ഹോർമുസ് കടലിടുക്ക് ഉപരോധം: ഇറാന് ദിനംപ്രതി കോടികളുടെ നഷ്ടം

ഹോർമുസ് കടലിടുക്ക് ഉപരോധം: ഇറാന് ദിനംപ്രതി കോടികളുടെ നഷ്ടം


ടെഹ്‌റാൻ: അമേരിക്ക ഹോർമുസ് കടലിടുക്ക് ഉപരോധിക്കുകയാണെങ്കിൽ ഇറാന് വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാകുമെന്ന് പുതിയ കണക്ക് സൂചിപ്പിക്കുന്നു. ഒരു വിലയിരുത്തൽ പ്രകാരം, ഈ ഉപരോധം കാരണം ഇറാന് ദിവസേന ഏകദേശം 435 മില്യൺ ഡോളർ നഷ്ടമുണ്ടാകാം. ഇതിൽ 276 മില്യൺ ഡോളർ വരെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽസ് എന്നിവയുടെ കയറ്റുമതി കുറയുന്നതിലൂടെയായിരിക്കും നഷ്ടമെന്നാണ് കണക്കുകൂട്ടൽ.

ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് എന്ന ഗവേഷണ സ്ഥാപനത്തിലെ അനലിസ്റ്റായ മിയാദ് മലേക്കിയാണ് ഈ കണക്ക് അവതരിപ്പിച്ചത്. യുദ്ധസാഹചര്യത്തിൽ ബാരലിന് ഏകദേശം 87 ഡോളർ വിലയുള്ള ക്രൂഡ് ഓയിൽ ദിവസേന 1.5 മില്യൺ ബാരൽ വരെ ഇറാൻ കയറ്റുമതി ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്റെ കണക്കിന്റെ അടിസ്ഥാനമായി എടുത്തത്. ഈ എണ്ണയുടെ 90 ശതമാനത്തിലധികവും പെർഷ്യൻ ഗൾഫിനുള്ളിലെ ഖാർഗ് ദ്വീപ് വഴിയാണ് പുറത്തേക്കു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മറ്റു വിദഗ്ധർ ഈ നഷ്ടം അനിശ്ചിതമായ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും എന്ന് വിലയിരുത്തുന്നു. അമേരിക്കയുടെ ഉപരോധം എത്രത്തോളം കർശനമായിരിക്കും, ഇറാൻ ജാസ്‌ക് ടെർമിനൽ വഴിയായി കയറ്റുമതി തിരിച്ചു വിടാൻ എത്രത്തോളം കഴിയും എന്നീ കാര്യങ്ങൾ നിർണായകമാണ്. കൂടാതെ, ഉപരോധം താൽക്കാലികമായി ബാധിച്ചാലും, ഇതിനകം കടലിൽ സംഭരിച്ചിരിക്കുന്ന എണ്ണ ഇറാന് കുറച്ചുകാലം ആശ്വാസമാകും.

മാർച്ച് അവസാനത്തോടെ, ഉപരോധം ബാധിക്കാത്ത മേഖലകളിൽ ഏകദേശം 154 മില്യൺ ബാരൽ എണ്ണ ഇറാൻ സംഭരിച്ചിട്ടുണ്ടെന്നാണ് ക്പ്ലർ എന്ന ഡേറ്റാ സ്ഥാപനത്തിന്റെ കണക്ക്. അതിനാൽ ഉടൻ ഉണ്ടാകുന്ന നഷ്ടം ഇതിലൂടെ ഭാഗികമായി നികത്താനാകുമെന്നാണു വിലയിരുത്തൽ.