ഇസ്‌ലാമാബാദ്: മനുഷ്യ പ്ലാസന്റ (ഗർഭപാത്രത്തിൽ കുഞ്ഞിന് പോഷണവും ഓക്‌സിജനും നൽകുന്ന അവയവം) അനധികൃതമായി ശേഖരിച്ച് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കും ആന്റിഏജിങ് കുത്തിവയ്പുകൾക്കുമായി സംസ്‌കരിച്ചെന്ന ആരോപണത്തിൽ പാകിസ്താനിൽ ചൈനീസ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. പാകിസ്താന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് (FIA) ഇസ്‌ലാമാബാദിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്‌ലാമാബാദിലെ എഫ്7 മേഖലയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ മനുഷ്യ പ്ലാസന്റ കഴുകി, ഉണക്കി, സംസ്‌കരിക്കുന്ന യൂണിറ്റ് പ്രവർത്തിക്കുന്നതായി അന്വേഷണസംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ചൈനീസ് പൗരന്മാരായ ലീ ഗാങ്കായ്, വാങ് ബാവോ, പെങ് ഫെയ് ഗുവ എന്നിവരെയും പാകിസ്താൻ സ്വദേശികളായ വകാസ്, ഖാസിം ഹനീഫ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇസ്‌ലാമാബാദിലെ ഇ11 മേഖലയിലും മറ്റൊരു കേന്ദ്രത്തിലും പരിശോധന നടത്തി. ഇവിടെ ശീതീകരണ സംവിധാനങ്ങളും ജൈവവസ്തുക്കളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. രണ്ട് പാകിസ്താൻ സ്വദേശികളെ കൂടി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അന്വേഷണത്തിൽ കണ്ടെത്തിയ പ്ലാസന്റ സംസ്‌കരിച്ച് 'ഷീ പ്ലാസന്റ'** എന്ന പേരിൽ വിയറ്റ്‌നാമിലേക്ക് കയറ്റുമതി ചെയ്തിരുന്നതായും എഫ്‌ഐഎ ആരോപിച്ചു. ഇരുകേന്ദ്രങ്ങളിൽ നിന്നുമായി സംസ്‌കരണ ഉപകരണങ്ങൾ, അസംസ്‌കൃത ജൈവവസ്തുക്കൾ, തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു.
പാകിസ്താനിലെ മനുഷ്യ അവയവ-ടിഷ്യു മാറ്റിവയ്ക്കൽ നിയമം, 2010 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ഗർഭകാലത്ത് കുഞ്ഞിന് പോഷണവും ഓക്‌സിജനും നൽകുന്ന താൽക്കാലിക അവയവമാണ് പ്ലാസന്റ. പ്രസവശേഷം ഇത് സാധാരണയായി മെഡിക്കൽ മാലിന്യമായി സംസ്‌കരിക്കുകയോ ഗവേഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. ചില അംഗീകൃത ചികിത്സാരീതികളിലും പ്ലാസന്റ ടിഷ്യു ഉപയോഗിക്കുന്നുണ്ട്.
അതേസമയം, മനുഷ്യരുടെയോ മൃഗങ്ങളുടെയോ പ്ലാസന്റയിൽ നിന്നുള്ള സത്ത് ഉപയോഗിച്ച് നിർമ്മിക്കുന്ന ക്രീമുകൾ, സെറങ്ങൾ, കുത്തിവയ്പുകൾ എന്നിവ ചർമത്തിന് യുവത്വം നിലനിർത്താനും വാർധക്യം കുറയ്ക്കാനും സഹായിക്കുമെന്ന അവകാശവാദത്തോടെ ചില രാജ്യങ്ങളിൽ വിപണനം ചെയ്യുന്നുണ്ടെങ്കിലും, ഇവയുടെ ഫലപ്രാപ്തി സംബന്ധിച്ച് ശാസ്ത്ര സമൂഹത്തിൽ ഇപ്പോഴും വ്യക്തമായ ഏകാഭിപ്രായമില്ല.
സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾക്കായി മനുഷ്യ പ്ലാസന്റ കടത്ത്? പാകിസ്താനിൽ ചൈനക്കാർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
