ഹോർമുസ് കടലിടുക്കിന് സമീപം തകർന്ന A-10 യുദ്ധവിമാനത്തിന്റെ വിലയും പ്രത്യേകതകളും അറിയാം

ഹോർമുസ് കടലിടുക്കിന് സമീപം തകർന്ന A-10 യുദ്ധവിമാനത്തിന്റെ വിലയും പ്രത്യേകതകളും അറിയാം


വാഷിംഗ്ടൺ: പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷത്തിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ A-10 തണ്ടർബോൾട്ട് II ('വാർത്തോഗ്') ആക്രമണവിമാനം തകർന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പൈലറ്റിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അറിയുന്നു. അതേ സമയം F-15E സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനം ഇറാനിൽ വെടിവെച്ച് തകർത്തതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

'വാർത്തോഗ്' എന്നറിയപ്പെടുന്ന A10 വിമാനം അമേരിക്കൻ വ്യോമസേനയിലെ ചെലവുകുറഞ്ഞ യുദ്ധവിമാനങ്ങളിൽ ഒന്നാണ്. ഒരു വിമാനത്തിന്റെ വില ഏകദേശം 18.8 മില്യൺ ഡോളറാണ്. 1970കളിൽ ഇത് ഏകദേശം 9.8 മില്യൺ ഡോളറായിരുന്നെങ്കിലും, വിലക്കയറ്റം പരിഗണിച്ചാൽ ഇന്നത്തെ മൂല്യം ഇത്രയാകും.

1972 മുതൽ 1984 വരെ ഏകദേശം 716 A-10 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. ലളിതമായ രൂപകൽപനയും കരുത്തുറ്റ ഘടനയും കാരണം പരിപാലനച്ചെലവ് കുറവാണ്. ഓരോ മണിക്കൂറിലെ പറക്കൽ ചെലവ് ഏകദേശം 6,000 ഡോളറാണ്. ഒരു വിമാനത്തിന്റെ വാർഷിക പ്രവർത്തനച്ചെലവ് 4.5 മില്യൺ ഡോളറിനടുത്ത് വരും.

ഭൂമിയിലെ ടാങ്കുകൾ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളെ താഴ്ന്ന ഉയരത്തിൽ നിന്ന് കൃത്യമായി ആക്രമിക്കാൻ രൂപകൽപന ചെയ്തതാണ് A10. ദീർഘകാലം ഉപയോഗിക്കാനാകുന്ന ഈ വിമാനങ്ങൾ 40 വർഷത്തിലേറെയായി സേവനത്തിലുണ്ട്.

യുദ്ധഭൂമിയിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ശ്രദ്ധേയമാകുന്നത്.