്തകാലം മുതല് ഉപഭോക്തൃവിലകള് തുടര്ച്ചയായി ഉയരുകയാണ്. ഇറാനെതിരായ യുദ്ധത്തെത്തുടര്ന്നുണ്ടായ ഊര്ജവിലയിലെ കുതിച്ചുചാട്ടം ഈ പ്രവണതയ്ക്ക് കൂടുതല് ആക്കം കൂട്ടി.
ഡോളറിനെതിരെ യെന്നിന്റെ മൂല്യം ഇടിഞ്ഞതും ജപ്പാന്റെ സാമ്പത്തിക വെല്ലുവിളികള് വര്ധിപ്പിക്കുന്നു. വേനല്ക്കാലത്ത് യെന്നിന്റെ മൂല്യം 40 വര്ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതോടെ ഇറക്കുമതി ചെലവും ഉയര്ന്നു. രാജ്യത്തെ പ്രായമേറുന്ന ജനസംഖ്യയും സാമ്പത്തിക പ്രവര്ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നിര്മിതബുദ്ധി മേഖലയിലെ നിക്ഷേപക്കുതിപ്പ് ജപ്പാന്റെ സമ്പദ്വ്യവസ്ഥയ്ക്കും നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അതിന്റെ പ്രയോജനം ജപ്പാന് കുറവാണെന്നും കൃഷ്ണ ശ്രീനിവാസന് പറഞ്ഞു.
