ഇസ്‌ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നടത്താനിരിക്കുന്ന സമാധാന ചർച്ചകൾക്ക് ഇറാൻ നിബന്ധന മുന്നോട്ട് വെച്ചു. അമേരിക്ക ഇറാനിയൻ തുറമുഖങ്ങളിലെ നാവിക ഉപരോധം പിൻവലിച്ചാൽ മാത്രമേ അടുത്ത ഘട്ട ചർച്ചകൾക്ക് പങ്കെടുക്കൂവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി അമീർ സഈദ് ഇറവാനി വ്യക്തമാക്കി.
അമേരിക്ക വെടിനിർത്തൽ ലംഘനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'രാഷ്ട്രീയ പരിഹാരം തേടുകയാണെങ്കിൽ ഞങ്ങൾ തയ്യാറാണ്. യുദ്ധം വേണമെങ്കിൽ അതിനും ഇറാൻ സജ്ജമാണ്,' എന്നും ഇറവാനി മുന്നറിയിപ്പ് നൽകി. ഉപരോധം പിൻവലിക്കപ്പെട്ടാൽ അടുത്ത ചർച്ചകൾ പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, 10 ദിവസത്തെ വെടിനിർത്തൽ കാലാവധി നീട്ടിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ ഇറാൻ സംശയത്തോടെയാണ് കാണുന്നത്. ഇത് 'ആക്രമണത്തിനുള്ള സമയം നേടാനുള്ള തന്ത്രം' മാത്രമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദ് ആരോപിച്ചു.
പാകിസ്ഥാനിൽ ചർച്ചകൾ നടക്കുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അടക്കമുള്ള പ്രതിനിധി സംഘം ഇസ്‌ലാമാബാദിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി റാവൽപിണ്ഡിയിലും ഇസ്‌ലാമാബാദിലും ഉൾപ്പെടെ 20,000ത്തിലധികം സേനയെ പാക്കിസ്ഥാൻ വിന്യസിച്ചിട്ടുണ്ട്.
വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ച ട്രംപ്, ഇറാൻ ഏകോപിതമായ നിർദ്ദേശം മുന്നോട്ടുവെക്കുന്നതുവരെ സൈനിക നടപടി നിർത്തിവെച്ചിരിക്കുകയാണെന്ന് പറഞ്ഞു. എന്നാൽ നാവിക ഉപരോധം തുടരുന്നതായും ആവശ്യമായാൽ ശക്തമായ നടപടി സ്വീകരിക്കാനായുള്ള സജ്ജീകരണം തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ 'അവ്യക്തമായ നിലപാടുകളും അനാവശ്യ ആവശ്യങ്ങളും' ചൂണ്ടിക്കാട്ടിയാണ് രണ്ടാംഘട്ട ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ വിസമ്മതം അറിയിച്ചത്. ഉപരോധം തുടരുന്ന സാഹചര്യത്തിൽ ചർച്ചകൾക്ക് ഇറങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ.
അമേരിക്ക നാവിക ഉപരോധം പിൻവലിക്കണം; 'യുദ്ധമെങ്കിൽ അതിനും തയ്യാർ'-സമാധാന ചർച്ചകൾക്ക് നിബന്ധന വെച്ച് ഇറാൻ
