'ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ മിഡിൽ ഈസ്റ്റ് തന്നെ ഇല്ലാതാകുമായിരുന്നു'; വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

'ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ മിഡിൽ ഈസ്റ്റ് തന്നെ ഇല്ലാതാകുമായിരുന്നു'; വീണ്ടും മുന്നറിയിപ്പുമായി ട്രംപ്


വാഷിങ്ടൺ: ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇന്ന്  മിഡിൽ ഈസ്റ്റ് തന്നെ ഇല്ലാതാകുമായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ആവശ്യമായാൽ കൂടുതൽ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും തുറന്നുവെച്ചാണ് ട്രംപ് പുതിയ മുന്നറിയിപ്പ് നൽകിയത്.

മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇറാൻ നേതൃത്വം ഇതിനോടകം തന്നെ മിഡിൽ ഈസ്റ്റിൽ   അസ്ഥിരത സൃഷ്ടിച്ചിട്ടുണ്ടെന്നും അവർക്ക് ആണവായുധം ലഭിച്ചിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ഭീകരമായേനെയെന്നും അദ്ദേഹം പറഞ്ഞു.

'ഇറാൻ മേഖലയിൽ എല്ലാവർക്കും നേരെ ആക്രമണം നടത്തിയതു നിങ്ങൾ കണ്ടതാണ്. അവരുടെ കൈവശം ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇന്ന് മിഡിൽ ഈസ്റ്റ്  തന്നെ ഇല്ലാതാകുമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്,' ട്രംപ് പറഞ്ഞു.

അതേസമയം, ഇറാനുമായി അമേരിക്ക ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വ്യാപകമായ സൈനിക ആക്രമണം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന്, 'ഞങ്ങൾ ഇപ്പോൾ അവരുമായി സംസാരിക്കുകയാണ്. ചർച്ചകൾ എങ്ങനെയാണ് മുന്നോട്ടുപോകുന്നതെന്ന് നോക്കാം,' എന്നായിരുന്നു ട്രംപിന്റെ മറുപടി.

ആവശ്യമെങ്കിൽ ഇറാനെതിരെ നിലവിലുള്ള ആക്രമണങ്ങൾ ഘട്ടംഘട്ടമായി തുടരാനോ, അതല്ലെങ്കിൽ കൂടുതൽ ശക്തമായ രീതിയിൽ സൈനിക നടപടി വ്യാപിപ്പിക്കാനോ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ചർച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുന്നതാണ് ഏറ്റവും നല്ല മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചകളെ ഇറാൻ ഇപ്പോൾ കൂടുതൽ ഗൗരവത്തോടെയാണ് കാണുന്നതെന്ന് തോന്നുന്നുണ്ടെങ്കിലും ഏത് സമയത്തും അത് പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എന്ത് കരാറായാലും ഇറാന് ആണവായുധം വികസിപ്പിക്കാൻ അവസരം ലഭിക്കരുതെന്നതാണ് അമേരിക്കയുടെ പ്രധാന നിബന്ധനയെന്നും അദ്ദേഹം ആവർത്തിച്ചു.

ചർച്ചകളിൽ ആരൊക്കെയാണ് പങ്കെടുക്കുന്നതെന്ന ചോദ്യത്തിന്, 'ഏകദേശം എല്ലാവരും പങ്കാളികളാണ്,' എന്ന് ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ചർച്ചകളുടെ പുരോഗതിയെക്കുറിച്ചോ, കൂടുതൽ സൈനിക നടപടിയെക്കുറിച്ചുള്ള അന്തിമ തീരുമാനം എപ്പോൾ ഉണ്ടാകുമെന്നതിനെക്കുറിച്ചോ ട്രംപ് വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം ആവശ്യമെങ്കിൽ ശക്തിപ്രയോഗത്തിനും തയ്യാറാണെന്ന അമേരിക്കയുടെ ഇരട്ട സമീപനമാണ് ട്രംപിന്റെ പുതിയ പ്രസ്താവനയിലൂടെ വീണ്ടും വ്യക്തമാകുന്നത്.