ഗൂഗ്ള്‍ എ ഐ സെര്‍ച്ചില്‍ മാറ്റങ്ങള്‍ വരുത്തി; ഡക്ക്ഡക്ക്ഗോ് ഡൗണ്‍ലോഡുകളില്‍ വന്‍ വര്‍ധന

ഗൂഗ്ള്‍ എ ഐ സെര്‍ച്ചില്‍ മാറ്റങ്ങള്‍ വരുത്തി; ഡക്ക്ഡക്ക്ഗോ് ഡൗണ്‍ലോഡുകളില്‍ വന്‍ വര്‍ധന


ന്യൂയോര്‍ക്ക്: നിര്‍മിത ബുദ്ധി അധിഷ്ഠിത തിരച്ചില്‍ സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്ന ഗൂഗിളിന്റെ പുതിയ നീക്കങ്ങള്‍ക്ക് പിന്നാലെ, സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന സെര്‍ച്ച് എഞ്ചിനായ ഡക്ക്ഡക്ക്ഗോയിലേക്ക് കൂടുതല്‍ ഉപയോക്താക്കള്‍ തിരിയുന്നതായി റിപ്പോര്‍ട്ടുകള്‍.

ഗൂഗിളിന്റെ ഏറ്റവും പുതിയ സെര്‍ച്ച് അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡക്ക്ഡക്ക്ഗോ ആപ്പിന്റെ ഡൗണ്‍ലോഡുകളിലും ഉപയോക്തൃ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ വര്‍ധനയുണ്ടായതായി കമ്പനി അറിയിച്ചു. നിര്‍മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കുന്ന സംഗ്രഹങ്ങള്‍, സംഭാഷണ രീതിയിലുള്ള തിരച്ചില്‍ സംവിധാനങ്ങള്‍, എഐ മോഡ് എന്നിവ ഉള്‍പ്പെടുന്ന പുതിയ സവിശേഷതകളാണ് ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ചത്.

തിരച്ചില്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടത്താന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നാണ് ഗൂഗിളിന്റെ വാദം. എന്നാല്‍ എഐ സൃഷ്ടിക്കുന്ന വിവരങ്ങളുടെ കൃത്യത, വെബ്സൈറ്റുകളിലേക്കുള്ള സന്ദര്‍ശകരുടെ കുറവ്, തിരച്ചില്‍ ഫലങ്ങളില്‍ എഐയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം എന്നിവയെക്കുറിച്ച് ചില ഉപയോക്താക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

വാര്‍ഷിക ഡെവലപ്പര്‍ സമ്മേളനമായ ഗൂഗ്ള്‍ ഐ/ഒയില്‍ സെര്‍ച്ച് സേവനത്തിന്റെ കേന്ദ്രഘടകമായി എഐയെ മാറ്റുന്ന നിരവധി നവീകരണങ്ങളാണ് ഗൂഗാള്‍ പ്രഖ്യാപിച്ചത്. എഐ തയ്യാറാക്കുന്ന ഓവര്‍വ്യൂകള്‍ വിപുലീകരിച്ചതിനൊപ്പം ഉപയോക്താക്കള്‍ക്ക് തുടര്‍ചോദ്യങ്ങള്‍ ചോദിക്കാനും നേരിട്ട് സെര്‍ച്ച് പ്ലാറ്റ്‌ഫോമില്‍ സംഭാഷണം നടത്താനുമുള്ള എഐ മോഡും അവതരിപ്പിച്ചു.

ഉപയോക്താക്കള്‍ക്ക് നിരവധി വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാതെ തന്നെ ആവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. എന്നാല്‍ എഐ അടിസ്ഥാനമാക്കിയുള്ള ഉത്തരങ്ങളില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇതുമൂലം വാര്‍ത്താ സ്ഥാപനങ്ങള്‍ക്കും ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും ലഭിക്കുന്ന ട്രാഫിക് കുറയുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

എഐ സൃഷ്ടിക്കുന്ന ഫലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പഴയ രീതിയിലുള്ള സെര്‍ച്ച് അനുഭവത്തിലേക്ക് മടങ്ങാനുള്ള ലളിതമായ സംവിധാനം ഗൂഗിള്‍ നല്‍കുന്നില്ലെന്നതും ചില ഉപയോക്താക്കളുടെ പരാതിയാണ്.

ഡക്ക്ഡക്ക്ഗോയുടെ കണക്കുകള്‍ പ്രകാരം മെയ് 20 മുതല്‍ 25 വരെ അമേരിക്കയില്‍ ആപ്പ് ഡൗണ്‍ലോഡുകള്‍ ആഴ്ചതോറും ശരാശരി 18.1 ശതമാനം വര്‍ധിച്ചു. മെയ് 25ന് സാധാരണ നിരക്കിനെക്കാള്‍ 30.5 ശതമാനം കൂടുതല്‍ ഇന്‍സ്റ്റാളേഷനുകള്‍ രേഖപ്പെടുത്തി. ഇതേ കാലയളവില്‍ ഐഫോണ്‍ ഡൗണ്‍ലോഡുകള്‍ ശരാശരി 33 ശതമാനം ഉയര്‍ന്നതായും കമ്പനി അറിയിച്ചു.

സ്വതന്ത്ര അനലിറ്റിക്‌സ് സ്ഥാപനമായ ആപ്‌ടോപിയയും സമാനമായ കണ്ടെത്തലുകളാണ് പുറത്തുവിട്ടത്. ഗൂഗിളിന്റെ എഐ സെര്‍ച്ച് അപ്‌ഡേറ്റുകള്‍ വ്യാപക ശ്രദ്ധ നേടാന്‍ തുടങ്ങിയതിന് ശേഷം അമേരിക്കയില്‍ ഡക്ക്ഡക്ക്ഗോയുടെ പ്രതിദിന ഡൗണ്‍ലോഡുകള്‍ ഏകദേശം 29 ശതമാനം വര്‍ധിച്ചതായി സ്ഥാപനം വിലയിരുത്തുന്നു.

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിന്‍ എന്ന നിലയില്‍ ഗൂഗിളിന്റെ ആധിപത്യം തുടരുന്നുണ്ടെങ്കിലും ഒരു വിഭാഗം ഉപയോക്താക്കള്‍ ബദല്‍ സേവനങ്ങള്‍ സജീവമായി അന്വേഷിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എഐ സൃഷ്ടിക്കുന്ന ഫലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കുള്ള ഒരു ബദലായി ഡക്ക്ഡക്ക്ഗോ സ്വയം അവതരിപ്പിക്കുകയാണ്. എഐ തയ്യാറാക്കുന്ന സംഗ്രഹങ്ങളും ചിത്രങ്ങളും ഒഴിവാക്കിയ സെര്‍ച്ച് അനുഭവവും കമ്പനി നല്‍കുന്നുണ്ട്. ഈ എഐ രഹിത പതിപ്പിലേക്കുള്ള ട്രാഫിക്കും സമീപകാലത്ത് വര്‍ധിച്ചതായി കമ്പനി അവകാശപ്പെടുന്നു.

അതേസമയം, എഐ സാങ്കേതികവിദ്യയെ ഡക്ക്ഡക്ക്ഗോ പൂര്‍ണമായി എതിര്‍ക്കുന്നില്ല. ഡക്ക്‌ഡോട്ട്എഐ എന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ്‌ബോട്ടുകളും മറ്റ് എഐ സേവനങ്ങളും ഉപയോഗിക്കാനാകും. എഐ എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്നത് ഉപയോക്താവിന്റെ തെരഞ്ഞെടുപ്പായിരിക്കണമെന്നതാണ് കമ്പനിയുടെ നിലപാട്.

സ്വകാര്യതയാണ് ഡക്ക്ഡക്ക്ഗോയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഉപയോക്താക്കളുടെ സെര്‍ച്ച് ചരിത്രം ശേഖരിക്കില്ലെന്നും വ്യക്തിഗത തിരച്ചില്‍ വിവരങ്ങളോ എഐ സംഭാഷണങ്ങളോ സ്വന്തം സംവിധാനങ്ങളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ഡേറ്റാ ശേഖരണത്തെയും എഐ പരിശീലന രീതികളെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന സേവനങ്ങളിലേക്കുള്ള ഉപയോക്തൃ താത്പര്യവും ഉയരുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യത, സുതാര്യത, ഉപയോക്തൃ സ്വാതന്ത്ര്യം എന്നിവ ഡിജിറ്റല്‍ സേവനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ പ്രധാന ഘടകങ്ങളായി മാറുകയാണെന്നും അവര്‍ വിലയിരുത്തുന്നു.

ഓണ്‍ലൈനില്‍ വിവരങ്ങള്‍ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെ മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ട് ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഓപ്പണ്‍എഐ തുടങ്ങിയ കമ്പനികള്‍ ജനറേറ്റീവ് എഐ സാങ്കേതികവിദ്യകളില്‍ വന്‍ നിക്ഷേപമാണ് നടത്തുന്നത്. വിവരങ്ങള്‍ സംഗ്രഹിച്ച് നേരിട്ട് ഉത്തരങ്ങള്‍ നല്‍കുന്നതിലൂടെ സമയം ലാഭിക്കാമെന്നാണ് എഐ അനുകൂലികളുടെ വാദം.

എന്നാല്‍ എഐ സൃഷ്ടിക്കുന്ന ഉള്ളടക്കം പ്രസാധകരിലേക്കുള്ള ട്രാഫിക് കുറയ്ക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വ്യത്യസ്ത സ്രോതസുകളിലേക്കുള്ള ഉപയോക്തൃ പ്രവേശനം പരിമിതപ്പെടുത്താനുമിടയാക്കുമെന്നാണ് വിമര്‍ശകരുടെ ആശങ്ക.

ഗൂഗിള്‍ തങ്ങളുടെ എഐ പദ്ധതികളില്‍ നിന്ന് പിന്നോട്ടുപോകാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ജെമിനി ഉള്‍പ്പെടെയുള്ള എഐ അധിഷ്ഠിത സെര്‍ച്ച് സംവിധാനങ്ങളില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപം തുടരുകയാണ്. അതേസമയം, സ്വകാര്യതയ്ക്കും ഉപയോക്തൃ നിയന്ത്രണത്തിനും മുന്‍ഗണന നല്‍കുന്ന പരമ്പരാഗത സെര്‍ച്ച് അനുഭവങ്ങള്‍ക്ക് ഇപ്പോഴും ശക്തമായ ആവശ്യകതയുണ്ടെന്ന് ഡക്ക്ഡക്ക്ഗോയുടെ വളര്‍ച്ച സൂചിപ്പിക്കുന്നു.

ഗൂഗിളിന്റെ എഐ മാറ്റങ്ങളോടുള്ള താത്ക്കാലിക പ്രതികരണമാണോ ഡക്ക്ഡക്ക്ഗോയുടെ വളര്‍ച്ച, അതോ ഉപയോക്താക്കളുടെ തിരച്ചില്‍ ശീലങ്ങളില്‍ ദീര്‍ഘകാല മാറ്റത്തിന്റെ തുടക്കമാണോ എന്നത് വരും മാസങ്ങളില്‍ വ്യക്തമാകും.