'ചരിത്രം പിന്നോട്ട് പോകില്ല'; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഖമനെയിയുടെ ഉപദേഷ്ടാവ്

'ചരിത്രം പിന്നോട്ട് പോകില്ല'; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഖമനെയിയുടെ ഉപദേഷ്ടാവ്


അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമെനെയിയുടെ സൈനിക ഉപദേഷ്ടാവായ മൊഹ്‌സിൻ റെസായി മുന്നറിയിപ്പ് നൽകി. അമേരിക്കൻ നടപടികൾക്കും മേഖലയിലെ വർധിച്ചുവരുന്ന സംഘർഷാവസ്ഥയ്ക്കുമിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു റെസായിയുടെ മുന്നറിയിപ്പ്. ചർച്ചകളിലോ വെടിനിർത്തൽ നടപടികളിലോ അമേരിക്കയുടെ അമിത ഇടപെടൽ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ചർച്ചകളിലും വെടിനിർത്തൽ പ്രക്രിയയിലും അമേരിക്ക പരിധി ലംഘിക്കാൻ ഇറാൻ അനുവദിക്കില്ല. ഓരോ ആക്രമണത്തിനും മിസൈലുകളുടെയും ഡ്രോണുകളുടെയും ശക്തമായ തിരിച്ചടിയാകും ലഭിക്കുക,' അദ്ദേഹം കുറിച്ചു.

'ചരിത്രം പിന്നോട്ട് പോകില്ല. ആക്രമണം നടത്തുന്നവർക്ക് അതിവേഗം ശിക്ഷ ലഭിക്കും,' എന്ന മുന്നറിയിപ്പും റെസായി നൽകി. അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന ശ്രദ്ധ നേടുന്നത്.

അതേസമയം, കുവൈത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി1 പാസഞ്ചർ ടെർമിനലിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തിൽ ടെർമിനലിന് സാരമായ നാശനഷ്ടമുണ്ടായതായും ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇത് 'ഇറാന്റെ കുറ്റകരമായ ആക്രമണം' ആണെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽഒതൈബി ആരോപിച്ചു. സംഭവത്തിന് പിന്നാലെ താൽക്കാലികമായി തടസപ്പെട്ട വിമാന സർവീസുകൾ പിന്നീട് പുനരാരംഭിച്ചു.

മറുവശത്ത്, കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും ലക്ഷ്യത്തിലെത്തും മുമ്പ് അവ തകർന്നുവീണതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്‌ളീറ്റ് ആസ്ഥാനമായ ബഹ്രൈനിനെ ലക്ഷ്യമിട്ട മിസൈലുകൾ അമേരിക്കൻബഹ്രൈൻ സേനകൾ ചേർന്ന് തടഞ്ഞതായും അമേരിക്ക അറിയിച്ചു. മൂന്ന് മിസൈലുകൾ തകർത്തതായി ബഹ്രൈൻ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കകൾക്കിടെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള വാക്ക്‌പോരും സൈനിക നീക്കങ്ങളും ശക്തമാകുന്നത്.