ഹൂത്തി ആക്രമണം; മള്‍ട്ടി ഫ്രണ്ട് യുദ്ധത്തിന് തയ്യാറെന്ന് ഇസ്രായേല്‍

ഹൂത്തി ആക്രമണം; മള്‍ട്ടി ഫ്രണ്ട് യുദ്ധത്തിന് തയ്യാറെന്ന് ഇസ്രായേല്‍


തെല്‍ അവീവ്: യെമനിലെ ഹൂത്തി വിമതര്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് 'മള്‍ട്ടി- ഫ്രണ്ട് യുദ്ധത്തിന്' തയ്യാറാണെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇതോടെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്നാണ് സൂചനകള്‍. 

ശനിയാഴ്ച ദക്ഷിണ ഇസ്രായേലിലേക്ക് ഹൂതികള്‍ രണ്ട് മിസൈലുകള്‍ പ്രയോഗിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇതില്‍ ഒരു ബാലിസ്റ്റിക് മിസൈലും ഉള്‍പ്പെടുന്നു. രണ്ട് മിസൈലുകളും വിജയകരമായി തടഞ്ഞതിനാല്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 28ന് ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം ഹൂത്തികള്‍ നേരിട്ട് ഇസ്രായേലിനെ ലക്ഷ്യമിടുന്ന ആദ്യ ശ്രമമാണിത്.

മള്‍ട്ടി- ഫ്രണ്ട് യുദ്ധത്തിന് തങ്ങള്‍ തയ്യാറായി കഴിഞ്ഞതായും കഴിഞ്ഞ രണ്ടര വര്‍ഷമായി വിവിധ മേഖലകളില്‍ നിന്നുള്ള ഭീഷണികളോട് തങ്ങള്‍ പോരാടി വരികയാണെന്നും ഇസ്രായേല്‍ പ്രതിരോധ സേനയുടെ അന്താരാഷ്ട്ര വക്താവ് നദവ് ഷോഷാനി ഞായറാഴ്ച പറഞ്ഞു.

ഹൂത്തി ആക്രമണം യുദ്ധത്തിന്റെ ഭാഗമാകാന്‍ സാധ്യതയുള്ളതിനാല്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്നും ആവശ്യമായത്ര കാലം സ്വയം പ്രതിരോധിക്കാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുമായി ബന്ധമുള്ള ഹൂത്തികളുടെ പ്രവേശനം യുദ്ധത്തിന്റെ പ്രാദേശിക വ്യാപ്തി വര്‍ധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. യെമനിലെ വലിയ ഭാഗങ്ങള്‍ നിയന്ത്രിക്കുന്ന ഈ സംഘടനയ്ക്ക് തെഹ്‌റാന്റെ പിന്തുണ ഏറെക്കാലമായി ലഭിക്കുന്നുണ്ട്. 

യെമനി ജനത വിശ്വസ്തതയ്ക്ക് വിശ്വസ്തതയോടെയാണ് മറുപടി നല്‍കുന്നതെന്നും തങ്ങളുടെ രാജ്യത്തിനെതിരായ ആക്രമണങ്ങളില്‍ ഔദ്യോഗികമായി തങ്ങളോടൊപ്പം നിന്ന ഏക രാജ്യം ഇറാനായിരുന്നുവെന്നും ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി അടുത്തിടെ ഇറാനോടുള്ള വിശ്വസ്തത ആവര്‍ത്തിച്ചിരുന്നു. 

മേഖലയിലെ ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏകോപിത നീക്കങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതോടെ ഇസ്രായേല്‍ സൈന്യം ഒരേസമയം പല ഭാഗങ്ങളേയും നേരിടേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഹൂത്തികളുടെ ഇടപെടല്‍ ആഗോള ഊര്‍ജ സുരക്ഷയെ കുറിച്ചുള്ള ആശങ്കയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പ്രധാന സമുദ്ര ഗതാഗത പാതകളെ ചുറ്റിപ്പറ്റിയാണ് ആശങ്ക ഉയരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള എണ്ണ ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പ്രായോഗികമായി തടസ്സപ്പെടുത്തിയതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ഇപ്പോള്‍ ശ്രദ്ധ മറ്റൊരു പ്രധാന കടല്‍പാതയായ ബാബ് അല്‍-മന്ദബ് കടലിടുക്കിലേക്കും തിരിഞ്ഞിരിക്കുകയാണ്. യെമനും ആഫ്രിക്കന്‍ മുനമ്പ് പ്രദേശവും തമ്മിലുള്ള ഇടുങ്ങിയ കടല്‍പാത ലോകത്തിലെ കടല്‍ മാര്‍ഗത്തിലുള്ള എണ്ണ ഗതാഗതത്തിന്റെ ഏകദേശം 12 ശതമാനം കൈകാര്യം ചെയ്യുന്നതായി അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു.

ഈ പ്രദേശത്തെ കപ്പല്‍ ഗതാഗത പാതകളെ ലക്ഷ്യമിടാന്‍ ഹൂത്തികള്‍ സാധ്യത സൂചിപ്പിച്ചതോടെ ആഗോള ഇന്ധന വിതരണത്തില്‍ കൂടുതല്‍ തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നു. മിഡില്‍ ഈസ്റ്റിലെ വിവിധ മേഖലകളില്‍ സംഘര്‍ഷങ്ങള്‍ ശക്തമാകുന്നതിനിടെ, 'മള്‍ട്ടി- ഫ്രണ്ട് യുദ്ധം' എന്ന ഇസ്രായേലിന്റെ മുന്നറിയിപ്പ് സംഘര്‍ഷം കൂടുതല്‍ വലിയ പ്രാദേശിക യുദ്ധമായി മാറാമെന്ന ആശങ്ക ശക്തമാക്കുന്നു.