ചെങ്കടലിൽചരക്കുകപ്പലിനുനേരെ വീണ്ടും ആക്രമണം; മൂന്ന് നാവികർ കൊല്ലപ്പെട്ടു

ചെങ്കടലിൽചരക്കുകപ്പലിനുനേരെ വീണ്ടും ആക്രമണം; മൂന്ന് നാവികർ കൊല്ലപ്പെട്ടു


സനാ : ചെങ്കടലിൽ ചരക്കുകപ്പലിനുനേരെ വീണ്ടും ആക്രമണം; മൂന്ന് നാവികർ കൊല്ലപ്പെട്ടു. ലൈബീരിയൻ പതാകയുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യൂറോപ്യൻ യൂണിയൻ നാവിക സേന അറിയിച്ചു. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്ന് യെമനിലെ അമേരിക്കൻ എംബസിയും യൂറോപ്യൻ യൂണിയൻ നാവിക സേനയും പറയുന്നു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ഗ്രീക്ക് ഉടമസ്ഥതയിലുള്ള എറ്റേണിറ്റി സി എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ചരക്ക് കപ്പലുകൾക്കുനേരെ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇപ്പോൾ അവർ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്- ഇന്റർനാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ ഫെലോ ആയ വുൾഫ്ക്രിസ്റ്റ്യൻ പേസ് പറഞ്ഞു.

ഞായറാഴ്ച ചെങ്കടലിൽ മാജിക് സീസ് എന്ന ചരക്കുകപ്പലിനെ ആക്രമിച്ച് മുക്കുകയും ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇസ്രായേലുമായി ബന്ധമുള്ള കമ്പനികളുടെ ഉടമസ്ഥതയിലുള്ള കപ്പലുകൾ തങ്ങളുടെ നിയമപരമായ ലക്ഷ്യമാണ് എന്നാണ് ഉത്തരവാദിത്തമേറ്റെടുത്ത് ഹൂതികൾ പ്രതികരിച്ചത്.

വംശഹത്യ എന്ന് മനുഷ്യാവകാശ സംഘടനകൾ വിശേഷിപ്പിച്ച ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിനാണ് അവരുമായി ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുന്നത് എന്ന് നേരത്തെ തന്നെ ഹൂതികൾ വ്യക്തമാക്കിയിരുന്നു. ആക്രമണം പതിവായതോടെ ഈ വർഷം ആദ്യം അമേരിക്ക യെമനിൽ ഹൂതികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് രൂക്ഷ വ്യോമാക്രമണം ആരംഭിച്ചിരുന്നു. പിന്നീട് മേയ് മാസത്തിൽ അമേരിക്ക ഹൂതികളുമായി വെടിനിർത്തൽ ധാരണയിലെത്തി. എന്നാലിപ്പോൾ ചെങ്കടലിലെ ആക്രമണം ഹൂതികൾ വീണ്ടും ആരംഭിച്ചതായാണ് തൊട്ടടുത്ത ദിവസങ്ങളിലെ രണ്ട് ചരക്കുകപ്പൽ ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്.