ലബനനില്‍ ഹിസ്ബുല്ലയുടെ 'സൈനിക പ്രവര്‍ത്തനങ്ങള്‍' നിരോധനം

ലബനനില്‍ ഹിസ്ബുല്ലയുടെ 'സൈനിക പ്രവര്‍ത്തനങ്ങള്‍' നിരോധനം


ബൈറൂത്ത്: ലബനന്‍ പ്രധാനമന്ത്രി നവാഫ് സാലം മന്ത്രിസഭ ഹിസ്ബുല്ലയുടെ സൈനിക, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന പ്രഖ്യാപനം നടത്തി. ഇസ്രാഈലിലെ രാമത്ത് എയര്‍ബേസ് ലക്ഷ്യം വച്ച് ആക്രമണം നടത്തുകയും ഗോലാന്‍ കുന്നുകളിലെ സൈനിക കേന്ദ്രത്തെ റോക്കറ്റുകള്‍ ഉപയോഗിച്ച് അക്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് നിരോധനം. 

ലബനന്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുകയെന്നത് ബുദ്ധിമുട്ടുള്ളതാണെങ്കിലും ഇത് രാജ്യത്തിന്റെ ഭാവി ഭദ്രതയ്ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിനും നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.  സുരക്ഷയും പ്രതിരോധവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതിന് അനിവാര്യമായ നടപടിയാണിതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആഭ്യന്തര സംഘര്‍ഷത്തിന്റെ സാധ്യത ഉയര്‍ത്തുന്നുവെന്ന് ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്.

ഹിസ്ബുല്ലയുടെ അക്രമാധികാരം ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ നേരത്തെ ഉള്ളതിനേക്കാള്‍ കൂടുതല്‍ സാധ്യതയുള്ള സമയമാണിതെന്നാണ് ലബനന്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ രാഷ്ട്രീയ ഗവേഷകന്‍ ഇമാദ് സാലമി പറഞ്ഞത്. 

അത്ര എളുപ്പത്തില്‍ നടപടി സ്വീകരിക്കാനാവില്ലെന്നും ലബനന്‍ സൈന്യത്തിന് ഹിസ്ബുല്ലയുമായി പോരാടാന്‍ താതപര്യമില്ലെന്നാണ് കാര്‍നെഗി മിഡില്‍ ഈസ്റ്റ് സെന്റര്‍ ലബനന്‍ വിദഗ്ധനായ മൈക്കിള്‍ യങ് പറയുന്നത്. 

ഹിസ്ബുല്ലയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതായും അവരുടെ പങ്ക് രാഷ്ട്രീയ മേഖലയില്‍ മാത്രം പരിമിതപ്പെടുത്തുന്നതായും സാലം പ്രഖ്യാപിച്ചു. 

മുന്‍കാലങ്ങളില്‍ ലബനനില്‍ ശക്തമായ സൈനിക, രാഷ്ട്രീയ ശക്തിയായിരുന്നു ഹിസ്ബുല്ല. 2023- 24ലെ ഇസ്രാഈലുമായുള്ള യുദ്ധത്തില്‍ ഹിസ്ബുല്ലയ്ക്ക് വലിയ നഷ്ടം സംഭവിക്കുകയുണ്ടായി. ദീര്‍ഘകാല സെക്രട്ടറി ജനറല്‍ ഹസന്‍ നസ്രല്ലാഹ് ഉള്‍പ്പെടെ സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടു.

യുദ്ധത്തിനുശേഷം ഹിസ്ബുല്ലയുടെ ആയുധങ്ങള്‍ സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സാലം സര്‍ക്കാര്‍ ഹിസ്ബുല്ലയെ നിരായുധരാക്കുമെന്ന്  പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനം ഹിസ്ബുല്ല അംഗീകരിച്ചില്ല. 

പ്രധാനമന്ത്രി സാലമിന്റെ കരാറുകള്‍ക്ക് യാതൊരു ന്യായവുമില്ലെന്നും ഒരു വര്‍ഷം നാല് മാസത്തോളം ഇസ്രാഈലിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചവര്‍ക്കെതിരെ സാലം സര്‍ക്കാര്‍ വിലക്കുകള്‍ പ്രഖ്യാപിക്കുന്നത് അന്യായമാണെന്നും പാര്‍ലമെന്റ് ബ്ലോക്ക് തലവന്‍ മുഹമ്മദ് റാദ് ചൂണ്ടിക്കാട്ടി.