ഗാസയിലെ ഭരണസമിതി പിരിച്ചുവിട്ട് ഹമാസ്; ഭരണച്ചുമതല പുതിയ സാങ്കേതിക സമിതിക്ക് കൈമാറാൻ സന്നദ്ധത

ഗാസയിലെ ഭരണസമിതി പിരിച്ചുവിട്ട് ഹമാസ്; ഭരണച്ചുമതല പുതിയ സാങ്കേതിക സമിതിക്ക് കൈമാറാൻ സന്നദ്ധത


ഗാസ സിറ്റി:  ഗാസയിലെ തങ്ങളുടെ താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ടതായി ഹമാസ് പ്രഖ്യാപിച്ചു. യുഎസ് പിന്തുണയോടെയുള്ള യുദ്ധാനന്തര സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയുടെ ഭരണച്ചുമതല സാങ്കേതികവിദഗ്ധർ ഉൾപ്പെടുന്ന പുതിയ സമിതിക്ക് കൈമാറാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചു. ഇതോടെ ഗാസയുടെ ഭാവി ഭരണക്രമത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവായി.

കഴിഞ്ഞ ഒക്ടോബറിലെ വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നായിരുന്നു ഗാസയിലെ ഭരണത്തിൽ നിന്ന് ഹമാസ് പിന്മാറുക എന്നത്. ഹമാസിന്റെ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടതായി സമാധാന കരാർ നിരീക്ഷിക്കുന്ന യുഎസ് പിന്തുണയുള്ള ബോർഡ് ഓഫ് പീസ് അറിയിച്ചു. പ്രഖ്യാപനങ്ങൾ മാത്രമല്ല, ഹമാസിന്റെ തുടർനടപടികളാണ് നിർണായകമെന്നും ഗാസയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും സമിതി വ്യക്തമാക്കി.

ഗവൺമെന്റ് എമർജൻസി കമ്മിറ്റി തലവൻ രാജിവച്ചതും സമിതി പിരിച്ചുവിട്ടതും ഭരണമാറ്റം സുഗമമാക്കാനാണെന്ന് ഹമാസ് ഗവൺമെന്റ് മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മായിൽ അൽതവാബ്ത പറഞ്ഞു. യുഎസ് പിന്തുണയുള്ള നാഷനൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗാസ ഭരണമേറ്റെടുക്കാൻ തയ്യാറാണെന്നും അതിന്റെ തലവൻ അലി ഷാത്ത് അറിയിച്ചു. എന്നാൽ അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും ഗാസയിൽ ഏകീകൃത ഭരണസംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സമാധാന പദ്ധതിപ്രകാരം ഹമാസ് ആയുധം താഴെവെച്ചാൽ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിന്മാറണമെന്നാണ് വ്യവസ്ഥ. എന്നാൽ വെടിനിർത്തൽ നിലനിൽക്കുന്നതിനിടെയും ഇസ്രയേൽ ആക്രമണം തുടരുകയാണെന്ന് ഹമാസ് ആരോപിച്ചു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. സുരക്ഷാ ഭീഷണികൾ തടയാനാണ് നടപടികളെന്ന് ഇസ്രയേൽ വിശദീകരിക്കുന്നുണ്ടെങ്കിലും, ഹമാസിന്റെ പുതിയ പ്രഖ്യാപനത്തോട് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.