'എന്നെ ആർക്കും വിമർശിക്കാം, പക്ഷേ സത്യസന്ധത വേണം' - ട്രംപിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ

'എന്നെ ആർക്കും വിമർശിക്കാം, പക്ഷേ സത്യസന്ധത വേണം' - ട്രംപിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ


വത്തിക്കാൻ: ഇറാന്റെ ആണവായുധ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച ആരോപണങ്ങൾക്ക് കർശന മറുപടിയുമായി പോപ്പ് പോപ്പ് ലിയോ XIV രംഗത്ത്. 'എന്നെ വിമർശിക്കാൻ ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ അത് സത്യസന്ധമായി ആയിരിക്കണം' എന്നായിരുന്നു പോപ്പിന്റെ പ്രതികരണം.

ട്രംപ് ആവർത്തിച്ച ആരോപണങ്ങൾക്കാണ് പോപ്പ് മറുപടി നൽകിയത്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിനെ പോപ്പ് പിന്തുണക്കുന്നതായും, അതിലൂടെ ലോകസുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകുന്നതായും ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ഇത്തരമൊരു നിലപാട് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് പോപ്പ് വ്യക്തമാക്കി.

ട്രംപിന്റെ ആരോപണം

ശാലം ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു: 'ഇറാൻ ആണവായുധം ഉണ്ടാകുന്നത് ശരിയാണെന്ന് പോപ്പ് കരുതുന്നു. എന്നാൽ അത് പലരുടെയും, പ്രത്യേകിച്ച് കത്തോലിക്കരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.' ഇതേ ആരോപണം അദ്ദേഹം മുമ്പും പലവട്ടം ഉന്നയിച്ചിട്ടുണ്ടെങ്കിലും, പോപ്പിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രസ്താവന ഉണ്ടായിട്ടില്ല.

'സഭയുടെ ദൗത്യം സമാധാന പ്രഘോഷണം '


ട്രംപിനെ നേരിട്ട് പരാമർശിക്കാതെയായിരുന്നു പോപ്പ് ലിയോയുടെ പ്രതികരണം. 'ആദ്യ നിമിഷം മുതൽ ഞാൻ പറഞ്ഞത് 'സമാധാനം നിങ്ങളോടൊപ്പമാകട്ടെ' എന്നതാണ്. സഭയുടെ ദൗത്യം സുവിശേഷവും സമാധാനവും പ്രഘോഷിക്കുകയാണ്,' അദ്ദേഹം പറഞ്ഞു. 'എന്നെ വിമർശിക്കാൻ ആഗ്രഹിക്കുന്നവർ സത്യത്തെ അടിസ്ഥാനമാക്കിയിരിക്കണം അത് ചെയ്യേണ്ടത്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവായുധങ്ങൾക്കെതിരെ കത്തോലിക്ക സഭ വർഷങ്ങളായി നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, അതിൽ യാതൊരു സംശയവും ഇല്ലെന്നും പോപ്പ് വ്യക്തമാക്കി. ലോകം ആണവഭീഷണിയിൽ നിന്ന് മോചിതമാകണമെന്നതാണ് സഭയുടെ നിലപാട് എന്നും അദ്ദേഹം ആവർത്തിച്ചു.

'സംഭാഷണത്തിനു മുൻഗണന വേണം'

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പോപ്പ് മുൻപ് പറഞ്ഞതും ഇതേ ആശയമാണ്. 'യുദ്ധത്തിനും ആയുധ ശേഖരണത്തിനും പകരം സംഭാഷണവും മധ്യസ്ഥതയും തെരഞ്ഞെടുക്കേണ്ട സമയം എത്തിയിരിക്കുന്നു,' എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

റൂബിയോയുടെ വത്തിക്കാൻ സന്ദർശനത്തിന് മുമ്പ് വിവാദം

 അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഈ ആഴ്ച വത്തിക്കാൻ സന്ദർശിക്കാനിരിക്കുന്നതിനിടയിലാണ് ഈ വാദപ്രതിവാദങ്ങൾ.മധ്യപൂർവ്വേഷ്യയിലെ സാഹചര്യങ്ങളും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്യാനാണ് ഈ സന്ദർശനം. ഇതിന് മുമ്പ് ഉയർന്ന ഈ വിവാദം സന്ദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്നാണ് വിലയിരുത്തൽ.

ട്രംപ്-പോപ്പ് ഏറ്റുമുട്ടൽ വീണ്ടും ശക്തമാകുമ്പോൾ, ആണവായുധങ്ങൾക്കെതിരെ സഭയുടെ വ്യക്തമായ നിലപാട് വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആരോപണങ്ങൾക്കെതിരെ സത്യസന്ധത ആവശ്യപ്പെട്ട് പോപ്പ് ലിയോ നടത്തിയ പ്രതികരണം അന്താരാഷ്ട്ര രാഷ്ട്രീയ വേദികളിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.