ടെല്‍ അവീവ്: ഗാസയില്‍ നിന്നുള്ള ബന്ദിയുടേത് എന്നു കരുതുന്നയാളുടെ മൃതദേഹം ഹമാസ് വെള്ളിയാഴ്ച രാത്രി ഇസ്രായേല്‍ സുരക്ഷാസേനയ്ക്ക് കൈമാറി. റെഡ് ക്രോസ് മുഖേനയാണ് മൃതദേഹം കൈമാറിയത്.
ശവപ്പെട്ടി പിന്നീട് ഇസ്രായേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് കൊണ്ടുവന്ന് മൃതദേഹം തിരിച്ചരിയുന്നതിനായി ടെല്‍ അവീവിലെ അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാറ്റി.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ കണ്ടെത്തിയ ഒരു തടവുകാരന്റെ മൃതദേഹം തിരികെ നല്‍കുമെന്ന് ഹമാസ് വെള്ളിയാഴ്ച നേരത്തെ അറിയിച്ചിരുന്നു. അതിനുമുമ്പ് ഹമാസിന്റെ കൂട്ടാളിയായ പസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (PIJ) ഒരു തടവുകാരന്റെ മൃതദേഹം കൈമാറുമെന്ന് അറിയിച്ചിരുന്നു. ആദ്യം പി ഐ ജെയുടെ കയ്യിലായിരുന്ന മൃതദേഹം പിന്നീട് ഹമാസ് ഏറ്റെടുത്ത് റെഡ് ക്രോസിന് കൈമാറിയതാണെന്നാണ് വിവരം.
വെള്ളിയാഴ്ചവരെ ഗാസയില്‍ ഇസ്രായേല്‍ തടവുകാരുടെ ആറു മൃതദേഹങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
2014ലെ ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ലഫ്. ഹദാര്‍ ഗോള്‍ഡിന്റെയും, 2023 ഒക്ടോബര്‍ 7ന് ഹമാസ് നേതൃത്വത്തിലുള്ള ഭീകരര്‍ തെക്കന്‍ ഇസ്രായേലില്‍ കടന്ന് 1,200 പേരെ കൊലപ്പെടുത്തുകയും 251 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
അവരില്‍ 73 വയസ്സുള്ള മെനി ഗോഡാര്‍ഡ്, ഭാര്യ അയലറ്റ് എന്നിവരെ കിബ്ബൂട്ട്‌സ് ബെ'എറിയില്‍ ഇസ്ലാമിക് ജിഹാദ് ഭീകരര്‍ കൊലപ്പെടുത്തിയതാണ്. 24 കാരനായ മാസ്റ്റര്‍ സാര്‍ജന്റ് റാന്‍ ഗ്‌വിളി കിബ്ബൂട്ട്‌സ് അലുമിമില്‍ ഹമാസ് ഭീകരരോട് പോരാടുന്നതിനിടെയാണ് കൊല്ലപ്പെട്ടത് 48 കാരനായ ഡ്രോര്‍ ഓര്‍ തന്റെ കിബ്ബൂട്ട്‌സ് ബെ'എറിയിലെ വീട്ടില്‍ ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 43 കാരനായ കാര്‍ഷിക തൊഴിലാളി സുധ്തിസാക് റിന്തലാക് ബെ'എറിയില്‍ കൊല്ലപ്പെട്ടു. 61 കാരനായ ലിയോര്‍ റുഡാഫ് കിബ്ബൂട്ട്‌സ് നിര യിത്സാക്കിന് സമീപം ഹമാസ് ഭീകരരെ നേരിടുന്നതിനിടെ വെടിയേറ്റ് മരിച്ചതാണ്.
ഒക്ടോബര്‍ 9ന് ഇസ്രായേലുമായി ഉണ്ടായ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് അവസാന 20 ജീവനുള്ള തടവുകാരെയും 22 മരണപ്പെട്ട തടവുകാരുടെയും മൃതദേഹങ്ങളും വിട്ടുകൊടുത്തിരുന്നു.
അതേസമയം, ഹമാസ് ചിലപ്പോള്‍ തടവുകാരല്ലാത്തവരുടെയും അവശിഷ്ടങ്ങളും തിരിച്ചുനല്‍കിയിട്ടുണ്ട്. ഒരു കേസില്‍, ഡിസംബര്‍ 2023ല്‍ ഇസ്രായേല്‍ സൈന്യം ഭാഗികമായി തിരിച്ചെടുത്ത തടവുകാരന്റെ മൃതദേഹം വീണ്ടും തിരികെ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഒരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇസ്രയേലിന് കൈമാറി ; തിരിച്ചറിയലിനായി കാത്തിരിക്കുന്നത് 6 മൃതദേഹങ്ങള്‍
