ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായ മൊജ്തബ ഖമനെയി അദ്ദേഹത്തിന്റെ പിതാവും മുൻ സുപ്രീംനേതാവുമായ ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെടുന്നതിനുകാരണമായ അമേരിക്കൻ ആക്രമണം നടന്ന കെട്ടിടത്തിൽ തന്നെയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ഇറാൻ. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിനിടെ ബോംബാക്രമണം നടന്ന ആ കെട്ടിടത്തിൽ നിന്ന് അവസാന നിമിഷങ്ങളിൽ പുറത്തേക്കിറങ്ങിയതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നാണ് അധികൃതർ വ്യക്തമാക്കിയത്. മൊജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും അവർ തള്ളിക്കളഞ്ഞു.
ഇറാനിലെ സുപ്രീം ലീഡറുടെ കാര്യാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ ഉപദേഷ്ടാവും അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സ് അംഗവുമായ മൊഹ്‌സെൻ ഖൂമി
യാണ് ഈ വിവരം പുറത്തുവിട്ടത്. ബോംബാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഖമേനി കെട്ടിടത്തിന്റെ മുറ്റത്തേക്ക് ഇറങ്ങിത് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കാരണമായെന്ന് ഖൂമി പറഞ്ഞു. ആക്രമണത്തിൽ ആയത്തുള്ള അലി ഖമനെയി അടക്കം മറ്റ് ചിലർ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖമനെയി പൂർണ്ണ ആരോഗ്യത്തോടെ തുടരുകയാണെന്നും രാജ്യത്തിന്റെ കാര്യങ്ങൾ സജീവമായി നിയന്ത്രിക്കുകയാണെന്നും ഖൂമി വ്യക്തമാക്കി. സമാധാന ചർച്ചകളും സൈനിക നടപടികളും അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും, ചർച്ചാ സംഘത്തിന് നിർദ്ദേശങ്ങൾ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖമനെയിയുടെ ആരോഗ്യത്തെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾ പ്രചരിപ്പിക്കുന്ന വിവരങ്ങൾ വ്യാജമാണെന്നും ഇറാൻ ആരോപിച്ചു. ഇത്തരം അഭ്യൂഹങ്ങൾ രാജ്യത്തെ സമ്മർദ്ദത്തിലാക്കാൻ ഉള്ള ശ്രമമാണെന്നും ഖൂമി പറഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്താനും പ്രതികരണം ഉണ്ടാക്കാനും വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
എന്നിരുന്നാലും, ആക്രമണത്തിൽ ഖമനെയിക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്ന സൂചനയും ഖൂമിയുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കുകയാണ് പ്രധാന പരിഗണനയെന്നും, പരിക്കുകൾക്കിടയിലും അദ്ദേഹം സുരക്ഷിതനാണെന്നും ഖൂമി വ്യക്തമാക്കി. ഇറാനിൽ രാഷ്ട്രീയസൈനിക സാഹചര്യങ്ങൾ കടുപ്പമാകുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്.
