എന്‍ ആര്‍ ഐകളില്‍ പകുതി പേര്‍ തൊഴില്‍സ്ഥലത്ത് വര്‍ണവിവേചനവും പ്രാദേശികതയും നേരിടുന്നുവെന്ന് പഠനം

എന്‍ ആര്‍ ഐകളില്‍ പകുതി പേര്‍ തൊഴില്‍സ്ഥലത്ത് വര്‍ണവിവേചനവും പ്രാദേശികതയും നേരിടുന്നുവെന്ന് പഠനം


ന്യൂയോര്‍ക്ക്: വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജരില്‍ പകുതിയോളം പേര്‍ തൊഴില്‍ സ്ഥലത്ത് വര്‍ണ വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് തൊഴിലിട കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം 'ബ്ലൈന്റ്' നടത്തിയ സര്‍വേ.

'ഇന്ത്യക്കാര്‍ക്കെതിരായ വര്‍ണവിവേചനം യാഥാര്‍ഥ്യമോ ഊതിവീര്‍പ്പിച്ചതോ?' എന്ന തലക്കെട്ടില്‍ ബ്ലൈന്റില്‍ പോസ്റ്റ് ചെയ്ത സര്‍വേയില്‍ ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്നതും സ്വയം ഇന്ത്യക്കാരെന്നു തിരിച്ചറിഞ്ഞതുമായ 1,087 എന്‍ ആര്‍ ഐകളില്‍ നിന്നാണ് പ്രതികരണങ്ങള്‍ ലഭിച്ചത്.

പഠനം കണ്ടെത്തിയത് എന്‍ ആര്‍ ഐ തൊഴിലാളികളില്‍ 44 ശതമാനം പേര്‍ വര്‍ണവിവേചനത്തെ തുടര്‍ന്ന് അന്യായമായ പെരുമാറ്റം നേരിട്ടിട്ടുണ്ടെന്നാണ്.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്‍ട്യൂട്ട് തുടങ്ങിയ പ്രധാന ടെക് ഭീമന്‍ സ്ഥാപനങ്ങളിലാണ് വര്‍ണവിവേചനത്തെ കുറിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഏറ്റവും ശക്തമായി ഉയര്‍ന്നത്. ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 50 ശതമാനത്തിലധികം ജീവനക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ശേഷിക്കുന്നവരില്‍ 26 ശതമാനം പക്ഷപാതം ഉണ്ടെന്ന് സമ്മതിച്ചെങ്കിലും അത് കരിയറില്‍ വലിയ സ്വാധീനമുണ്ടാക്കില്ലെന്ന് പറഞ്ഞു; 30 ശതമാനം പേര്‍ ഈ പ്രശ്‌നം അതിരൂക്ഷമാക്കപ്പെട്ടതോ ഇല്ലാത്തതോ ആണെന്ന് നിഷേധിച്ചു.

ഈ ആശങ്കാജനകമായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലൈന്റ് എന്‍ ആര്‍ ഐകള്‍ക്ക് പുറം ലോകത്തും ഇന്ത്യയിലും ഇരട്ട വിവേചനമാണ് നേരിടേണ്ടി വരുന്നതെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഐഡന്റിറ്റിക്കെതിരെ ഉണ്ടാകുന്ന വിവേചനത്തിനു പുറമെ ഇന്ത്യയിലെ പ്രാദേശികതയും അവരുടെ തൊഴിലവസരങ്ങളെ സ്വാധീനിക്കുന്നു. വര്‍ണവിവേചനത്തിന് പിന്നാലെ ഏറ്റവും സാധാരണമായ വിവേചനമായി പ്രാദേശികതയാണ്  കണ്ടെത്തിയത്. വടക്കേ ഇന്ത്യക്കാരും തെക്കേ ഇന്ത്യക്കാരും തമ്മിലുള്ള മുന്‍വിധികള്‍ ജീവനക്കാര്‍ വ്യാപകമായി ചൂണ്ടിക്കാട്ടി.

പ്രായം, ലിംഗം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

പ്രതികരണം നടത്തിയവരില്‍ 44 ശതമാനം പേര്‍ക്ക് അവരുടെ പ്രകടന വിലയിരുത്തലുകളിലും പ്രമോഷനുകളിലും പ്രതികൂല സ്വാധീനമുണ്ടായതായി കണ്ടെത്തി. 21 ശതമാനം പേര്‍ സാമൂഹികമായ ഒറ്റപ്പെടുത്തലും അനുഭവിച്ചതായി അറിയിച്ചു.

അതോടൊപ്പം കേവലം ഒരു ശതമാനം പേര്‍ മാത്രമാണ് ഔദ്യോഗികമായി പരാതി നല്‍കിയത്. ആറ് ശതമാനം എച്ച് ആര്‍/ മാനേജ്മെന്റിനെ സമീപിച്ചു, 21 ശതമാനം കമ്പനി വിടാനാണ് തീരുമാനിച്ചത്. എന്നാല്‍ 72 ശതമാനം പേരും ഒന്നും ചെയ്യാതെ നിശ്ശബ്ദമായി സഹിക്കുകയായിരുന്നു. 

കാര്യങ്ങള്‍ പറഞ്ഞെങ്കിലും 20 ശതമാനം പേര്‍ക്ക് മാത്രമേ മാറ്റമുണ്ടായിട്ടുള്ളു. 80 ശതമാനം പേരും പ്രശ്‌നത്തില്‍ മാറ്റമില്ലെന്നും കൂടുതല്‍ മോശമായെന്നും പറഞ്ഞു.