ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകനെ വധിക്കാന്‍ ഇസ്രയേല്‍ ആക്രമണം; രക്ഷപ്പെട്ടതായി ഹമാസ്

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകനെ വധിക്കാന്‍ ഇസ്രയേല്‍ ആക്രമണം; രക്ഷപ്പെട്ടതായി ഹമാസ്


ഗാസയില്‍ വ്യോമാക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമ്പോഴും ആക്രമണം തുടരുന്നു; വിവിധയിടങ്ങളിലായി ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഹമാസ് രാഷ്ട്രീയകാര്യ സമിതി മേധാവി ഖലീല്‍ അല്‍ ഹയ്യയുടെ ജീവിച്ചിരിക്കുന്ന ഇളയ മകനെ വധിക്കാന്‍ ഇസ്രയേല്‍ ശ്രമം നടത്തിയതായി ഹമാസ് ആരോപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഗാസ സിറ്റിയിലെ റിമാല്‍ മേഖലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മകന്‍ ഇസ് അല്‍ ദിന്‍ അല്‍ ഹയ്യ ലക്ഷ്യമായിരുന്നുവെന്നും ആക്രമണത്തില്‍നിന്ന് അദ്ദേഹം രക്ഷപ്പെട്ടെന്നും ഹമാസ് അറിയിച്ചു.

ഗാസ സിറ്റിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ജനവാസ കേന്ദ്രത്തിലുള്ള അപ്പാര്‍ട്ട്‌മെന്റിന് നേരെയായിരുന്നു ആക്രമണം. ഇസ് അല്‍ ദിന്‍ കുടുംബാംഗങ്ങള്‍ക്കും കൊല്ലപ്പെട്ട സഹോദരന്‍ അസാമിന്റെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം താമസിച്ചിരുന്ന സ്ഥലത്താണ് ആക്രമണമുണ്ടായതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ സുരക്ഷാ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം ബാസിം നഈം ആക്രമണത്തെ അപലപിച്ചു. ഇതിനെ ഭരണകൂട ഭീകരതയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വധശ്രമം ഭീരുത്വപരമായ നടപടിയാണെന്ന് ഹമാസും പ്രസ്താവനയില്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഇസ്രയേല്‍ സൈന്യം എഎഫ്പിയോട് പ്രതികരിച്ചു.

ഖലീല്‍ അല്‍ ഹയ്യയുടെ കുടുംബത്തിന് നേരെ മുമ്പും ഇസ്രയേല്‍ ആക്രമണങ്ങളില്‍ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നാല് ആണ്‍മക്കള്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഗാസ യുദ്ധത്തിന് മുമ്പ് രണ്ടുപേരും പിന്നീട് രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. 2025 മേയില്‍ ഒരാളും അതേ വര്‍ഷം സെപ്റ്റംബറില്‍ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടു.

വിവിധയിടങ്ങളില്‍ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു

അതിനിടെ വെള്ളിയാഴ്ച ഗാസയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. റഫയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേരും ജബാലിയ അഭയാര്‍ഥി ക്യാമ്പിന് സമീപമുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപം രണ്ടുപേരും റഫ മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരാളും മരിച്ചതായാണ് റിപ്പോര്‍ട്ട്.

വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഭീകരരെയാണ് ലക്ഷ്യമിട്ടതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. അല്‍ ഷിഫ ആശുപത്രിക്കോ സമീപത്തെ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്നും സൈന്യം അവകാശപ്പെട്ടു.

2025 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം രണ്ടുവര്‍ഷം നീണ്ട ഗാസ യുദ്ധത്തിന് താല്‍ക്കാലിക വിരാമമായെങ്കിലും ആക്രമണങ്ങളും സംഘര്‍ഷങ്ങളും തുടരുകയാണ്. കരാര്‍ ലംഘിച്ചെന്ന് ഇസ്രയേലും ഹമാസും പരസ്പരം ആരോപിക്കുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനുശേഷം 1,650ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ കാലയളവില്‍ ഏഴ് സൈനികരും ഒരു സിവിലിയന്‍ കരാര്‍ ജീവനക്കാരനും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും അറിയിച്ചു.