'ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ നിയന്ത്രണത്തിലാകണം'; ട്രംപിന്റെ ആവശ്യം തള്ളി ഡെന്‍മാര്‍ക്ക്

'ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ നിയന്ത്രണത്തിലാകണം'; ട്രംപിന്റെ ആവശ്യം തള്ളി ഡെന്‍മാര്‍ക്ക്


വാഷിംഗ്ടണ്‍/ ഹേഗ്: തന്ത്രപ്രധാനമായ ആര്‍ട്ടിക് മേഖലയിലെ ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ നിയന്ത്രണത്തിലാകണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നേറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കിന്റേതല്ല, അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കണം എന്ന് ട്രംപ് പറഞ്ഞത്.

ഡെന്‍മാര്‍ക്ക് രാജ്യത്തിന്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. ട്രംപിന്റെ പ്രസ്താവന വിവാദം വീണ്ടും ആളിക്കത്തിച്ചിരിക്കുകയാണ്. യൂറോപ്യന്‍ സഖ്യകക്ഷികളുമായുള്ള അമേരിക്കയുടെ ബന്ധം ഇതിനകം സമ്മര്‍ദത്തിലായിരിക്കെ പുതിയ പ്രസ്താവന കൂടുതല്‍ നയതന്ത്ര സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് അതീവ തന്ത്രപ്രധാനമാണെന്നും ഈ വിഷയത്തില്‍ തന്റെ നിലപാട് നേറ്റോയുമായുള്ള ബന്ധത്തെ ബാധിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

ഗ്രീന്‍ലാന്‍ഡ് ഡെന്‍മാര്‍ക്കിന് പ്രത്യേക പ്രയോജനമൊന്നും ചെയ്യുന്നില്ല. ഗ്രീന്‍ലാന്‍ഡിന്റെ വികസനത്തിനായി ഡെന്‍മാര്‍ക്ക് വേണ്ടത്ര ചെലവഴിക്കുന്നില്ല. എന്നാല്‍ അമേരിക്കയ്ക്ക് അത് അതീവ പ്രധാനപ്പെട്ട മേഖലയാണ്. ചൈനയുടെയും റഷ്യയുടെയും കപ്പലുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണത്. അങ്ങനെ തുടരാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

റഷ്യയെ പ്രതിരോധിക്കാന്‍ അമേരിക്ക ഡെന്‍മാര്‍ക്കിനും യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും വന്‍തോതില്‍ സഹായം നല്‍കിയിട്ടുണ്ടെന്നും എന്നിട്ടും ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അവര്‍ അമേരിക്കയുടെ നിലപാടിനോട് യോജിച്ചില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപിന്റെ പ്രസ്താവന ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്‍ ശക്തമായി തള്ളി. ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരത്തില്‍ മാറ്റമുണ്ടാകില്ലെന്നും ഈ വിഷയം നേറ്റോ ഉച്ചകോടിയിലെ ചര്‍ച്ചാ വിഷയമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അത് ഒരിക്കലും സംഭവിക്കില്ല എന്നതും എല്ലാവര്‍ക്കും വ്യക്തമായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് ഫ്രെഡറിക്സന്‍ പറഞ്ഞു.

ഗ്രീന്‍ലാന്‍ഡിന്റെ വിദേശകാര്യ മന്ത്രി മ്യൂട്ടെ എഗെദെയും ട്രംപിന്റെ അഭിപ്രായം തള്ളി. ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കുന്നത് അവിടുത്തെ ജനങ്ങള്‍ മാത്രമായിരിക്കുമെന്നും പുറത്തുനിന്നുള്ള യാതൊരു രാജ്യത്തിനും അതില്‍ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.

സഖ്യരാജ്യങ്ങളുമായുള്ള അടുത്ത ബന്ധം തങ്ങള്‍ തുടരുമെങ്കിലും ഗ്രീന്‍ലാന്‍ഡിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ ഗ്രീന്‍ലാന്‍ഡ് ജനതയുടെ കൈകളിലാണെന്നും എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും എഗെദെ പറഞ്ഞു.