വാഷിംഗ്ടൺ: അമേരിക്ക-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനുമതി സംബന്ധിച്ച നിയമപരമായ സമയപരിധിയെ കുറിച്ച് പുതിയ വിവാദം ഉയർന്നു. ഇറാനുമായുള്ള വെടിനിർത്തൽ നിലവിലുള്ളതിനാൽ യുദ്ധത്തിന് കോൺഗ്രസ് അനുമതി തേടേണ്ട 60 ദിവസത്തെ സമയക്കണക്ക് 'താൽക്കാലികമായി നിർത്തിയിരിക്കുകയാണ്' എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞതിനെച്ചൊല്ലിയാണ് വിവാദം.
പ്രസിഡന്റുമാർ സൈനിക നടപടി ആരംഭിച്ച ശേഷം 48 മണിക്കൂറിനകം കോൺഗ്രസിനെ അറിയിക്കണം എന്നാണ് 1973ലെ യുദ്ധാധികാര പ്രമേയം നിഷ്കർഷിക്കുന്നത്. കൂടാതെ 60 ദിവസത്തിനുള്ളിൽ സൈനികരെ പിൻവലിക്കുകയോ, കോൺഗ്രസ് അനുമതി നേടുകയോ, അല്ലെങ്കിൽ 30 ദിവസത്തെ അധിക സമയം ആവശ്യപ്പെടുകയോ വേണം. ഈ സമയപരിധി മേയ് 1ന് അവസാനിക്കാനിരിക്കെയാണ് ഹെഗ്സെത്തിന്റെ പ്രതികരണം.
സെനറ്റ് ആയുധസേനാ സമിതിയുടെ മുമ്പാകെ ഹാജരായ ഹെഗ്സെത്ത്, 'ഇപ്പോൾ വെടിനിർത്തൽ നിലവിലുണ്ട്. അതിനാൽ 60 ദിവസത്തെ സമയം നിർത്തിവെച്ചിരിക്കുകയാണ് എന്നതാണ് നമ്മുടെ വിലയിരുത്തൽ,' എന്നു പറഞ്ഞു. എന്നാൽ കോൺഗ്രസ് അനുമതി തേടുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ ഈ നിലപാട് നിയമവിദഗ്ധർ ഉൾപ്പെടെ പലരും ചോദ്യം ചെയ്യുന്നു. 'യുദ്ധം തുടരുമ്പോൾ 'കുറച്ചു സമയം നിർത്തി' എന്നു പറയുന്നത് നിയമപരമായി നീട്ടിയ വ്യാഖ്യാനമാണ്,' എന്ന് വിദഗ്ധനായ ജോൺ ബി ബെല്ലിംഗർ III പറഞ്ഞു. 'ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സൈനിക സാന്നിധ്യം തുടരുമ്പോൾ യുദ്ധഭീഷണി അവസാനിച്ചിട്ടില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം 'ഈ നിയമത്തിൽ 'പോസ് ബട്ടൺ' എന്നൊന്നില്ല,' എന്ന് ഹാരോൾഡ് ഹോംങ്ജു കോഹ് അഭിപ്രായപ്പെട്ടു.
കോൺഗ്രസിലെ ഇരുപക്ഷ നേതാക്കളും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത് 'ഗൗരവമായ ഭരണഘടനാ പ്രശ്നം' ഉയർത്തുന്നുവെന്ന് സെനറ്റർ ടിം കെയ്ൻ പറഞ്ഞു. ചില റിപ്പബ്ലിക്കൻ നേതാക്കളും കോൺഗ്രസ് അനുമതിയില്ലാതെ സൈനിക നടപടി തുടരുന്നതിനെ എതിർക്കാമെന്ന് സൂചന നൽകി.
ഇതിനിടെ, വെടിനിർത്തൽ കാലയളവ് 60 ദിവസത്തെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദേശിച്ച് പ്രതിനിധി ബ്രയാൻ ഫിറ്റ്സ്പാട്രിക് പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്.
സംഘർഷം ആരംഭിച്ചതിനുശേഷം എട്ട് ആഴ്ച കഴിഞ്ഞിട്ടും യുദ്ധം നീളുന്നതും, ഊർജ്ജവില ഉയരുന്നതും ആഭ്യന്തര വിമർശനം ശക്തമാക്കുന്നു. എന്നാൽ ഹെഗ്സെത്ത് വിമർശനങ്ങളെ തള്ളിക്കളഞ്ഞു. 'ഇത് വെറും രണ്ട് മാസം മാത്രമാണ്. ഇപ്പോൾ തന്നെ പരാജയം പ്രഖ്യാപിക്കുന്നത് ശരിയല്ല,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നിട്ടില്ലെങ്കിൽ പുരോഗതി അവകാശപ്പെടാൻ കഴിയില്ലെന്ന് സെനറ്റർ എലിസ സ്ലോട്കിൻ ചൂണ്ടിക്കാട്ടി.
വിമർശനങ്ങളോട് പീറ്റ് ഹെഗ്സെത്ത് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. 'നിങ്ങളെപോലുള്ള പരാജയ മനോഭാവമുള്ള ഡെമോക്രാറ്റുകൾ അമേരിക്കൻ ജനങ്ങളുടെ ചിന്തയെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതല്ലെങ്കിൽ ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുമായിരുന്നു.' എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു ഘട്ടത്തിൽ, സെനറ്റർ റോജർ വിക്കർ ഇടപെട്ട്, നിയമനിർമ്മാതാക്കളുടെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി നൽകണമെന്ന് ഹെഗ്സെത്തിനോട് ആവശ്യപ്പെട്ടു. ഇതിന് വിപരീതമായി, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനായ ഡാൻ കെയ്ൻ ഹിയറിംഗിനിടെ കൂടുതൽ സമതുലിതമായ സമീപനമാണ് സ്വീകരിച്ചത്.
'ക്ഷമിക്കണം, ഞാൻ ഇടയ്ക്ക് തടസ്സപ്പെടുത്തി. അതിന് ഉദ്ദേശമുണ്ടായിരുന്നില്ല,' എന്ന് ജനറൽ കെയിൻ പിന്നീട് പറഞ്ഞു.
സംഭവവികാസങ്ങൾ അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ നിയമരാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറക്കുകയാണ്.
ഇറാൻ യുദ്ധം: കോൺഗ്രസ് അനുമതി സംബന്ധിച്ച നിയമപരമായ സമയപരിധിയെ കുറിച്ച് പുതിയ വിവാദം
