വിയന്ന: അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചർച്ചകൾ ധാരണയുടെ ചട്ടക്കൂടിലേക്ക് എത്തുന്നതായി സൂചന നൽകി അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ റഫേൽ ഗ്രോസി. ഇരുരാജ്യങ്ങളും ആണവ വിഷയത്തിൽ ഒരു അടിസ്ഥാന ധാരണയിലെത്തുന്നതിനോട് അടുത്തിരിക്കുകയാണെന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
ഐഎഇഎ ഗവർണേഴ്‌സ് ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗ്രോസി. ചർച്ചകളിൽ ഐഎഇഎ നേരിട്ട് പങ്കാളിയല്ലെങ്കിലും അമേരിക്കയുമായും ഇറാനുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിഹരിക്കാൻ സമയം നൽകുന്ന ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ പരിശോധനാ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ഐഎഇഎ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഗ്രോസി വ്യക്തമാക്കി. ഏജൻസിയുമായി ഉള്ള കരാറുകളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ കൈമാറുകയും പരിശോധനയ്ക്ക് അനുമതി നൽകുകയും ചെയ്യേണ്ട ബാധ്യത ഇറാനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധസാഹചര്യത്തിൽ ഇത് പ്രയാസകരമായിരുന്നെങ്കിലും ഇപ്പോൾ വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ കൈവശമുള്ള ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരമാണ് ഭാവിയിലെ ഏതൊരു ധാരണയുടെയും പ്രധാന വിഷയമെന്ന് ഗ്രോസി പറഞ്ഞു. യുറേനിയം വിദേശത്തേക്ക് മാറ്റുക, സാന്ദ്രത കുറയ്ക്കുക, അല്ലെങ്കിൽ ഐഎഇഎയുടെ നിരീക്ഷണത്തിൽ ഇറാനിൽ തന്നെ സൂക്ഷിക്കുക തുടങ്ങിയ മാർഗങ്ങൾ പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്തിമ തീരുമാനം രാഷ്ട്രീയ തലത്തിൽ എടക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുദ്ധസാഹചര്യങ്ങളിലും ആണവ നിലയങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുതെന്ന് ഗ്രോസി ശക്തമായി മുന്നറിയിപ്പ് നൽകി. സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അത്തരം നടപടികൾ ഗുരുതരമായ പരിസ്ഥിതി, പൊതുസുരക്ഷാ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏക ദീർഘകാല മാർഗം സംഭാഷണവും നയതന്ത്രവുമാണെന്നും ലോക രാജ്യങ്ങൾ പരമാവധി സംയമനം പാലിക്കണമെന്നും ഗ്രോസി ആഹ്വാനം ചെയ്തു.
അമേരിക്ക-ഇറാൻ ആണവ ചർച്ചകൾ നിർണായക ഘട്ടത്തിൽ; ധാരണയുടെ ചട്ടക്കൂടിലേക്ക് നീങ്ങുന്നതായി ഐഎഇഎ മേധാവി
