മനില: ഫിലിപ്പീൻസ് സെനറ്റ് സമുച്ചയത്തിൽ ബുധനാഴ്ച വെടിവെപ്പ് ശബ്ദം കേട്ടതോടെ വലിയ പരിഭ്രാന്തി പരന്നു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആളുകളോട് സുരക്ഷയ്ക്കായി മറവിടങ്ങളിലേക്ക് ഓടാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി. തുടക്കത്തിൽ അഞ്ച് വെടിയൊച്ചകൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞെങ്കിലും പിന്നീട് ഡസനിലേറെ വെടിയൊച്ചകൾ കേട്ടതായാണ് റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറന്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ സെനറ്റിൽ അഭയം തേടിയ മുൻ പൊലീസ് മേധാവിയും സെനറ്ററുമായ റൊണാൾഡ് ഡെല റോസ സംഭവസമയത്ത് സെനറ്റ് സമുച്ചയത്തിനുള്ളിൽ തുടരുകയായിരുന്നു. നിലവിൽ സെനറ്റിന്റെ സംരക്ഷണ കസ്റ്റഡിയിലാണ് ഡെല റോസ ഉള്ളത്.
മുൻ പ്രസിഡന്റ് റോഡ്രിഗോ ദുതർത്തെയുടെ മയക്കുമരുന്ന് വിരുദ്ധ യുദ്ധത്തിന്റെ പ്രധാന ചുമതലക്കാരനായിരുന്നു ഡെല റോസ. 2016 മുതൽ 2018 വരെ ദേശീയ പൊലീസ് മേധാവിയായിരിക്കെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 'മനുഷ്യത്വ വിരുദ്ധ കുറ്റങ്ങൾ' ചുമത്തിയാണ് ഐസിസി നടപടി ആരംഭിച്ചത്. 32 പേരുടെ കൊലപാതകത്തിൽ ഡെല റോസയ്ക്ക് നേരിട്ടുള്ള പങ്കുണ്ടെന്നാണ് ആരോപണം. ആയിരക്കണക്കിന് മയക്കുമരുന്ന് കേസ് പ്രതികൾ വിചാരണ കൂടാതെയാണ് കൊല്ലപ്പെട്ടതെന്ന ആരോപണവും ഉയരുന്നുണ്ട്.
ഡെല റോസയെ അറസ്റ്റ് ചെയ്യാൻ ദേശീയ അന്വേഷണ ബ്യൂറോയുടെ നേതൃത്വത്തിലുള്ള സുരക്ഷാസേന ശ്രമം നടത്തിയതോടെയാണ് പാർലമെന്റിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ ഡെല റോസ സെനറ്റ് കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറുന്നതും പടിക്കെട്ടിൽ തെന്നിവീഴുന്നതും കാണാമായിരുന്നു. പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായില്ലെന്ന് പൊലീസ് അറിയിച്ചു.
സെനറ്റിനുള്ളിൽ നിന്നുള്ള ഫേസ്ബുക്ക് ലൈവ് പ്രസംഗത്തിൽ ഡെല റോസ, 'എന്നെ ബലമായി ഹേഗിലേക്ക് കൊണ്ടുപോകാനാണ് ശ്രമം' എന്ന് ആരോപിച്ചു. മയക്കുമരുന്ന് വിരുദ്ധ യുദ്ധം നയിച്ചതുകൊണ്ടു മാത്രം ആളുകളെ കൊല്ലാൻ ഉദ്ദേശിച്ചുവെന്നർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല റോസയുടെ അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. കോടതി തീരുമാനം വരുന്നതുവരെ സെനറ്റിന് മുന്നിൽ പിന്തുണക്കാർ കാവൽ നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 'ഹേഗിലേക്ക് കൊണ്ടുപോകുന്നത് തടയാൻ കഴിയുന്നതെല്ലാം ചെയ്യും' എന്നും ഡെല റോസ വ്യക്തമാക്കി.
അതേസമയം, മുൻ പ്രസിഡന്റ് ദുതർത്തെ മാർച്ചുമുതൽ ഹേഗിലെ ഐസിസി കസ്റ്റഡിയിൽ തുടരുകയാണ്. 2011 മുതൽ 2019 വരെ നടന്ന കൊലപാതകങ്ങളിൽ സഹപ്രതിയെന്ന നിലയിലാണ് അദ്ദേഹത്തിനെതിരെയും അന്വേഷണം പുരോഗമിക്കുന്നത്.
ഫിലിപ്പീൻസ് സെനറ്റിൽ വെടിവെപ്പ്; പരിഭ്രാന്തി; ഐസിസി അറസ്റ്റ് വാറന്റ് നേരിടുന്ന സെനറ്റർ ഡെല റോസ ഒളിവിൽ
