ആക്രമണം പൂർണമായി അവസാനിപ്പിച്ചാൽ മാത്രമേ ഗാസയ്ക്ക് രാഷ്ട്രീയ പരിഹാരമുള്ളൂ; നിലപാട് കടുപ്പിച്ച് ഹമാസ്

ആക്രമണം പൂർണമായി അവസാനിപ്പിച്ചാൽ മാത്രമേ ഗാസയ്ക്ക് രാഷ്ട്രീയ പരിഹാരമുള്ളൂ; നിലപാട് കടുപ്പിച്ച് ഹമാസ്


ഗാസ: ഗാസയുടെ ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ആക്രമണം പൂർണമായി അവസാനിപ്പിച്ചാൽ മാത്രമേ ഏതൊരു രാഷ്ട്രീയ ക്രമീകരണവും സാധ്യമാകൂവെന്ന് വ്യക്തമാക്കി ഹമാസ്. വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കിയത്.

ഗാസാ മേഖലയിൽ നടക്കുന്ന എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണം, ഉപരോധം പൂർണമായി പിൻവലിക്കണം, കൂടാതെ പലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കണം. പ്രത്യേകിച്ച് സ്വാതന്ത്ര്യവും സ്വയംനിർണയാവകാശവും അംഗീകരിക്കപ്പെടണമെന്നതാണ് തങ്ങളുടെ ആവശ്യങ്ങളെന്ന് ഹമാസ് അറിയിച്ചു.

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നാലുമാസത്തിലേറെയായി നിലനിൽക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന. എന്നാൽ ഈ കാലയളവിൽ തന്നെ ഇസ്രായേൽ സൈനികാക്രമണങ്ങളിൽ കുറഞ്ഞത് 601 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഗാസ പുനർനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' വാഷിംഗ്ടണിൽ ആദ്യയോഗം ചേർന്നു. ഗാസ പുനർനിർമാണത്തിനായി വിവിധ രാജ്യങ്ങൾ ധനസഹായവും മനുഷ്യവിഭവശേഷിയും നൽകുമെന്ന് യോഗത്തിൽ അറിയിച്ചു.

യോഗത്തിൽ സംസാരിച്ച ട്രംപ്, ഗാസയ്ക്ക് സഹായം നൽകുമെന്നും അവിടുത്തെ അവസ്ഥ മെച്ചപ്പെടുത്തി സമാധാനപരമായ ഭാവി ഒരുക്കുമെന്നും വ്യക്തമാക്കി. ദീർഘകാലം യുദ്ധവും വേദനയും അനുഭവിച്ച മേഖലയിലേക്ക് സ്ഥിരസമാധാനം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

അതേസമയം, ഗാസ പുനർനിർമാണത്തിന് മുൻപ് ഹമാസ് ആയുധനിരായുധീകരണം നടത്തണമെന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹു. ഗാസയെ സൈനികവൽക്കരണം ഒഴിവാക്കാതെ പുനർനിർമാണം നടക്കില്ലെന്ന നിലപാട് അമേരിക്കയുമായി പങ്കുവച്ചതായി നെതന്യാഹു വ്യക്തമാക്കി.

ബോർഡ് ഓഫ് പീസ് യോഗത്തിൽ ഇസ്രായേലിനെ പ്രതിനിധീകരിച്ച വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ, ഹമാസ് ആയുധങ്ങൾ ഒഴിയണമെന്നും ഗാസയിൽ അടിസ്ഥാനപരമായ 'ഡീറാഡിക്കലൈസേഷൻ' പ്രക്രിയ വേണമെന്നും ആവശ്യപ്പെട്ടു.

ഗാസയുടെ ഭാവിയെക്കുറിച്ചുള്ള നിലപാടുകളിൽ ഇരു പക്ഷങ്ങളും കടുത്ത വ്യത്യാസം നിലനിറുത്തുന്നതിനാൽ, രാഷ്ട്രീയ പരിഹാരത്തിലേക്ക് നീങ്ങുന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.