തെഹ്‌റാന്‍: ഖത്തറില്‍ തടവിലുള്ള ഇറാനിയന്‍ പൈലറ്റുമാരുടെ ആരോഗ്യനില മോശമാകുന്നതായി ഇറാന്‍. നിലവില്‍ വെള്ളത്തിലുള്ള ഒരു കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന പൈലറ്റുമാരെ കരയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഖത്തറിനോട് ഇറാന്‍ ആവശ്യപ്പെട്ടു.
കാണാതായ സൈനിക ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി നിയോഗിച്ച ഇറാന്‍ സായുധസേനാ സമിതി മേധാവി മുഹമ്മദ് ബാഖര്‍സാദെയാണ് പൈലറ്റുമാരുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചത്. വെള്ളത്തിലുള്ള കേന്ദ്രത്തിലാണ് പൈലറ്റുമാരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും അവരുടെ ശാരീരികാവസ്ഥ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
പൈലറ്റുമാരുടെ ആരോഗ്യ ആവശ്യങ്ങള്‍ക്ക് നിലവിലെ തടങ്കല്‍ കേന്ദ്രം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ ബാഖര്‍സാദെ, അസുഖബാധിതരും പരുക്കേറ്റവരുമായ തടവുകാരെ എത്രയും വേഗം ഇറാനിലേക്ക് മാറ്റുന്നതിനായി ഖത്തറിലേക്ക് എയര്‍ ആംബുലന്‍സ് അയയ്ക്കണമെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ഐ സി ആര്‍ സി)യോട് ആവശ്യപ്പെട്ടു.
അതേസമയം, ഇറാനിയന്‍ പൈലറ്റുമാരെ തടവില്‍ പാര്‍പ്പിച്ചെന്ന ആരോപണം ഖത്തര്‍ കഴിഞ്ഞയാഴ്ച നിഷേധിച്ചിരുന്നു. ഈ വര്‍ഷം ആദ്യം ഖത്തറിന്റെ വ്യോമപരിധി ലംഘിച്ച പൈലറ്റുമാരെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നത്.
ഒരു പൈലറ്റിന്റെ മൃതദേഹം ഇറാന് കൈമാറുന്നതിനായി ഖത്തര്‍ ഇറാനുമായി ബന്ധപ്പെട്ടിരുന്നെന്നും തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായി വിലയിരുത്താന്‍ ഇറാനെ ക്ഷണിച്ചിരുന്നെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇറാനില്‍നിന്ന് ഇതിനോട് പ്രതികരണം ലഭിച്ചില്ലെന്നാണ് ഖത്തറിന്റെ നിലപാട്.
ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി, കാണാതായ മൂന്ന് വ്യോമസേനാംഗങ്ങള്‍ക്കായി ഖത്തര്‍ രക്ഷാപ്രവര്‍ത്തകര്‍ സമഗ്രമായ തിരച്ചില്‍ നടത്തിയതായി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു പൈലറ്റിന്റെ മൃതദേഹം ഇറാന് കൈമാറുന്നതിനുള്ള നടപടികള്‍ ഖത്തര്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഇറാനിയന്‍ സംഘത്തെ അറിയിക്കുന്നതിനായി ഏപ്രിലില്‍ ഖത്തര്‍ ക്ഷണം നല്‍കിയിരുന്നെങ്കിലും തെഹ്‌റാന്‍ അത് സ്വീകരിച്ചില്ലെന്നും അല്‍ അന്‍സാരി വ്യക്തമാക്കി.
ഖത്തര്‍ ഇറാനിയന്‍ വിദഗ്ധസംഘത്തിന് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ബാഖര്‍സാദെ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് സംഘത്തിന് ഖത്തര്‍ പൂര്‍ണ സഹകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന്‍ വ്യോമസേനയിലെ വിദഗ്ധനും വസ്തുതാന്വേഷണ സംഘവും മാസങ്ങളായി ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി കാത്തിരിക്കുകയാണെന്നും ഖത്തര്‍ അധികൃതര്‍ അന്വേഷണ നടപടികള്‍ ആവര്‍ത്തിച്ച് വൈകിപ്പിക്കുകയാണെന്നും ബാഖര്‍സാദെ നേരത്തെ ആരോപിച്ചിരുന്നു.
പൈലറ്റുമാരുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച ഇറാന്റെ അവകാശവാദത്തോട് ഖത്തറിന്റെ ഏറ്റവും പുതിയ പ്രതികരണം വ്യക്തമല്ല.
