മസ്‌ക്കത്ത്: ഒമാനില്‍ അമേരിക്കയുമായി നടന്ന ചര്‍ച്ചകള്‍ അനുകൂലമായ അന്തരീക്ഷത്തിലായിരുന്നുവെന്നും തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇരുപക്ഷങ്ങളും സമ്മതിച്ചതായും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി വെള്ളിയാഴ്ച അറിയിച്ചു. ചര്‍ച്ചകളുടെ പരിധി ആണവ വിഷയത്തില്‍ മാത്രമായിരുന്നുവെന്നും മറ്റ് വിഷയങ്ങളൊന്നും അമേരിക്കയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ അനുകൂലമായ അന്തരീക്ഷത്തിലാണ് തങ്ങളുടെ വാദങ്ങള്‍ കൈമാറിയതെന്നും മറുവശത്തിന്റെ നിലപാടുകളും വിശദീകരിക്കപ്പെട്ടുവെന്നും അറാഘ്ചി ഇറാനിയന്‍ സര്‍ക്കാര്‍ ടെലിവിഷനോട് പറഞ്ഞു. തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇരുപക്ഷവും ധാരണയിലെത്തിയതായും എന്നാല്‍ അതിന്റെ രൂപരേഖയും സമയക്രമവും പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക ആക്രമണങ്ങള്‍ക്ക് ശേഷം വര്‍ധിച്ച സംഘര്‍ഷാവസ്ഥയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പിണക്കം കുറയുന്നതിന്റെ സൂചനയായാണ് ഈ ചര്‍ച്ചകളെ വിലയിരുത്തുന്നത്.
ഉയര്‍ന്ന സംഘര്‍ഷ കാലയളവില്‍ ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ടെഹ്‌റാനെതിരെ പലതവണ സൈനിക ആക്രമണ ഭീഷണി ഉയര്‍ത്തിയിരുന്നു.
ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും പങ്കെടുത്ത ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ അറാഘ്ചി ചര്‍ച്ചകള്‍ തുടരുമെന്നതില്‍ ഇരുപക്ഷങ്ങളും ധാരണയിലെത്തിയതായും അടുത്ത യോഗത്തിന്റെ തിയ്യതിയും സ്ഥലവും അടുത്ത ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും അറിയിച്ചു.
ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥനായി പ്രവര്‍ത്തിച്ച ഒമാന്‍ ഇറാനും അമേരിക്കയും സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തതയോടെ മനസ്സിലാക്കാനും പുരോഗതിക്ക് സാധ്യതയുള്ള മേഖലകള്‍ തിരിച്ചറിയാനും ഈ ചര്‍ച്ചകള്‍ സഹായകമായതായി വ്യക്തമാക്കി.
മസ്‌കറ്റില്‍ ഇറാനും അമേരിക്കയും തമ്മില്‍ നടന്ന അതീവ ഗൗരവമേറിയ മധ്യസ്ഥ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും ചിന്താധാരകള്‍ വ്യക്തമാക്കാനും പുരോഗതിക്ക് സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താനും സഹായകമായതായും ഉചിതമായ സമയത്ത് വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും ഫലങ്ങള്‍ ടെഹ്‌റാനിലും വാഷിംഗ്ടണിലും സൂക്ഷ്മമായി വിലയിരുത്തുമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
