സനാ: യമനില്‍ ആസ്ഥാനമാക്കിയ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതസംഘം ശനിയാഴ്ച ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തി. ഇറാനിനെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇടപെടുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഈ നീക്കം. മിസൈല്‍ തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചു.
അമേരിക്ക -ഇസ്രയേല്‍- ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇസ്രയേലിനെ ആക്രമിച്ചതെന്ന് ഹൂത്തി സംഘം സ്ഥിരീകരിച്ചു. ഇറാന്‍, ലെബനന്‍, ഇറാഖ്, പാലസ്തീന്‍ പ്രദേശങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഇസ്രയേലിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതെന്ന് അവര്‍ അറിയിച്ചു. എല്ലാ മേഖലകളിലുമുള്ള ആക്രമണം അവസാനിക്കുന്നതുവരെ തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും സംഘം വ്യക്തമാക്കി.
യമനില്‍ നിന്നുള്ള മിസൈല്‍ ഇസ്രയേല്‍ പ്രതിരോധ സേന തടഞ്ഞുവെന്ന അറിയിപ്പിനു പിന്നാലെയാണ് ഹൂത്തികളുടെ സ്ഥിരീകരണം വന്നത്.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ മാസങ്ങള്‍ക്കല്ല, ആഴ്ചകള്‍ക്കുള്ളില്‍ സൈനിക നടപടികള്‍ അവസാനിക്കുമെന്നു പറഞ്ഞതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹൂത്തികളുടെ ഇടപെടല്‍. വെള്ളിയാഴ്ച ഫ്രാന്‍സില്‍ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് റൂബിയോ മാധ്യമങ്ങളോട് ഇറാനെ കുറിച്ച് ഇങ്ങനെ സംസാരിച്ചത്.
ഹൂത്തികളുടെ പ്രവേശനം സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. യമനില്‍ നിന്ന് ഏറെ അകലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാനും അറേബ്യന്‍ ഉപദ്വീപും ചെങ്കടല്‍ മേഖലയിലുമുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുത്താനും ഇവര്‍ക്കു കഴിയും. ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഹമാസിനെ പിന്തുണച്ച് ഇവര്‍ ഇതിനുമുമ്പ് സമാന നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
യമനിലെ ശിയ മുസ്ലിം ന്യൂനപക്ഷമായ സൈദി സമൂഹത്തെ പിന്തുണക്കുന്ന ആയുധധാരികളായ രാഷ്ട്രീയ- മതസംഘമാണ് ഹൂത്തികള്‍. 2014-ല്‍ തലസ്ഥാനമായ സനയില്‍ നിന്നു അന്താരാഷ്ട്രമായി അംഗീകരിച്ച സര്‍ക്കാരിനെ പുറത്താക്കി വടക്കുപടിഞ്ഞാറന്‍ യമന്റെ വലിയൊരു ഭാഗം അവര്‍ നിയന്ത്രണത്തില്‍ എടുത്തിരുന്നു.
ഹൂത്തി ആക്രമണം ചെങ്കടല്‍ വഴിയുള്ള വ്യാപാര കപ്പല്‍ ഗതാഗതത്തെയും വീണ്ടും ലക്ഷ്യമിടുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു. ഹോര്‍മുസ് കടലിടുക്കില്‍ നിരവധി ടാങ്കര്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ ഇറാന്‍ അത് അടച്ചിട്ടിരിക്കുകയാണ്.
2023 നവംബറില്‍ തുടങ്ങി ഹൂത്തികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിക്കുകയും പാലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇസ്രയേലിനെതിരെയും മിസൈല്‍ പ്രയോഗം നടത്തുകയും ചെയ്തിരുന്നു.
ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, ബോട്ട്- ഹെലികോപ്റ്റര്‍ ആക്രമണങ്ങള്‍ എന്നിവയിലൂടെ വ്യാപാര കപ്പലുകളെ ലക്ഷ്യമിട്ടതിനെ തുടര്‍ന്ന് നിരവധി കപ്പല്‍ കമ്പനികള്‍ ചെങ്കടല്‍ മാര്‍ഗം ഒഴിവാക്കി ആഫ്രിക്കയുടെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദീര്‍ഘമായ വഴികള്‍ തിരഞ്ഞെടുത്തു.
2024 ജനുവരിയില്‍ ബ്രിട്ടീഷ്, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കും ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു.
ഇതിന് പ്രതികാരമായി ബ്രിട്ടനും അമേരിക്കയും യമനിലെ ഹൂത്തി ലക്ഷ്യങ്ങള്‍ക്കെതിരെ നിരന്തരമായ ആക്രമണങ്ങള്‍ നടത്തി. ഹൂത്തി വിമതരുടെ ആക്രമണങ്ങളില്‍ നിന്ന് കപ്പല്‍ ഗതാഗതത്തെ സംരക്ഷിക്കാന്‍ റോയല്‍ നേവിയുടെ ഡിസ്ട്രോയര്‍ കപ്പലും വിന്യസിച്ചു.
