അഫ്ഗാനിസ്ഥാനിലെ നേറ്റോ സൈനികരുടെ ത്യാഗങ്ങളെ 'സത്യസന്ധതയോടെയും ആദരവോടെയും' ഓർക്കണമെന്ന് ഡ്യൂക്ക് ഓഫ് സസ്സെക്‌സ് പ്രിൻസ് ഹാരി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നേറ്റോ സഖ്യകക്ഷികൾ മുൻനിരയിൽ പോരാടിയില്ലെന്ന തരത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്കുള്ള പ്രതികരണമായാണ് ഹാരിയുടെ പ്രസ്താവന.
'ഞാൻ അവിടെ സേവനം ചെയ്തു. ജീവിതകാലം മുഴുവൻ സുഹൃത്തുക്കളെ കണ്ടെത്തി. ചില സുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തു.' അഫ്ഗാനിസ്ഥാനിൽ രണ്ടുതവണ സേവനം അനുഷ്ഠിച്ചിട്ടുള്ള ഹാരി പറഞ്ഞു.
അഫ്ഗാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട, 457 ബ്രിട്ടീഷ് സൈനികരും ഉൾപ്പെട്ട നേറ്റോ സൈനികർക്ക് അദ്ദേഹം ആദരം അർപ്പിച്ചു.
2001ൽ 9/11 ആക്രമണത്തിന് പിന്നാലെ നേറ്റോയുടെ ആർട്ടിക്കിൾ 5 ആദ്യമായും ഏകമായും പ്രയോഗിച്ചുവെന്ന് ഹാരി ഓർമ്മിപ്പിച്ചു. 'അമേരിക്കയ്‌ക്കൊപ്പം നിൽക്കാൻ എല്ലാ സഖ്യരാജ്യങ്ങൾക്കും ബാധ്യതയുണ്ടായിരുന്നു. ആ വിളിക്ക് സഖ്യകക്ഷികൾ മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം ഈ യുദ്ധം മാറ്റിമറിച്ചുവെന്നും, മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളും ഇന്നും അതിന്റെ വേദന പേറുന്നുവെന്നും ഹാരി കൂട്ടിച്ചേർത്തു.
ട്രംപ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. അഫ്ഗാനിസ്ഥാനിൽ സഖ്യകക്ഷികൾ 'മുൻനിരയിൽ നിന്ന് കുറച്ച് അകലെയായാണ് നിന്നത് ' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഈ പ്രസ്താവനകൾ ബ്രിട്ടനിലും മറ്റ് നേറ്റോ രാജ്യങ്ങളിലുമായി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.
ട്രംപിന്റെ വാക്കുകളെ ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ 'അപമാനകരവും ഞെട്ടിക്കുന്നതും' എന്നാണ് വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിൽ ജീവൻ നഷ്ടപ്പെടുത്തിയവരുടെയും പരിക്കേറ്റവരുടെയും ത്യാഗം ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പോളണ്ട്, കാനഡ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ മന്ത്രിമാരും ട്രംപിന്റെ പരാമർശങ്ങളെ വിമർശിച്ചു. 'ഞങ്ങളുടെ സൈനികരുടെ സേവനത്തെ പരിഹസിക്കാൻ ആർക്കും അവകാശമില്ല,' എന്ന് പോളണ്ട് വിദേശകാര്യമന്ത്രി റാഡോസ്ലാവ് സിക്കോർസ്‌കി പ്രതികരിച്ചു.
2001ൽ ആരംഭിച്ച അഫ്ഗാൻ യുദ്ധത്തിൽ 2021 വരെ 3,500ലേറെ സഖ്യസൈനികർ കൊല്ലപ്പെട്ടു. ഇതിൽ യുഎസിന് പിന്നാലെ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ബ്രിട്ടനാണ്. ഹെൽമാൻഡ് പ്രവിശ്യയിലായിരുന്നു ഏറ്റവും കനത്ത പോരാട്ടങ്ങൾ നടന്നത്.
നാറ്റോ സൈനികരുടെ ത്യാഗം രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം മാന്യമായി അംഗീകരിക്കപ്പെടണമെന്നും, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ജീവൻ നൽകിയവരെ ആദരിക്കണമെന്നും ഹാരിയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നു.
നേറ്റോ സൈനികരുടെ ത്യാഗങ്ങൾക്ക് ആദരം വേണം - ട്രംപിനു മറുപടിയുമായി പ്രിൻസ് ഹാരി
