ലണ്ടന്‍: യൂറോപ്പിനെ അതിശക്തമായ ഉഷ്ണതരംഗം ചുട്ടെരിക്കുമ്പോള്‍ ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ മെയ് മാസത്തിലെ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. വടക്കന്‍ ആഫ്രിക്കയില്‍നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നീങ്ങിയ ചൂടേറിയ വായു ഉയര്‍ന്ന മര്‍ദ്ദ മേഖലയ്ക്ക് കീഴില്‍ കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ 'ഹീറ്റ് ഡോം' പ്രതിഭാസമാണ് കടുത്ത ചൂടിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.
ഈ ആഴ്ച സ്‌പെയിനിലെ ചില പ്രദേശങ്ങളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇറ്റലിയില്‍ ഇതിനോടകം പല മേഖലകളിലും ഉച്ചസമയത്തെ പുറംജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടനില്‍ മെയ് മാസത്തിലെ ഏറ്റവും ചൂടേറിയ ദിനമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സില്‍ താപനില 34.8 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുന്‍ റെക്കോര്‍ഡിനെക്കാള്‍ ഏകദേശം രണ്ട് ഡിഗ്രി കൂടുതലാണിത്. മെയ് മാസമല്ല, വേനല്‍ക്കാലത്തിന്റെ മധ്യത്തില്‍ പോലും ബ്രിട്ടനില്‍ ഇത്തരമൊരു ചൂട് അസാധാരണമാണെന്ന് ബ്രിട്ടീഷ് മെറ്റ് ഓഫീസ് അറിയിച്ചു.
സാധാരണയായി 17 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമുള്ള ലണ്ടനിലെ ഈ കാലാവസ്ഥയില്‍ ജനങ്ങളും വിനോദസഞ്ചാരികളും കടുത്ത ബുദ്ധിമുട്ടാണ് നേരിട്ടത്. കാലാവസ്ഥ ചെറിയൊരു നരകം പോലെയാണ് അനുഭവപ്പെടുന്നതെന്നും അത്യന്തം ചൂടാണെന്നും ലണ്ടന്‍ സന്ദര്‍ശിച്ച 10കാരിയായ ലിസ നിസാരി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉഷ്ണതരംഗം, വരള്‍ച്ച, പ്രളയം തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ വര്‍ധിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള ചൂട് സാധാരണ സംഭവമായി മാറാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് മെറ്റ് ഓഫീസ് കാലാവസ്ഥാ വിദഗ്ധന്‍ ഗ്രെഗ് ഡ്യൂഹര്‍സ്റ്റ് പറഞ്ഞു.
നിലവിലില്ലാത്ത കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണു ബ്രിട്ടന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് യു കെയിലെ കാലാവസ്ഥാ ഉപദേഷ്ടാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌കൂളുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉയര്‍ന്ന താപനിലയെ നേരിടാന്‍ സജ്ജമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
2022ലെ വേനലില്‍ ബ്രിട്ടനില്‍ ആദ്യമായി 40 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. അയര്‍ലന്‍ഡിലും മെയ് മാസത്തിലെ റെക്കോര്‍ഡ് ചൂടാണ് അനുഭവപ്പെട്ടത്. കിലാര്‍ണി, ക്ലോണ്‍മെല്‍ മേഖലകളില്‍ താപനില 28.8 ഡിഗ്രിയിലെത്തി.
സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറയിലെ ആര്‍ത്തേഴ്സ് സീറ്റ് കുന്നിന് സമീപം പുല്ലിന് തീ പടര്‍ന്നു. താപനില 25 ഡിഗ്രിയിലെത്തിയതോടെ നഗരമാകെ പുക വ്യാപിച്ചു.
ഫ്രാന്‍സില്‍ നിരവധി നഗരങ്ങളില്‍ മെയ് മാസത്തിലെ താപനില റെക്കോര്‍ഡുകള്‍ തകര്‍ന്നതായി മെറ്റിയോ ഫ്രാന്‍സ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ബെര്‍ജറാക്കില്‍ 34.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നാന്റ്സ്, ആന്‍ജേഴ്സ് നഗരങ്ങളിലും അസാധാരണ ചൂട് അനുഭവപ്പെട്ടു.
ബ്രിട്ടാനി മേഖലയിലെ പല ഭാഗങ്ങളിലും 32 മുതല്‍ 35 ഡിഗ്രി വരെയും തെക്കന്‍ ഫ്രാന്‍സില്‍ 37 ഡിഗ്രി വരെയും താപനില ഉയരാമെന്ന് മുന്നറിയിപ്പുണ്ട്.
ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു വ്യാഴാഴ്ച ഉന്നതതല യോഗം വിളിച്ചുചേര്‍ക്കും. പാരിസില്‍ ഈ വര്‍ഷം ആദ്യമായി ശനിയാഴ്ച താപനില 30 ഡിഗ്രി കടന്ന് 31.9 ഡിഗ്രിയിലെത്തി.
കായിക മത്സരങ്ങളിലും ചൂട് ആശങ്ക സൃഷ്ടിച്ചു. പാരിസില്‍ നടന്ന 10 കിലോമീറ്റര്‍ ഓട്ടമത്സരത്തിനിടെ ഒരാള്‍ മരിച്ചു. മറ്റൊരു മത്സരത്തിന് ശേഷം 10 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌പെയിനിലെ കാലാവസ്ഥാ ഏജന്‍സിയായ എമറ്റ്, കാനറി ദ്വീപുകള്‍ ഒഴികെ രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും ഈ ആഴ്ച അസാധാരണ ചൂട് തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ സ്‌പെയിനില്‍ രാത്രിയിലും ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന 'ട്രോപ്പിക്കല്‍ നൈറ്റ്‌സ്' ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, റോം ഉള്‍പ്പെടുന്ന ഇറ്റലിയിലെ ലാസിയോ മേഖലയില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 4 വരെ കര്‍ഷികം, നിര്‍മാണം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിലെ പുറംജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 15 വരെ നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
